നിര്‍ബന്ധിത മതപരിവര്‍ത്തനമില്ല, മതപ്രചാരണം ഭരണഘടനാപരമായ അവകാശം; മിഷനറിമാരെ പിന്തുണച്ച് തമിഴ്നാട് സർക്കാർ സുപ്രീം കോടതിയിൽ

നിര്‍ബന്ധിത മതപരിവര്‍ത്തനമില്ല, മതപ്രചാരണം ഭരണഘടനാപരമായ അവകാശം; മിഷനറിമാരെ പിന്തുണച്ച് തമിഴ്നാട് സർക്കാർ സുപ്രീം കോടതിയിൽ

ന്യൂഡൽഹി: ക്രിസ്ത്യൻ മിഷനറിമാർക്ക് സ്വന്തം വിശ്വാസം പ്രചരിപ്പിക്കാൻ അവകാശമുണ്ടെന്നും തമിഴ്‌നാട്ടിൽ നിർബന്ധിത മതപരിവർത്തനം നടക്കുന്നില്ലെന്നും സുപ്രീം കോടതിയിൽ തമിഴ്‌നാട് സർക്കാരിന്റെ സത്യവാങ്മൂലം. ഭരണഘടനയുടെ ആർട്ടിക്കിൾ 25 ഓരോ പൗരനും നൽകുന്ന മൗലികാവകാശങ്ങളെ മുൻനിർത്തിയാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. മിഷനറിമാരുടെ പ്രവർത്തനങ്ങൾ നിയമ വിരുദ്ധമായി കാണാനാവില്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

ഒരു വ്യക്തിക്ക് മറ്റൊരാളെ ബലമായി മതപരിവർത്തനം ചെയ്യാൻ അവകാശമില്ലെങ്കിലും സ്വന്തം വിശ്വാസം മറ്റുള്ളവരിലേക്ക് എത്തിക്കാൻ തടസമില്ലെന്ന് തമിഴ്‌നാടിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ പി. വിൽസൺ കോടതിയെ അറിയിച്ചു. ഇഷ്ടമുള്ള മതം സ്വീകരിക്കുന്നതിൽ നിന്ന് പൗരന്മാരെ വിലക്കാൻ ഭരണഘടന അനുവദിക്കുന്നില്ല. പൗരന്മാരുടെ വ്യക്തിപരമായ വിശ്വാസങ്ങളിലും സ്വകാര്യതയിലും സർക്കാർ പ്രസ്താവനകൾ നടത്തുന്നത് ഉചിതമല്ലെന്ന് സത്യവാങ്മൂലം ചൂണ്ടിക്കാട്ടുന്നു.

തമിഴ്‌നാട്ടിൽ 17 വയസുകാരിയെ മതപരിവർത്തനത്തിന് നിർബന്ധിച്ചു എന്നാരോപിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. സംസ്ഥാനത്ത് ഭീഷണിയോ വഞ്ചനയോ പണമോ ഉപയോഗിച്ചുള്ള മതപരിവർത്തനങ്ങൾ നടക്കുന്നില്ലെന്ന് സർക്കാർ ആവർത്തിച്ചു. നിർബന്ധിത പരിവർത്തനങ്ങൾ മൗലികാവകാശ ലംഘനമാണെന്ന ഹർജിക്കാരുടെ വാദത്തെ വസ്തുതകൾ നിരത്തി സർക്കാർ പ്രതിരോധിച്ചു.

പല സംസ്ഥാനങ്ങളും മിഷനറിമാരുടെ പ്രവർത്തനങ്ങൾ തടയാൻ കർശനമായ മതപരിവർത്തന നിരോധന നിയമങ്ങൾ കൊണ്ടുവരുന്ന സാഹചര്യത്തിലാണ് തമിഴ്‌നാട് സർക്കാരിന്റെ ഈ നീക്കം ശ്രദ്ധേയമാകുന്നത്. രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ള നീക്കങ്ങൾക്കിടയിൽ യാഥാർത്ഥ്യം തുറന്നു പറയുന്ന സർക്കാരിന്റെ നിലപാടിന് വലിയ പ്രാധാന്യമുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.