ലോക്സഭാ സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍; 543 ല്‍ നിന്ന് 816 ആകും: കേരളത്തില്‍ 30 മണ്ഡലങ്ങള്‍

ലോക്സഭാ സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍; 543 ല്‍ നിന്ന് 816 ആകും: കേരളത്തില്‍ 30 മണ്ഡലങ്ങള്‍

ന്യൂഡല്‍ഹി: വനിതാ സംവരണ നിയമം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ലോക്സഭാ സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. നിലവിലുള്ള 543 ല്‍ നിന്ന് 816 ആയി വര്‍ധിപ്പിക്കാനാണ് ആലോചന. ഓരോ സംസ്ഥാനത്തിനുമുള്ള നിലവിലെ സീറ്റുകളുടെ അനുപാതം നിലനിര്‍ത്തിക്കൊണ്ടു തന്നെ ആയിരിക്കും അംഗസംഖ്യ വര്‍ധിപ്പിക്കുക.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രതിപക്ഷ നേതാക്കളുമായി ഇതു സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു. നിയമം ഭേദഗതി ചെയ്യാനും ലോക്‌സഭയുടെ ആകെ അംഗസംഖ്യ വര്‍ധിപ്പിക്കാനും ഓരോ സംസ്ഥാനത്തിനും അനുവദിച്ചിരിക്കുന്ന സീറ്റുകളുടെ നിലവിലെ അനുപാതം നിലനിര്‍ത്താനും ചര്‍ച്ചയില്‍ നിര്‍ദേശങ്ങളുണ്ടായി. ഇതുപ്രകാരം 2011 ലെ സെന്‍സസ് അടിസ്ഥാനമാക്കി മണ്ഡല പുനര്‍നിര്‍ണയം നടത്തി സീറ്റുകള്‍ വര്‍ധിപ്പിക്കാനാണ് ആലോചിക്കുന്നത്.

നിലവിലെ സംസ്ഥാനാടിസ്ഥാനത്തിലുള്ള സീറ്റുകളുടെ വിഹിതം കണക്കിലെടുക്കുമ്പോള്‍ ലോക്സഭാ സീറ്റുകളുടെ ഏറ്റവും ഉയര്‍ന്ന അനുപാതം ഉത്തര്‍പ്രദേശിലാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ സീറ്റുകളുള്ള യുപിയില്‍ അംഗസംഖ്യ 80 ല്‍ നിന്ന് 120 ആയി ഉയരും. ഇതില്‍ 40 സീറ്റുകള്‍ സ്ത്രീകള്‍ക്കായി സംവരണം ചെയ്യും.

പശ്ചിമ ബംഗാളില്‍ നിലവിലെ 42 സീറ്റുകള്‍ 63 ആയി ഉയരും. 21 സീറ്റുകള്‍ വനിതകള്‍ക്കായി സംവരണം ചെയ്യും. 40 സീറ്റുകള്‍ ഉള്ള ബിഹാറില്‍ 60 സീറ്റുകള്‍ വരും. 20 ല്‍ വനിതാ സംവരണമാകും. ജനസംഖ്യാ നിയന്ത്രണത്തിന്റെ പേരില്‍ സീറ്റുകള്‍ കുറയുമെന്ന് ആശങ്കപ്പെട്ടിരുന്ന തമിഴ്നാട്ടില്‍ സീറ്റുകളുടെ എണ്ണം, 39 ല്‍ നിന്ന് 59 ആയി വര്‍ധിക്കും. 20 സീറ്റുകള്‍ സ്ത്രീകള്‍ക്കായി മാറ്റി വെക്കും. മധ്യപ്രദേശിലെ 29 സീറ്റുകള്‍ 44 ആയി ഉയരും.

റിപ്പോര്‍ട്ടുകള്‍ പ്രകാരം നിലവിലെ അനുപാതം നിലനിര്‍ത്തുകയാണെങ്കില്‍ കേരളത്തിലെ സീറ്റുകളുടെ എണ്ണത്തിലും വര്‍ധനവുണ്ടാകും. നിലവില്‍ 20 സീറ്റുകളുള്ള കേരളത്തില്‍ ഇത് 30 ആയി ഉയര്‍ന്നേക്കാം. ഇതില്‍ 10 സീറ്റുകള്‍ സ്ത്രീകള്‍ക്കായി സംവരണം ചെയ്യപ്പെടും.

ഗോവ, മണിപ്പൂര്‍, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളിലെ സീറ്റുകള്‍ രണ്ടില്‍ നിന്ന് മൂന്നായി വര്‍ധിക്കും. മിസോറാം, നാഗാലാന്‍ഡ്, സിക്കിം എന്നിവിടങ്ങളില്‍ ഓരോ സീറ്റുകള്‍ എന്നത് 2 വീതമായി മാറും. ഡല്‍ഹിയിലെ ഏഴ് സീറ്റുകള്‍ 11 ആയി വര്‍ധിക്കും. ഇതില്‍ നാലെണ്ണം വനിതാ സംവരണമാകും. ജമ്മു കാശ്മീരില്‍ അഞ്ച് സീറ്റുകളില്‍ നിന്ന് എട്ടായി ഉയരും. ഇതില്‍ സ്ത്രീകള്‍ക്കായി മൂന്ന് സീറ്റുകള്‍ സംവരണം ചെയ്യും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.