ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും ഇന്ത്യയെയും വാനോളം പുകഴ്ത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. താന്‍ നരേന്ദ്ര മോഡിയുടെ വലിയൊരു ആരാധകനാണെന്നും ഇന്ത്യയ്ക്ക് തന്നില്‍ നൂറ് ശതമാനം വിശ്വാസമര്‍പ്പിക്കാമെന്നും ട്രംപ് വ്യക്തമാക്കി. അമേരിക്കയുടെ സ്വാതന്ത്ര്യദിനാഘോഷങ്ങളോടനുബന്ധിച്ച് ഡല്‍ഹിയിലെ യു.എസ് എംബസിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദേഹം.
തന്റെ അടുത്ത സുഹൃത്തായ നരേന്ദ്ര മോഡിയെ തനിക്ക് ഏറെ ഇഷ്ടമാണ്. ഇന്ത്യയുടെ ഏത് അത്യാവശ്യ ഘട്ടത്തിലും ആദ്യം സഹായം അഭ്യര്‍ത്ഥിക്കാവുന്നത് അമേരിക്കയോടായിരിക്കുമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ സെര്‍ജിയോ ഗോറുമായുള്ള പ്രത്യേക സംഭാഷണത്തിലൂടെയാണ് ട്രംപ് എംബസിയിലെ സദസിനെ അഭിസംബോധന ചെയ്തത്. കഴിഞ്ഞ ദിവസം യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ അമേരിക്കയിലേക്ക് ഔദ്യോഗികമായി ക്ഷണിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ഇന്ത്യയുമായുള്ള സൗഹൃദം ദൃഢമാക്കിക്കൊണ്ടുള്ള ട്രംപിന്റെ പ്രസ്താവന പുറത്തുവരുന്നത്.
അതേസമയം ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുടെ പര്യടനം തുടരുകയാണ്. ഇന്ന് രാവിലെ ഒന്‍പതരയോടെ ആഗ്രയിലെത്തുന്ന അദേഹം താജ്മഹല്‍ സന്ദര്‍ശിക്കും. ഒരു മണിക്കൂറോളം താജ്മഹലില്‍ ചെലവഴിക്കുമെന്നാണ് വിവരം. അദേഹത്തിന്റെ സന്ദര്‍ശന സമയത്തും സാധാരണക്കാരായ വിനോദ സഞ്ചാരികള്‍ക്ക് താജ്മഹലില്‍ പ്രവേശനം അനുവദിക്കുമെന്ന പ്രത്യേകതയുമുണ്ട്.
ഉച്ചയോടെ രാജസ്ഥാന്‍ തലസ്ഥാനമായ ജയ്പൂരിലെത്തുന്ന യു.എസ് സ്റ്റേറ്റ് സെക്രട്ടറി, അവിടുത്തെ പ്രമുഖ ചരിത്ര-വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കും. രാജസ്ഥാന്റെ സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്ന വിവിധ പരിപാടികളിലും അദേഹം അതിഥിയായി പങ്കെടുക്കും. തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ, ഡല്‍ഹിയില്‍ നടക്കുന്ന സുപ്രധാനമായ ക്വാഡ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കാനായി അദേഹം രാജ്യതലസ്ഥാനത്തേക്ക് മടങ്ങും.