ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയായി ഡി.കെ ശിവകുമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ലോക് ഭവനില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ കേരള മുഖ്യമന്ത്രി വി.ഡി സതീശന്‍, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, ഹിമാചല്‍പ്രദേശ് മുഖ്യമന്ത്രി സുഖ്വിന്ദര്‍ സിങ് സുഖു എന്നിവര്‍ സന്നിഹിതരായിരുന്നു.
ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കെ.സി വേണുഗോപാല്‍, രണ്‍ദീപ് സിങ് സുര്‍ജേവാല, മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ തുടങ്ങിയ പ്രമുഖ കോണ്‍ഗ്രസ് നേതാക്കളും ചടങ്ങില്‍ സംബന്ധിച്ചു.
സത്യപ്രതിജ്ഞയ്ക്കായി വിളിച്ചപ്പോള്‍ വേദിയില്‍ മുട്ടുകുത്തി നിന്ന് ജനങ്ങള്‍ക്ക് മുന്നില്‍ നമസികരിച്ച ശേഷമാണ് ശിവകുമാര്‍ മൈക്കിനടുത്തേക്ക് നീങ്ങിയത്. ഒരു കൈയില്‍ ഭരണഘടനയുമേന്തിയാണ് അദേഹം സത്യപ്രതിജ്ഞ ചെയ്തത്.
തുടര്‍ന്ന് കര്‍ണാടക കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവും സിദ്ധരാമയ്യ മന്ത്രിസഭയിലെ ആഭ്യന്തര മന്ത്രിയുമായിരുന്ന ജി. പരമേശ്വര ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. അംബേദ്കറുടെ പേരിലാണ് അദേഹം സത്യപ്രതിജ്ഞ ചെയ്തത്.
ശിവകുമാറിനൊപ്പം 13 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പ്രിയങ്ക് ഖാര്‍ഗെ, യതീന്ദ്ര സിദ്ധരാമയ്യ, കെ.ജെ ജോര്‍ജ്, സതീഷ് ജാര്‍ക്കിഹോളി, ശിവരാജ് തംഗദാഗി, യു.ടി. ഖാദര്‍, രാമലിംഗ റെഡ്ഡി, ഈശ്വര്‍ ഖണ്ഡ്രെ, കൃഷ്ണ ബൈരെ ഗൗഡ, ബൈരതി സുരേഷ്, ശരണ്‍, പ്രകാശ് പാട്ടീല്‍, എം.ബി പാട്ടീല്‍, കെ.എച്ച് മുനിയപ്പ എന്നിവരാണ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്.