ബംഗളൂരു: കര്‍ണാടകയില്‍ ഡി.കെ ശിവകുമാറിന് മുഖ്യമന്ത്രി പദവിയിലേക്കുള്ള വഴിതുറന്ന് നല്‍കി മുഖ്യമന്ത്രി സിദ്ധരാമയ്യ തന്റെ ഔദ്യോഗിക രാജി പ്രഖ്യാപിച്ചു. വ്യാഴാഴ്ച രാവിലെ സ്വന്തം വസതിയില്‍ മന്ത്രിമാര്‍ക്കായി അദേഹം ഒരുക്കിയ പ്രത്യേക പ്രഭാത വിരുന്നിലാണ് പ്രഖ്യാപനം.
വരും ദിവസങ്ങളില്‍ ഡികെ ശിവകുമാറിനെ പൂര്‍ണമായി പിന്തുണച്ച് ഒപ്പം നില്‍ക്കാന്‍ സിദ്ധരാമയ്യ യോഗത്തില്‍ പങ്കെടുത്ത എല്ലാ മന്ത്രിമാരോടും ആവശ്യപ്പെട്ടു. പ്രഖ്യാപനത്തിന് പിന്നാലെ മന്ത്രിമാര്‍ മുഴുവന്‍ മുഖ്യമന്ത്രിയുടെ വസതിയില്‍ നിന്നും മടങ്ങി.
ഇന്ന് വൈകുന്നേരം മൂന്നിന് തന്നെ തന്റെ രാജിക്കത്ത് ഗവര്‍ണര്‍ക്ക് കൈമാറുമെന്നും സിദ്ധരാമയ്യ വ്യക്തമാക്കി. ഗവര്‍ണര്‍ താവര്‍ചന്ദ് ഗെലോട്ട് നിലവില്‍ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി ഇന്‍ഡോറിലാണെങ്കിലും രാജ്ഭവന്‍ സെക്രട്ടറി വഴി രാജി കൈമാറാനാണ് സിദ്ധരാമയ്യയുടെ തീരുമാനം.
ഭരണമാറ്റ വാര്‍ത്തകള്‍ പുറത്തു വന്നതോടെ ഉപമുഖ്യമന്ത്രിയും നിയുക്ത മുഖ്യമന്ത്രിയുമായ ഡി.കെ ശിവകുമാറിന്റെ ബംഗളൂരുവിലെ വസതിക്ക് മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വലിയ രീതിയിലുള്ള ആഘോഷങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. പ്രവര്‍ത്തകര്‍ കൂട്ടത്തോടെ മുദ്രാവാക്യം വിളിക്കുകയും പരസ്പരം മധുര പലഹാരങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു.
കോണ്‍ഗ്രസ് പാര്‍ട്ടിക്കായി സ്വന്തം ജീവിതം സമര്‍പ്പിച്ച നേതാവാണ് ഡി.കെ ശിവകുമാറെന്നും അദേഹം നൂറ് ശതമാനവും മുഖ്യമന്ത്രി പദവിക്ക് അര്‍ഹനാണെന്നും അണികള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. സിദ്ധരാമയ്യയും ഡി.കെ ശിവകുമാറും മനുഷ്യന്റെ രണ്ട് കണ്ണുകള്‍ പോലെയാണ് കര്‍ണാടകത്തില്‍ കോണ്‍ഗ്രസിനെ നയിച്ചതെന്നും ഈ വലിയ അധികാര കൈമാറ്റം വിജയകരമായി പൂര്‍ത്തിയാക്കിയ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനും രാഹുല്‍ ഗാന്ധിക്കും നന്ദി അറിയിക്കുന്നുവെന്നും വസതിക്ക് മുന്നില്‍ തടിച്ചു കൂടിയ അണികള്‍ വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം കോണ്‍ഗ്രസ് സര്‍ക്കാര്‍ രണ്ടര വര്‍ഷത്തെ ഭരണം പൂര്‍ത്തിയാക്കിയതു മുതല്‍ തന്നെ കര്‍ണാടകത്തില്‍ നേതൃമാറ്റത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായിരുന്നു. നിലവില്‍ മൂന്ന് വര്‍ഷത്തെ ഭരണം പൂര്‍ത്തിയാകുന്ന ഘട്ടത്തിലാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ കര്‍ശന നിര്‍ദേശപ്രകാരം സിദ്ധരാമയ്യ പദവി ഒഴിഞ്ഞത്.
പ്രഭാത വിരുന്നിനിടെ എഴുപത്തേഴുകാരനായ സിദ്ധരാമയ്യയുടെ പാദങ്ങള്‍ തൊട്ട് വണങ്ങി ഡി.കെ ശിവകുമാര്‍ അനുഗ്രഹം വാങ്ങുകയും ഇരുവരും പരസ്പരം ആലിംഗനം ചെയ്യുകയും ചെയ്തു. ഈ ചിത്രങ്ങള്‍ വലിയ രീതിയിലാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
ഗവര്‍ണറെ കാണാന്‍ സിദ്ധരാമയ്യ സമയം തേടിയിട്ടില്ലെന്ന് രാജ്ഭവന്‍ വൃത്തങ്ങള്‍ വ്യക്തമാക്കിയെങ്കിലും വൈകുന്നേരം മൂന്ന് മണിയോടെ രാജി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ തീരുമാനം. പുതിയ മുഖ്യമന്ത്രിയായി ഡി.കെ ശിവകുമാര്‍ അടുത്ത ദിവസങ്ങളില്‍ തന്നെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.