കൊല്‍ക്കത്ത: സ്‌കൂളുകള്‍ക്കൊപ്പം സംസ്ഥാനത്തെ മദ്രസകളിലും വന്ദോമാതരം നിര്‍ബന്ധമാക്കി പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍. ഇനിമുതല്‍ ന്യൂനപക്ഷ കാര്യ, മദ്രസ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ അംഗീകൃത സ്ഥാപനങ്ങളിലും രാവിലെയുള്ള അസംബ്ലികളില്‍ വന്ദേമാതരം മുഴുവനായും ആലപിക്കണം.
പുതിയ ഉത്തരവ് പ്രകാരം, എല്ലാ എയ്ഡഡ്, അണ്‍ എയ്ഡഡ് മദ്രസകളിലും ക്ലാസുകള്‍ ആരംഭിക്കുന്നതിന് മുമ്പ് വന്ദേമാതരം മുഴുവനായും ആലപിക്കണം. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെയാണ് ഈ ഉത്തരവുകള്‍ പുറത്തിറക്കിയത്.
ബ്രിട്ടീഷ് കൊളോണിയല്‍ ഭരണത്തിനെതിരായ ഇന്ത്യയുടെ പോരാട്ട സമയത്ത് സ്വാതന്ത്ര്യ സമര സേനാനികള്‍ ഈ ഗാനം വ്യാപകമായി ഉപയോഗിച്ചിരുന്നു. ഈ വര്‍ഷം പശ്ചിമബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വന്ദേമാതരം വീണ്ടും രാഷ്ട്രീയ ചര്‍ച്ചയായിരുന്നു.
ഫെബ്രുവരിയില്‍ കേന്ദ്ര സര്‍ക്കാര്‍ വന്ദേമാതരത്തിന് ദേശീയഗാനമായ 'ജന ഗണ മന'യ്ക്ക് തുല്യമായ സ്ഥാനം നല്‍കി. തുടര്‍ന്ന് സര്‍ക്കാര്‍, സ്‌കൂള്‍ പരിപാടികളിലെല്ലാം ദേശീയ ഗാനത്തോടൊപ്പം വന്ദേമാതരത്തിന്റെ ആറ് ഖണ്ഡികകളും ആലപിക്കുന്നത് നിര്‍ബന്ധമാക്കുകയായിരുന്നു. ഇത് വിവിധ സംസ്ഥാനങ്ങളിലും രാഷ്ട്രീയ പാര്‍ട്ടികളിലും പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടു.
തമിഴ്നാട്, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലെ സത്യപ്രതിജ്ഞാ ചടങ്ങുകളില്‍ വന്ദേമാതരം ആലപിച്ചിരുന്നു. തമിഴ്നാട്ടില്‍ വന്ദേമാതരം ആലപിച്ചതിന് മുഖ്യമന്ത്രി വിജയ്ക്കെതിരെ ഡിഎംകെ രംഗത്തെത്തിയിരുന്നു. അതുപോലെ കേരളത്തില്‍ വന്ദേമാതരം ആലപിച്ചതിനെ ഇടതുപക്ഷ പാര്‍ട്ടികളും വിമര്‍ശിച്ചിരുന്നു.