ഇന്ധന പ്രതിസന്ധി: ഇന്ത്യയോട് സഹായം തേടി അയല്‍ രാജ്യങ്ങള്‍; ബംഗ്ലാദേശിന് 5000 ടണ്‍ ഡീസല്‍ വേണം

ഇന്ധന പ്രതിസന്ധി:  ഇന്ത്യയോട് സഹായം തേടി അയല്‍ രാജ്യങ്ങള്‍; ബംഗ്ലാദേശിന് 5000 ടണ്‍ ഡീസല്‍ വേണം

ന്യൂഡല്‍ഹി: പശ്ചിമേഷ്യയിലെ സംഘര്‍ഷത്തെ തുടര്‍ന്ന് ആഗോള എണ്ണ വിതരണം പ്രതിസന്ധിയിലായതോടെ ഇന്ത്യയുടെ സഹായം തേടി ബംഗ്ലാദേശ്, ഭൂട്ടാന്‍, ശ്രീലങ്ക, മാലിദ്വീപ് തുടങ്ങിയ അയല്‍ രാജ്യങ്ങള്‍.

ഇന്ധനം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഈ രാജ്യങ്ങള്‍ ഇന്ത്യയെ സമീപിച്ചതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ബംഗ്ലാദേശ് ഇന്ത്യയില്‍ നിന്ന് ഡീസല്‍ വിതരണം പ്രത്യേകമായി ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആഭ്യന്തര ലഭ്യതയും ഉല്‍പാദന നിലവാരവും വിലയിരുത്തിയ ശേഷം ഇന്ത്യ തീരുമാനമെടുക്കുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ഇന്ധന കയറ്റുമതിക്കായി ചില അയല്‍ രാജ്യങ്ങളില്‍ നിന്ന് അഭ്യര്‍ത്ഥനകള്‍ ലഭിച്ചിട്ടുണ്ട്. ഏതെങ്കിലും തീരുമാനമെടുക്കുന്നതിന് മുമ്പ് ആഭ്യന്തര ലഭ്യതയും ഉല്‍പാദനവും പരിഗണിക്കുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു.

പശ്ചിമേഷ്യന്‍ സംഘര്‍ഷം മൂലം വര്‍ധിച്ചു വരുന്ന ഊര്‍ജ പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് ഈ അഭ്യര്‍ത്ഥനകള്‍ വന്നത്. ക്രൂഡ് വില ബാരലിന് 110 ഡോളര്‍ കടന്നിരുന്നു. പാകിസ്ഥാനും ഇന്ധന ക്ഷാമത്തില്‍ വലയുകയാണ്. എല്‍പിജി ലഭ്യത ഇന്ത്യയിലും രൂക്ഷമായെങ്കിലും പെട്രോള്‍, ഡീസല്‍ വിതരണത്തെ ബാധിച്ചിട്ടില്ല.

അസമിലെ റിഫൈനറിയില്‍ നിന്ന് 5000 ടണ്‍ ഡീസലാണ് ബംഗ്ലാദേശ് ആവശ്യപ്പെട്ടത്. 2017 മുതല്‍ ഈ റിഫൈനറിയില്‍ നിന്ന് ഇന്ത്യ ബംഗ്ലാദേശിന് ഇന്ധലം ലഭ്യമാക്കുന്നുണ്ട്. ബംഗ്ലാദേശ് നിലവില്‍ കടുത്ത ഊര്‍ജ ക്ഷാമമാണ് നേരിടുന്നത്.

ഇന്ധന പ്രശ്‌നത്തെ തുടര്‍ന്ന് സര്‍വകലാശാലകള്‍ അടച്ചു പൂട്ടിയിരിക്കുകയാണ്. ദിവസേനയുള്ള ഇന്ധന ക്ഷാമം റേഷനിങ് ഏര്‍പ്പെടുത്തല്‍ എന്നിവയുള്‍പ്പെടെയുള്ള നടപടികളിലേക്ക് നയിച്ചു. ഊര്‍ജ ആവശ്യത്തിന്റെ 95 ശതമാനവും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ബംഗ്ലാദേശ്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.