ന്യൂഡല്‍ഹി: പശ്ചിമേഷ്യയിലെ യുദ്ധം ഇന്ത്യയുടെ ഊര്‍ജ സുരക്ഷയെ ഗുരുതരമായി ബാധിക്കുമെന്ന് ലോക്‌സഭയില്‍ രാഹുല്‍ ഗാന്ധി. ഇന്ത്യ എവിടെ നിന്ന് എണ്ണ വാങ്ങണമെന്ന് തീരുമാനിക്കാന്‍ അമേരിക്കയ്ക്ക് എന്ത് അധികാരമാണുള്ളതെന്ന് ചോദിച്ച പ്രതിപക്ഷ നേതാവ് എല്‍പിജി വിതരണത്തെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ വലിയ പരിഭ്രാന്തിയുണ്ടെന്നും വ്യക്തമാക്കി.
പെട്രോളിയം മന്ത്രി ഹര്‍ദ്ദീപ് സിങ് പുരി അമേരിക്കയിലെ വിവാദ ലൈംഗിക ചൂഷകന്‍ ജെഫ്രി എപ്സ്റ്റീന്റെ സുഹൃത്താണെന്ന് അദേഹം തന്നെ സമ്മതിച്ചിട്ടുണ്ടെന്ന രാഹുലിന്റെ പരാമര്‍ശം സഭയില്‍ വലിയ ബഹളത്തിന് കാരണമായി. നോട്ടീസ് നല്‍കിയ വിഷയത്തില്‍ മാത്രം സംസാരിക്കാന്‍ സ്പീക്കര്‍ ഓം ബിര്‍ള നിര്‍ദേശിച്ചതോടെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തി.
അതേസമയം രാജ്യത്ത് ഇന്ധന ക്ഷാമമില്ലെന്ന് പെട്രോളിയം മന്ത്രി സഭയില്‍ പ്രസ്താവന നടത്തി. യുദ്ധം കാരണം പാകിസ്ഥാനിലെ സ്‌കൂളുകള്‍ അടച്ചു പൂട്ടേണ്ടി വന്ന സാഹചര്യം ചൂണ്ടിക്കാട്ടിയ മന്ത്രി, ഇന്ത്യ ബദല്‍ മാര്‍ഗങ്ങളിലൂടെ പെട്രോളിയം ഉല്‍പന്നങ്ങള്‍ സുരക്ഷിതമായി എത്തിക്കുന്നുണ്ടെന്ന് പറഞ്ഞു.
പെട്രോള്‍, ഡീസല്‍, മണ്ണെണ്ണ, വിമാന ഇന്ധനം എന്നിവയ്ക്ക് നിലവില്‍ ക്ഷാമമില്ലെന്നും എല്‍പിജി ഉല്‍പാദനം കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 28 ശതമാനം വര്‍ധിപ്പിച്ചതായും ഹര്‍ദ്ദീപ് സിങ് പുരി അറിയിച്ചു. ഉപയോക്താക്കളുടെ അനാവശ്യമായ ആശങ്കയാണ് നിലവിലെ പരിഭ്രാന്തിക്ക് കാരണമെന്നും വിതരണം സുഗമമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.