ബില്‍ ക്രിസ്ത്യന്‍ സംഘടനകളെ ലക്ഷ്യമിട്ടു കൊണ്ടുള്ളതാണെന്ന് പ്രതിപക്ഷം.
ന്യൂഡല്‍ഹി: പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധത്തിനിടെ വിദേശ സംഭാവന നിയന്ത്രണ നിയമ ഭേദഗതി ബില്‍ ലോക്‌സഭ സംയുക്ത പാര്‍ലമെന്ററി സമിതിയ്ക്ക് വിട്ടു.
ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് ആണ് ബില്‍ ജോയിന്റ് പാര്‍ലമെന്ററി കമ്മിറ്റിക്ക് (ജെപിസി) വിടാനുള്ള പ്രമേയം അവതരിപ്പിച്ചത്. പ്രതിപക്ഷവും വിവിധ സംഘടനകളും ഉന്നയിച്ച ആശങ്കകള്‍ ജെപിസി പരിശോധിക്കുമെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി.
എന്നാല്‍ എഫ്‌സിആര്‍എ ബില്‍ പാടില്ലെന്നും അത് പിന്‍വലിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ബില്ലിനെതിരെ പ്രതിപക്ഷം ഒറ്റക്കെട്ടാണെന്നും ബില്‍ ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുകൊണ്ടുള്ളതാണെന്നും സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് കുറ്റപ്പെടുത്തി. ഇതിനെ എതിര്‍ത്ത് കേന്ദ്രമന്ത്രി കിരണ്‍ റിജിജുവും രംഗത്തെത്തി. ബില്ലില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള പ്രൊവിഷന്‍ തെളിയിക്കാന്‍ റിജിജു വെല്ലുവിളിച്ചു.
എഫ്‌സിആര്‍എ ഭേദഗതി ബില്‍ പാടില്ലെന്ന നിലപാടാണ് പ്രതിപക്ഷത്തിന്റേതെന്നും, കാര്യാപദേശക സമിതിയില്‍ അക്കാര്യം വ്യക്തമാക്കിയതാണെന്നും കെ.സി വേണുഗോപാല്‍ എം പി പറഞ്ഞു. ബില്‍ ക്രിസ്ത്യന്‍ സംഘടനകളെ ലക്ഷ്യമിട്ടു കൊണ്ടുള്ളതാണ്. ആര്‍എസ്എസ് അടക്കം വിദേശ സംഭാവനകള്‍ സ്വീകരിക്കുന്നുണ്ട്. അവരെ ഒഴിവാക്കിക്കൊണ്ടുള്ള ഭേദഗതിയാണ് കൊണ്ടുവരുന്നതെന്നും കെ.സി വേണുഗോപാല്‍ വിമര്‍ശിച്ചു.
ഇത്രയും ദിവസം ബില്‍ ജെപിസിക്ക് വിടണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടതെന്ന് റിജിജു പറഞ്ഞു. ഒരു വ്യവസ്ഥപോലും ന്യൂനപക്ഷ വിരുദ്ധമല്ല, അവരുടെ ക്ഷേമം മാത്രമാണ് ലക്ഷ്യം. ഒരു സ്ഥാപനത്തെയും ഉന്നം വയ്ക്കുന്നില്ലെന്നും റിജിജു പറഞ്ഞു.
ഇതിനു പിന്നാലെ പ്രതിപക്ഷ ബഹളം വീണ്ടും രൂക്ഷമായി. ഇതിനിടെ ബില്‍ ജെപിസിക്ക് വിട്ടുകൊണ്ടുള്ള പ്രമേയം പാസായതായി സ്പീക്കര്‍ പ്രഖ്യാപിച്ചു. 31 അംഗ ജെപിസിയാകും ബില്‍ പരിശോധിക്കുക. ഇതില്‍ 20 പേര്‍ ലോക്‌സഭയില്‍ നിന്നുള്ളവരും 10 പേര്‍ രാജ്യസഭയില്‍ നിന്നുള്ളവരുമായിരിക്കും.