ബില്ലിന്മേല്‍ വോട്ടെടുപ്പ് ഏഴ് മണിക്ക്; ഡല്‍ഹിയില്‍ നിര്‍ണായക കൂടിക്കാഴ്ചകള്‍: 'ബാലാകോട്ടിലെ ജാലവിദ്യക്കാരനെ' രാജ്യം തിരിച്ചറിഞ്ഞുവെന്ന് രാഹുലിന്റെ ഒളിയമ്പ്

ബില്ലിന്മേല്‍ വോട്ടെടുപ്പ് ഏഴ് മണിക്ക്; ഡല്‍ഹിയില്‍ നിര്‍ണായക കൂടിക്കാഴ്ചകള്‍: 'ബാലാകോട്ടിലെ ജാലവിദ്യക്കാരനെ' രാജ്യം തിരിച്ചറിഞ്ഞുവെന്ന് രാഹുലിന്റെ ഒളിയമ്പ്

ന്യൂഡല്‍ഹി: വനിതാ സംവരണ ഭേദഗതി ബില്‍, മണ്ഡല പുനര്‍നിര്‍ണയ ബില്‍ എന്നിവയില്‍ വൈകുന്നേരം ഏഴ് മണിയോടെ വോട്ടെടുപ്പ് നടക്കും. നാലിന് വോട്ടെടുപ്പ് എന്നാണ് നേരത്തെ നിശ്ചയിച്ചിരുന്നതെങ്കിലും ലോക്‌സഭയിലെ ചര്‍ച്ച നീണ്ടു പോകുന്നതിനാല്‍ സമയം മാറ്റുകയായിരുന്നു.

ചര്‍ച്ചകള്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വൈകുന്നേരം ആറ് മണിയോടെ ലോക്സഭയില്‍ മറുപടി നല്‍കും. ബില്ലുകള്‍ക്ക് മേലുള്ള സര്‍ക്കാരിന്റെ അന്തിമ നിലപാടുകള്‍ അദേഹം ഔദ്യോഗികമായി സഭയെ അറിയിക്കും.

ബില്ലിന്മേലുള്ള ചര്‍ച്ചയില്‍ അതിരൂക്ഷ വിമര്‍ശനമായിരുന്നു പ്രതിപക്ഷം ഉന്നയിച്ചത്. ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയെയും സര്‍ക്കാരിനെയും കടന്നാക്രമിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പേരെടുത്ത് പറയാതെ 'ബാലാകോട്ടിലെ ജാലവിദ്യക്കാരന്‍' എന്ന് വിശേഷിപ്പിച്ച രാഹുല്‍, ഈ ജാലവിദ്യക്കാരന്‍ ഇപ്പോള്‍ പിടിയിലായിരിക്കുകയാണെന്ന് പരിഹസിച്ചു.

ഓപ്പറേഷന്‍ സിന്ദൂര്‍, ബാലാകോട്ട് ജാലവിദ്യക്കാരന്റെയും വ്യവസായികളുടെയും കൂട്ടുകെട്ട് ഈ രാജ്യം തിരിച്ചറിഞ്ഞു കഴിഞ്ഞു. മണ്ഡല പുനര്‍നിര്‍ണയത്തിലൂടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെയും പ്രാതിനിധ്യം ഇല്ലാതാക്കി അധികാരം നിലനിര്‍ത്താനാണ് ബിജെപി ശ്രമിക്കുന്നതെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

ഈ മേഖലകളുടെ പ്രാതിനിധ്യം കവര്‍ന്നെടുക്കാന്‍ അനുവദിക്കില്ല. ഇന്ത്യന്‍ യൂണിയനില്‍ എല്ലാ സംസ്ഥാനങ്ങളും തുല്യ പങ്കാളികളാണ്. ഇന്ത്യയുടെ ഐക്യത്തിന് മേലുള്ള ഒരു ആക്രമണവും അനുവദിക്കില്ലെന്നും പ്രതിപക്ഷം ഒന്നടങ്കം ഈ നീക്കത്തെ പരാജയപ്പെടുത്തുമെന്നും അദേഹം വ്യക്തമാക്കി.

അതേസമയം 'ജാലവിദ്യക്കാരന്‍' പരാമര്‍ശത്തില്‍ സഭയില്‍ ഭരണപക്ഷം വന്‍ പ്രതിഷേധമുയര്‍ത്തി. രാഹുല്‍ മാപ്പ് പറയണമെന്നും അദേഹത്തെ സഭയില്‍ നിന്ന് പുറത്താക്കണമെന്നും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ആവശ്യപ്പെട്ടു. മാന്ത്രികന്‍ എന്ന പ്രയോഗം പാര്‍ലമെന്ററി മര്യാദകള്‍ക്ക് വിരുദ്ധമാണെന്ന് സ്പീക്കര്‍ ഓം ബിര്‍ളയും ചൂണ്ടിക്കാട്ടി.

അതേസമയം വോട്ടെടുപ്പിന് മുന്നോടിയായി നിര്‍ണായക നീക്കങ്ങളാണ് ഡല്‍ഹിയില്‍ നടക്കുന്നത്. പാര്‍ലമെന്ററി കാര്യ കിരണ്‍ റിജിജു പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായും അമിത് ഷാ ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയുമായും കൂടിക്കാഴ്ച നടത്തി.

ബില്ലുകള്‍ പാസാക്കാന്‍ ആവശ്യമായ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ഇരു സഭകളിലും ഇല്ലാത്ത പശ്ചാത്തലത്തില്‍ വോട്ടെടുപ്പില്‍ പരാജയപ്പെടാനാണ് സാധ്യത. ലോക്സഭയില്‍ ബില്‍ പാസാകാന്‍ 70 വോട്ടുകളുടെ കുറവാണ് സര്‍ക്കാരിനുള്ളത്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.