തമിഴക രാഷ്ട്രീയത്തില്‍ വഴിത്തിരിവ്: ജയലളിതയുടെ വിശ്വസ്തനായിരുന്ന ഒ. പനീര്‍ സെല്‍വം ഡിഎംകെയില്‍ ചേര്‍ന്നു

തമിഴക രാഷ്ട്രീയത്തില്‍  വഴിത്തിരിവ്: ജയലളിതയുടെ വിശ്വസ്തനായിരുന്ന ഒ. പനീര്‍ സെല്‍വം ഡിഎംകെയില്‍ ചേര്‍ന്നു

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും അണ്ണാ ഡിഎംകെ മുതിര്‍ന്ന നേതാവുമായിരുന്ന ഒ. പനീര്‍ സെല്‍വം (ഒപിഎസ്) ഡിഎംകെയില്‍ ചേര്‍ന്നു.

ഡിഎംകെ ആസ്ഥാനത്തെത്തിയാണ് അംഗത്വം സ്വീകരിച്ചത്. മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ പനീര്‍ സെല്‍വത്തെ സ്വീകരിച്ചു. അടുത്തിടെ പാര്‍ട്ടി വിടുന്ന എഐഎഡിഎംകെയുടെ നാലാമത്തെ നേതാവാണ് പനീര്‍ സെല്‍വം.

പനീര്‍ സെല്‍വത്തിന്റെ വിശ്വസ്തനായ പി. അയ്യപ്പന്‍ എംഎല്‍എ കഴിഞ്ഞയാഴ്ച മുഖ്യമന്ത്രി സ്റ്റാലിനെ പരസ്യമായി പ്രശംസിച്ചതോടെ അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു.

തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ വിശ്വസ്തനായിരുന്ന പനീര്‍ സെല്‍വം, എടപ്പാടി കെ. പളനി സ്വാമിയുമായുള്ള കടുത്ത അധികാര തര്‍ക്കത്തെ തുടര്‍ന്ന് 2022 ലാണ് എഐഎഡിഎംകെയില്‍ നിന്ന് പുറത്താക്കപ്പെട്ടത്.

പിന്നീട് ബിജെപിയുടെ സഹായത്തോടെ എഐഎഡിഎംകെയില്‍ തിരിച്ചെത്താനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെയാണ് പനീര്‍ സെല്‍വത്തിന്റെ പാര്‍ട്ടി മാറ്റം. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ അടിയുറച്ച എഐഎഡിഎംകെക്കാരനായ പനീര്‍ സെല്‍വത്തെ പാര്‍ട്ടിയില്‍ ഉള്‍പ്പെടുത്തിയത് ഡിഎംകെയ്ക്ക് രാഷ്ട്രീയമായ മുന്‍തൂക്കം നല്‍കുമെന്നാണ് വിലയിരുത്തല്‍.

എടപ്പാടി ഏകാധിപതിയാണെന്നും അഹങ്കാരിയാണെന്നും പനീര്‍ സെല്‍വം പറഞ്ഞു. നിയമസഭാ തിതരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് വിജയിക്കാന്‍ കഴിയാത്ത സാഹചര്യം പളനിസാമി ഉണ്ടാക്കി. സ്റ്റാലിനുമായി നടത്തിയ കൂടിക്കാഴ്ചക്ക് പിന്നാലെ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദേഹം.

സ്റ്റാലിന് നന്ദി പറഞ്ഞ പനീര്‍ സെല്‍വം തന്റെ കയ്പ്പേറിയ അനുഭവങ്ങള്‍ക്ക് വിരാമമിടാനാണ് ഇത്തരമൊരു തീരുമാനമെടുക്കാന്‍ നിര്‍ബന്ധിതനായതെന്നും വ്യക്തമാക്കി. പാര്‍ട്ടി ശക്തിപ്പെടുത്തുന്നതിനായി ഡിഎംകെയ്ക്ക് വേണ്ടി തുടര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും പനീര്‍ ശെല്‍വം പറഞ്ഞു.

ജയലളിതയ്ക്ക് മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കേണ്ടി വന്നപ്പോള്‍ അവര്‍ക്ക് വേണ്ടി നിലകൊള്ളാന്‍ രണ്ട് തവണ ജയലളിത തിരഞ്ഞെടുത്തതും മൂന്ന് തവണ എഐഎഡിഎംകെ മുഖ്യമന്ത്രിയായ വ്യക്തിയുമാണ് പനീര്‍ സെല്‍വം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.