ന്യൂഡല്‍ഹി: സെപ്റ്റംബര്‍ 12, 13 തിയതികളില്‍ ഡല്‍ഹിയില്‍ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങും പങ്കെടുത്തേക്കുമെന്ന് റിപ്പോര്‍ട്ട്. ഉച്ചകോടിയില്‍ തങ്ങളുടെ രാജ്യ തലവന്‍മാര്‍ പങ്കെടുക്കുമെന്ന് റഷ്യയും ചൈനയും ഇന്ത്യയെ അറിയിച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി.
ഉച്ചകോടിയില്‍ പുടിന്‍ പങ്കെടുക്കുമെന്ന് റഷ്യന്‍ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചതായി റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ ടാസ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനുപുറമെ, ഓഗസ്റ്റ് 31, സെപ്റ്റംബര്‍ ഒന്ന് തിയതികളില്‍ കിര്‍ഗിസ്ഥാനില്‍ നടക്കുന്ന ഷാങ്ഹായ് ഉച്ചകോടിയിലും പുടിന്‍ പങ്കെടുക്കും. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ഷാങ്ഹായ് ഉച്ചകോടിയില്‍ പങ്കെടുത്തേക്കുമെന്നാണ് വിവരം.
ബ്രിക്‌സ് ഉച്ചകോടിയിലെ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങിന്റെ പങ്കാളിത്തം ഏറെ ശ്രദ്ധേയമാകും. 2019 ഒക്ടോബറില്‍ ചെന്നൈയ്ക്ക് സമീപമുള്ള മാമല്ലപുരത്ത് നടന്ന രണ്ടാം ഇന്ത്യ-ചൈന അനൗദ്യോഗിക ഉച്ചകോടിക്ക് ശേഷം ഷി ജിന്‍ പിങ് നടത്തുന്ന ആദ്യ ഇന്ത്യന്‍ സന്ദര്‍ശനമായിരിക്കും ഇത്.
2020 ഏപ്രില്‍ മാസത്തില്‍ ആരംഭിച്ച അതിര്‍ത്തി തര്‍ക്കങ്ങളെ തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വഷളായിരുന്നു. എന്നാല്‍ 2024 ഒക്ടോബറില്‍ റഷ്യയിലെ കസാനില്‍ നടന്ന ബ്രിക്‌സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ഷി ജിന്‍ പിങും നടത്തിയ കൂടിക്കാഴ്ചയോടെയാണ് ബന്ധം സാധാരണ നിലയിലാക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയത്. കിഴക്കന്‍ ലഡാക്കിലെ നിയന്ത്രണ രേഖയില്‍ നിന്ന് സൈന്യത്തെ പൂര്‍ണമായി പിന്‍വലിക്കാന്‍ ഇരുപക്ഷവും തീരുമാനിച്ചതും ഈ കൂടിക്കാഴ്ചയിലാണ്.
കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ നേരിട്ടുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കല്‍, വിസ അനുവദിക്കല്‍, ചൈനീസ് കമ്പനികള്‍ക്കുമേലുള്ള നിയന്ത്രണങ്ങള്‍ ലഘൂകരിക്കല്‍, കൈലാസ മാനസ സരോവര്‍ തീര്‍ത്ഥാടനം പുനരാരംഭിക്കല്‍ എന്നിവയിലൂടെ ബന്ധം കൂടുതല്‍ മെച്ചപ്പെടുത്താന്‍ ഇന്ത്യയ്ക്കും ചൈനയ്ക്കും കഴിഞ്ഞിട്ടുണ്ട്.
എങ്കിലും നിയന്ത്രണ രേഖയില്‍ ഇരുരാജ്യങ്ങളും ഇപ്പോഴും അന്‍പതിനായിരത്തിലധികം സൈനികരെ വിന്യസിച്ചിട്ടുണ്ടെന്നും സൈന്യത്തെ പൂര്‍ണമായി പിന്‍വലിക്കുന്ന പ്രക്രിയ പൂര്‍ത്തിയായിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
മറ്റ് അപ്രതീക്ഷിത തടസങ്ങള്‍ ഉണ്ടായില്ലെങ്കില്‍ ഇരുരാജ്യങ്ങളുടെയും നേതാക്കള്‍ ഉച്ചകോടിയില്‍ പങ്കെടുക്കുമെന്ന് ഇന്ത്യയെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. ഉച്ചകോടിയുടെ വേദി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഡല്‍ഹിയിലെ ഭാരത് മണ്ഡപമായിരിക്കും പ്രധാന വേദിയാകാന്‍ സാധ്യത.