'യേശു ക്രിസ്തുവിന്റെ ശവക്കച്ചയ്ക്ക് ഇന്ത്യന്‍ ബന്ധമെന്ന് ഡിഎന്‍എ പരിശോധനാ ഫലം'; ന്യൂസ് സയന്റിസ്റ്റ് റിപ്പോര്‍ട്ട്

'യേശു ക്രിസ്തുവിന്റെ ശവക്കച്ചയ്ക്ക് ഇന്ത്യന്‍ ബന്ധമെന്ന് ഡിഎന്‍എ പരിശോധനാ ഫലം'; ന്യൂസ് സയന്റിസ്റ്റ് റിപ്പോര്‍ട്ട്

റോം: കുരിശുമരണം വരിച്ച യേശു ക്രിസ്തുവിന്റെ ശരീരം പൊതിഞ്ഞിരുന്ന ശവക്കച്ചയ്ക്ക് (ഷ്രൗഡ് ഓഫ് ടൂറിന്‍) ഇന്ത്യന്‍ പശ്ചാത്തലമുണ്ടാകാമെന്നാണ് പുതിയ ഡിഎന്‍എ പരിശോധനാ ഫലം സൂചിപ്പിക്കുന്നതായി ന്യൂസ് സയന്റിസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറ്റലിയിലെ ടൂറിന്‍ നഗരത്തിലെ കത്തീഡ്രലിലാണ് 4.4 മീറ്റര്‍ നീളവും 1.1 മീറ്റര്‍ വീതിയുമുള്ള ഈ ശവക്കച്ച സൂക്ഷിച്ചിരിക്കുന്നത്.

1978 ല്‍ ഈ തുണിയില്‍ നിന്ന് ശേഖരിച്ച സാംപിളുകളില്‍ നടത്തിയ പരിശോധനയില്‍ അതിലെ മനുഷ്യ ഡിഎന്‍എയുടെ ഏകദേശം 40 ശതമാനം ഇന്ത്യന്‍ വംശാവലിയിലുള്ളതാണെന്ന് ഇറ്റലിയിലെ പാഡോവ സര്‍വകലാശാലയിലെ ഗവേഷകര്‍ കണ്ടെത്തിയിരുന്നു. പുരാതന ഇന്ത്യയിലെ സിന്ധു നദീതട മേഖലയില്‍ നിന്നുള്ള നൂലുകള്‍ ആയിരിക്കാം ഈ തുണി നെയ്യാന്‍ ഉപയോഗിച്ചതെന്ന നിഗമനത്തിലേക്കാണ് പിന്നീട് ഗവേഷകര്‍ എത്തിയത്.

2015 ലാണ് പാഡോവ സര്‍വകലാശാലയിലെ ഗവേഷകനായ ജിയാനി ബാര്‍കാചിയയും സഹപ്രവര്‍ത്തകരും ഈ ലിനന്‍ വസ്ത്രത്തിന് ഇന്ത്യയുമായി ബന്ധമുണ്ടാകാമെന്ന ആശയം മുന്നോട്ടു വെച്ചത്. അതേ വിശകലനം തന്നെയാണ് ഇപ്പോഴും അദേഹവും സംഘവും നടത്തുന്നത്. മാത്രവുമല്ല മധ്യകാല, ആധുനികകാല ഡിഎന്‍എ വൈവിധ്യങ്ങള്‍ ഇതില്‍ സംരക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും ഗവേഷക സംഘം പറയുന്നു.

സിന്ധു നദീതട സംസ്‌കാരത്തിന് അക്കാലത്തെ മറ്റ് പ്രധാന പ്രാചീന നാഗരികതകളുമായി ശക്തമായ വാണിജ്യ ബന്ധങ്ങളുണ്ടായിരുന്നു. പുരാവസ്തു ഗവേഷണങ്ങള്‍ ഇത് ശരി വെക്കുന്നുണ്ട്. റോമാക്കാരും ഇവിടെ നിന്ന് ലിനന്‍ തുണിത്തരങ്ങള്‍ ഇറക്കുമതി ചെയ്തിട്ടുണ്ടാവണം എന്നതാണ് ടൂറിനിലെ ശവക്കച്ചയുടെ ഇന്ത്യന്‍ ബന്ധവുമായി ബന്ധപ്പെട്ട ആദ്യ വിശദീകരണം.

അങ്ങനെയായിരിക്കാം ഇന്ത്യന്‍ ഡിഎന്‍എ തുണിയില്‍ സംരക്ഷിക്കപ്പെട്ടത്. ഈ തുണിത്തരങ്ങള്‍ ഇന്ത്യന്‍ വംശജരായ ആളുകള്‍ ഏതെങ്കിലും വിധത്തില്‍ കൈകാര്യം ചെയ്തിട്ടുണ്ടെങ്കില്‍ ഡിഎന്‍എ അതില്‍ നിലനില്‍ക്കാന്‍ സാധ്യതയുണ്ടെന്ന് ഗവേഷകര്‍ വ്യക്തമാക്കുന്നു.

1350 കളില്‍ ഫ്രാന്‍സിലാണ് ഈ ശവക്കച്ചയെക്കുറിച്ച് ആദ്യത്തെ പരാമര്‍ശം ഉണ്ടാകുന്നത് അന്ന് വടക്കന്‍-മധ്യ ഫ്രാന്‍സിലെ ഒരു ഗ്രാമമായ ലിറെയിലെ ഒരു പള്ളിയില്‍ ഇത് പ്രദര്‍ശിപ്പിക്കപ്പെട്ടിരുന്നു. പിന്നീട് ഇത് പലവഴി കൈമാറി 1578 ല്‍ സാവോയ് രാജവംശത്തിന്റെ കയ്യിലെത്തുകയും അവര്‍ അവരുടെ പുതിയ തലസ്ഥാനമായ ടൂറിനിലേക്ക് മാറ്റുകയും ചെയ്തു.

അന്ന് മുതല്‍ ശവക്കച്ച അവിടെത്തന്നെയാണുള്ളത്. 1983 ല്‍ മുന്‍ ഇറ്റാലിയന്‍ രാജാവായിരുന്ന ഉംബര്‍ട്ടോ രണ്ടാമന്റെ മരണശേഷം ഇതിന്റെ ഉടമസ്ഥാവകാശം ഹൗസ് ഓഫ് സാവോയില്‍ നിന്ന് കത്തോലിക്കാ സഭയ്ക്ക് കൈമാറുകയായിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.