തൃണമൂലിനും മമതയ്‌ക്കും തിരിച്ചടി; വോട്ടെണ്ണലിന് കേന്ദ്ര ജീവനക്കാരെ നിയമിക്കാമെന്ന് സുപ്രീം കോടതി; ഹര്‍ജി തള്ളി

തൃണമൂലിനും മമതയ്‌ക്കും തിരിച്ചടി; വോട്ടെണ്ണലിന് കേന്ദ്ര ജീവനക്കാരെ നിയമിക്കാമെന്ന് സുപ്രീം കോടതി; ഹര്‍ജി തള്ളി

ന്യൂഡല്‍ഹി: വോട്ടെണ്ണല്‍ ഡ്യൂട്ടിക്കായി കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരെയും വിന്യസിക്കാനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിന് സുപ്രീം കോടതിയുടെ അംഗീകാരം. കമ്മീഷന്റെ നീക്കം നിയമവിരുദ്ധമാണെന്ന് ആരോപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി.

ഇതോടെ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ കേന്ദ്ര ജീവനക്കാരെ ഉള്‍പ്പെടുത്താനുള്ള കേന്ദ്ര സര്‍ക്കാരിന്റെയും കമ്മീഷന്റെയും നിലപാടിന് നിയമ സാധുത ലഭിച്ചു. കൊല്‍ക്കത്ത ഹൈക്കോടതി നേരത്തെ തള്ളിയ ഹര്‍ജിയുമായാണ് ടിഎംസി സുപ്രീം കോടതിയെ സമീപിച്ചത്.

എന്നാല്‍ വാദങ്ങള്‍ കേട്ട കോടതി കേന്ദ്രത്തിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. വോട്ടെണ്ണല്‍ മേല്‍നോട്ടത്തിന് സംസ്ഥാന ജീവനക്കാരെപ്പോലെ തന്നെ കേന്ദ്ര ജീവനക്കാരെയും നിയമിക്കാമെന്ന് വ്യവസ്ഥകളില്‍ വ്യക്തമാണെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. ഇതില്‍ ചട്ടലംഘനമില്ല. ഈ വിഷയത്തില്‍ പ്രത്യേക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെയോ പുതിയ ഉത്തരവുകളുടെയോ ആവശ്യമില്ലെന്ന് കോടതി വ്യക്തമാക്കി.

പ്രസക്തമായ സര്‍ക്കുലറുകള്‍ കൃത്യമായി പാലിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിക്ക് ഉറപ്പ് നല്‍കി. തുടക്കത്തില്‍ കേന്ദ്ര ജീവനക്കാരുടെ നിയമനത്തെ ശക്തമായി എതിര്‍ത്ത തൃണമൂല്‍ കോണ്‍ഗ്രസ്, കോടതിയുടെ കര്‍ശന നിലപാട് കണ്ടതോടെ വാദങ്ങളില്‍ അയവ് വരുത്തി.

ഓരോ വോട്ടെണ്ണല്‍ മേശയിലും കുറഞ്ഞത് ഒരു സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരനെങ്കിലും വേണമെന്ന നിസ്സാരമായ ആവശ്യത്തിലേക്ക് ടിഎംസിക്ക് മാറേണ്ടി വന്നു. കമ്മീഷന്റെ ഉദ്ദേശ്യങ്ങളെ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ചോദ്യം ചെയ്‌തെങ്കിലും, നിലവിലുള്ള നിയമങ്ങള്‍ ഉദ്ധരിച്ച് കോടതി അവയെല്ലാം തള്ളിക്കളയുകയായിരുന്നു.

മൈക്രോ ഒബ്‌സര്‍വര്‍മാര്‍ക്ക് പുറമെ കൗണ്ടിംഗ് സൂപ്പര്‍വൈസര്‍മാരായി കേന്ദ്ര ജീവനക്കാര്‍ വരുന്നതില്‍ തെറ്റില്ലെന്ന് കോടതി ആവര്‍ത്തിച്ചു. വോട്ടെണ്ണലിന് തൊട്ടുമുമ്പ് സുപ്രീം കോടതിയില്‍ നിന്നുണ്ടായ ഈ വിധി പശ്ചിമ ബംഗാളില്‍ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്ന ടിഎംസിയുടെ പ്രചാരണങ്ങള്‍ക്കേറ്റ കനത്ത പ്രഹരമാണ്. കേന്ദ്ര ജീവനക്കാരുടെ സാന്നിധ്യം വോട്ടെണ്ണല്‍ കൂടുതല്‍ സുതാര്യമാക്കുമെന്ന കേന്ദ്ര സര്‍ക്കാരിന്റെ വാദത്തിനാണ് ഇതോടെ കരുത്തേറിയിരിക്കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.