സ്ത്രീ ശാക്തീകരണം കോണ്‍ഗ്രസിന്റെ പാരമ്പര്യം; സംവരണം വൈകിപ്പിക്കുന്നത് സ്ത്രീകളോടുള്ള വഞ്ചന: കെ.സി വേണുഗോപാല്‍

സ്ത്രീ ശാക്തീകരണം കോണ്‍ഗ്രസിന്റെ പാരമ്പര്യം; സംവരണം വൈകിപ്പിക്കുന്നത് സ്ത്രീകളോടുള്ള വഞ്ചന: കെ.സി വേണുഗോപാല്‍

ന്യൂഡല്‍ഹി: വനിതാ സംവരണ ബില്ല് നടപ്പിലാക്കുന്നതിലെ കാലതാമസത്തിനെതിരെ ലോക്‌സഭയില്‍ രൂക്ഷ വിമര്‍ശനവുമായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് സംസാരിക്കാന്‍ കോണ്‍ഗ്രസിന് ആരുടെയും സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് അദേഹം സഭയില്‍ വ്യക്തമാക്കി.

പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങള്‍:

ചരിത്രപരമായ പാരമ്പര്യം: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എപ്പോഴും സ്ത്രീ ശാക്തീകരണത്തിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. രാജ്യത്തിന് ആദ്യത്തെ വനിതാ പ്രധാനമന്ത്രിയെയും (ഇന്ദിരാ ഗാന്ധി), ആദ്യത്തെ വനിതാ രാഷ്ട്രപതിയെയും (പ്രതിഭാ പാട്ടീല്‍), ആദ്യത്തെ വനിതാ ലോക്‌സഭാ സ്പീക്കറെയും (മീരാ കുമാര്‍) നല്‍കിയത് കോണ്‍ഗ്രസാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം എന്ന വിപ്ലവകരമായ തീരുമാനം നടപ്പിലാക്കിയത് രാജീവ് ഗാന്ധിയായിരുന്നു. ഈ ചരിത്ര പാരമ്പര്യമുള്ള പ്രസ്ഥാനമാണ് കോണ്‍ഗ്രസ്.

നടപ്പിലാക്കുന്നതിലെ കാലതാമസം: 2023 ല്‍ വലിയ ആഘോഷങ്ങളോടെ പാസാക്കിയ നിയമം 2026 ആയിട്ടും എന്തുകൊണ്ട് ഇപ്പോഴും നടപ്പിലാക്കുന്നില്ല? സെന്‍സസിന്റെയും മണ്ഡല പുനര്‍ നിര്‍ണയത്തിന്റെയും (Delimitation ) പേരില്‍ ഈ സംവരണം അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകുന്നത് സ്ത്രീകളെ പറ്റിക്കാനാണ്. ഒരു നിശ്ചിത തിയതി പ്രഖ്യാപിക്കാന്‍ സര്‍ക്കാരിന് ധൈര്യമുണ്ടോയെന്നും അദേഹം ചോദിച്ചു.

ഒ.ബി.സി സംവരണവും തുല്യനീതിയും: സംവരണത്തിനുള്ളില്‍ ഒ.ബി.സി വിഭാഗത്തില്‍പ്പെട്ട സ്ത്രീകള്‍ക്ക് കൃത്യമായ ക്വാട്ട ഉറപ്പാക്കണം. ജാതി സെന്‍സസ് നടത്താതെ ഈ നിയമം പൂര്‍ണമാകില്ല. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങള്‍ക്ക് കൂടി പ്രാതിനിധ്യം ലഭിക്കുമ്പോള്‍ മാത്രമേ ഈ ബില്ല് അര്‍ത്ഥ പൂര്‍ണമാകൂ.

സര്‍ക്കാരിന് വെല്ലുവിളി: സ്ത്രീകള്‍ക്ക് സംവരണം നല്‍കാന്‍ നിങ്ങള്‍ തയ്യാറാണെങ്കില്‍, ഇപ്പോഴുള്ള സീറ്റുകളില്‍ തന്നെ അത് നടപ്പിലാക്കാന്‍ തങ്ങള്‍ തയ്യാറാണ്. ഇതിന്റെ ക്രെഡിറ്റ് മുഴുവന്‍ നിങ്ങള്‍ എടുത്തോളൂ, പക്ഷേ ദയവായി സ്ത്രീകളെ ഇനിയും കാത്തിരിപ്പിക്കരുത്. ഈ ബില്ലിനെ തങ്ങള്‍ പിന്തുണയ്ക്കുന്നു. പക്ഷേ സര്‍ക്കാരിന്റെ ഉദ്ദേശ ശുദ്ധി ചോദ്യം ചെയ്യപ്പെടേണ്ടതാണെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.