ന്യൂയോർക്ക്: ശാസ്ത്രസാങ്കേതിക വിദ്യകളും ഭൗതികവാദവും കൊടികുത്തി വാഴുന്ന പാശ്ചാത്യ രാജ്യങ്ങളിൽ പുതിയൊരു ആത്മീയ വിപ്ലവം ദൃശ്യമാകുന്നു. കഴിഞ്ഞ ആറ് വർഷത്തിനിടയിൽ ബ്രിട്ടനിലും അമേരിക്കയിലും വിശുദ്ധ ബൈബിളിന്റെ വിൽപനയിൽ വിസ്മയിപ്പിക്കുന്ന വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഡിജിറ്റൽ യുഗത്തിന്റെ അതിപ്രസരത്തിലും അച്ചടിച്ച ബൈബിളുകൾ തേടി യുവതലമുറ കൂട്ടത്തോടെ എത്തുന്നത് വിപണി നിരീക്ഷകരെപ്പോലും അത്ഭുതപ്പെടുത്തുകയാണ്.
ബ്രിട്ടനിലെ പ്രമുഖ ക്രൈസ്തവ പ്രസാധകരായ എസ്പിസികെ ഗ്രൂപ്പ് പുറത്തുവിട്ട പുതിയ കണക്കുകൾ പ്രകാരം 2019 ൽ 2.69 ദശലക്ഷം പൗണ്ടായിരുന്ന ബൈബിൾ വിപണി 2025-ൽ 6.3 ദശലക്ഷം പൗണ്ടായി ഉയർന്നു. വിൽപ്പനയിൽ മാത്രം 106 ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടെ മാത്രം വിപണിയിലുണ്ടായത് 28 ശതമാനത്തിന്റെ കുതിച്ചുചാട്ടമാണ്.
അമേരിക്കൻ വിപണിയിലും സമാനമായ കുതിച്ചുചാട്ടമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സിർക്കാന ബുക്ക്സ്കാനിന്റെ കണക്കനുസരിച്ച് 2025ൽ മാത്രം ഏകദേശം 1.9 കോടി ബൈബിളുകൾ അമേരിക്കയിൽ വിറ്റഴിക്കപ്പെട്ടു. കഴിഞ്ഞ 21 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. പൊതുവായ പുസ്തക വിപണി മന്ദഗതിയിലായിരിക്കുമ്പോഴാണ് ബൈബിൾ വിൽപ്പനയിൽ 22 ശതമാനം വാർഷിക വളർച്ച രേഖപ്പെടുത്തുന്നത്.
ഈ ആത്മീയ മാറ്റത്തിന്റെ പ്രധാന ചാലകശക്തി 18 നും 34 നും ഇടയിൽ പ്രായമുള്ള യുവതലമുറയാണെന്നതാണ് ഏറ്റവും ശ്രദ്ധേയമായ വസ്തുത. സ്മാർട്ട്ഫോൺ സ്ക്രീനുകളിൽ നിന്ന് മാറി പ്രിന്റ് ചെയ്ത പുസ്തകങ്ങൾ വായിക്കാനുള്ള താല്പര്യം യുവാക്കൾക്കിടയിൽ വർധിച്ചു വരുന്നു. ആഗോള രാഷ്ട്രീയ അസ്ഥിരതകളും യുദ്ധഭീഷണികളും മാനസിക സമ്മർദ്ദങ്ങളും നിലനിൽക്കുന്ന സാഹചര്യത്തിൽ, സമാധാനവും ജീവിത ലക്ഷ്യവും തേടി യുവാക്കൾ ബൈബിളിലേക്ക് തിരിയുന്നു എന്നാണ് വിലയിരുത്തപ്പെടുന്നത്.
ലളിതമായ ഇംഗ്ലീഷ് പരിഭാഷകളും വിശദമായ കുറിപ്പുകളോടു കൂടിയ ‘സ്റ്റഡി ബൈബിളുകളുമാണ്’ വിപണിയിൽ കൂടുതൽ വിറ്റഴിക്കപ്പെടുന്നത്. ഭൗതികവാദത്തിന് പ്രാധാന്യം നൽകിയിരുന്ന പാശ്ചാത്യ സമൂഹത്തിൽ ആത്മീയ ഗ്രന്ഥങ്ങൾക്ക് ലഭിക്കുന്ന ഈ സ്വീകാര്യത വരും വർഷങ്ങളിൽ വലിയ സാമൂഹിക മാറ്റങ്ങൾക്ക് വഴിവെക്കുമെന്നാണ് കരുതപ്പെടുന്നത്. ലോകത്തുണ്ടാകുന്ന വലിയ മാറ്റങ്ങൾക്കിടയിൽ ശാശ്വത മൂല്യങ്ങൾക്കായി മനുഷ്യൻ വിശുദ്ധ ഗ്രന്ഥങ്ങളെ ആശ്രയിക്കുന്നു എന്നതിന്റെ വ്യക്തമായ സൂചനയാണിത്.