ദേശീയ രാഷ്ട്രീയം മാറിമറിയുന്നു; ബംഗാളിലും അസമിലും ബിജെപി തരംഗം; തമിഴ്നാട്ടിൽ 'ദളപതി' കുതിപ്പ്

ദേശീയ രാഷ്ട്രീയം മാറിമറിയുന്നു; ബംഗാളിലും അസമിലും ബിജെപി തരംഗം; തമിഴ്നാട്ടിൽ 'ദളപതി' കുതിപ്പ്

ന്യൂഡൽഹി: വിവിധ സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഭരണകക്ഷികൾക്ക് കനത്ത തിരിച്ചടി. ബംഗാളിൽ മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസിനെ അപ്രസക്തമാക്കി ബിജെപി ഭരണത്തിലേക്ക് നീങ്ങുമ്പോൾ തമിഴ്നാട്ടിൽ ദശകങ്ങളായി നിലനിന്ന ദ്വികക്ഷി രാഷ്ട്രീയത്തിന് അന്ത്യം കുറിച്ചുകൊണ്ട് വിജയ്‌യുടെ ടിവികെ കന്നിപ്പോരാട്ടത്തിൽ തന്നെ കേവല ഭൂരിപക്ഷം കടന്നു.

പശ്ചിമ ബംഗാളിൽ മുഖ്യമന്ത്രി മമത ബാനർജിയെ നിഷ്പ്രഭമാക്കി ബിജെപി ചരിത്ര വിജയം കുറിക്കുന്നു. ആകെയുള്ള 294 സീറ്റുകളിൽ 191 ഇടത്തും ബിജെപി വ്യക്തമായ ലീഡ് നേടി ഭരണം ഉറപ്പിച്ചു. തൃണമൂൽ കോൺഗ്രസ് 96 സീറ്റുകളിലേക്ക് ചുരുങ്ങിയപ്പോൾ കോൺഗ്രസിനും സിപിഎമ്മിനും ഓരോ സീറ്റുകളിൽ മാത്രമാണ് നേടാനായത്. ഇതോടെ പശ്ചിമ ബംഗാളിൽ ആദ്യമായി ബിജെപി സർക്കാർ അധികാരത്തിലെത്തുകയാണ്.

തമിഴകത്ത് കന്നിപ്പോരാട്ടത്തിനിറങ്ങിയ വിജയ്‌യുടെ തമിഴക വെട്രി കഴകം രാഷ്ട്രീയ ചരിത്രം തിരുത്തിക്കുറിക്കുകയാണ്. 111 സീറ്റുകളിൽ ലീഡ് നേടിക്കൊണ്ട് ടിവികെ കേവല ഭൂരിപക്ഷത്തിലേക്ക് അടുക്കുകയാണ്. ഭരണകക്ഷിയായ ഡിഎംകെയെ മൂന്നാം സ്ഥാനത്തേക്ക് തള്ളിയുള്ള ടിവികെയുടെ കുതിപ്പ് ദ്രവിഡ രാഷ്ട്രീയത്തെ ഞെട്ടിച്ചിരിക്കുകയാണ്. കൊളത്തൂർ മണ്ഡലത്തിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പിന്നിലാണ്. പേരമ്പൂരിലും തിരുച്ചിറപ്പള്ളി ഈസ്റ്റിലും വിജയ് വൻ ലീഡ് തുടരുന്നു.

അസമിൽ കാവി തരംഗത്തിൽ പ്രതിപക്ഷ കോട്ടകൾ ആടിയുലയുകയാണ്. 126 അംഗ നിയമസഭയിൽ ബിജെപി മാത്രം 97 സീറ്റുകളിൽ മുന്നിട്ടുനിൽക്കുന്നു. പ്രധാന പ്രതിപക്ഷമായ കോൺഗ്രസിന് വെറും 25 സീറ്റുകളിൽ മാത്രമേ ലീഡ് ഉയർത്താൻ സാധിച്ചിട്ടുള്ളൂ. മണ്ഡല പുനർനിർണയത്തിന് ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ തന്നെ സഖ്യകക്ഷികളുടെ സഹായമില്ലാതെ ഭൂരിപക്ഷം നേടാനായത് ഹിമന്ത ബിശ്വ ശർമ്മയുടെ തന്ത്രപരമായ വിജയമായാണ് വിലയിരുത്തപ്പെടുന്നത്.

കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിൽ മുഖ്യമന്ത്രി എൻ. രംഗസാമിയുടെ നേതൃത്വത്തിലുള്ള എ.ഐ.എൻ.ആർ.സി വൻ മുന്നേറ്റം നടത്തുന്നു. ഇതുവരെ ഫലം പ്രഖ്യാപിച്ച 14 സീറ്റുകളിൽ 9 എണ്ണത്തിലും എ.ഐ.എൻ.ആർ.സി വിജയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.