ഇത്രയും കോടികള്‍ എവിടെ നിന്ന്? തൃണമൂലിനെ പിടിച്ചുലച്ച് 440 കോടിയുടെ അക്കൗണ്ട് ഫ്രീസ്; അന്വേഷണവുമായി പൊലീസ്

ഇത്രയും കോടികള്‍ എവിടെ നിന്ന്? തൃണമൂലിനെ പിടിച്ചുലച്ച് 440 കോടിയുടെ അക്കൗണ്ട് ഫ്രീസ്; അന്വേഷണവുമായി പൊലീസ്

കൊല്‍ക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിലെ ആഭ്യന്തര തര്‍ക്കം പുതിയ തലത്തിലേക്ക്. പാര്‍ട്ടി ഫണ്ടുകളുടെ ഉറവിടത്തെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് വിമത എംഎല്‍എമാര്‍ പൊലീസിനെ സമീപിച്ചതിന് പിന്നാലെ ടിഎംസിയുടെ മൂന്ന് പ്രമുഖ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു.

കൊല്‍ക്കത്തയിലെ ഒരു പ്രമുഖ സ്വകാര്യ ബാങ്ക് അക്കൗണ്ടുകളിലായി 440 കോടിയോളം രൂപയുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം. ഇതോടെ അക്കൗണ്ടുകളില്‍ നിന്നുള്ള പണം പിന്‍വലിക്കലിനും മറ്റ് ഇടപാടുകള്‍ക്കും (ഡെബിറ്റ് ഫ്രീസ്) താല്‍കാലിക വിലക്ക് വീണു. എന്നാല്‍ അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിക്കുന്നതിന് തടസമുണ്ടാകില്ല.

പാര്‍ട്ടി ഫണ്ടിന്റെയും സംഘടനയുടെയും നിയന്ത്രണത്തിനായി മുന്‍ മന്ത്രി അരൂപ് ബിശ്വാസിന്റെ നേതൃത്വത്തിലുള്ള ഔദ്യോഗിക വിഭാഗവും പ്രതിപക്ഷ നേതാവ് ഋതബ്രത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള വിമത വിഭാഗവും തമ്മില്‍ കടുത്ത അധികാര തര്‍ക്കമാണ് നിലനില്‍ക്കുന്നത്. ഋതബ്രത ബാനര്‍ജിയെ അനുകൂലിക്കുന്ന പത്ത് വിമത എംഎല്‍എമാര്‍ ബിധാനഗര്‍ പൊലീസ് കമ്മീഷണറേറ്റിന് കീഴിലുള്ള സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനില്‍ ക്രിമിനല്‍ അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കിയതോടെയാണ് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ പൊലീസ് ബാങ്കിനോട് ആവശ്യപ്പെട്ടത്.

സ്വാധീനം ദുരുപയോഗം ചെയ്തും അഴിമതിയിലൂടെയും തട്ടിപ്പുകളിലൂടെയും സമാഹരിച്ച കള്ളപ്പണമാണോ ഇതെന്നും പൊതുപണം വകമാറ്റി മാറ്റിയതാണോ എന്നും അന്വേഷിക്കണമെന്ന് വിമത എംഎല്‍എമാര്‍ നല്‍കിയ പരാതിയില്‍ ആവശ്യപ്പെടുന്നു. പണത്തിന്റെ യഥാര്‍ത്ഥ ഉറവിടം വ്യക്തമല്ലെന്നാണ് ഇവരുടെ വാദം.

അതേസമയം പാര്‍ട്ടിയിലെ ഭിന്നത പരസ്യമായതോടെ വിമതര്‍ പാര്‍ട്ടി ഫണ്ട് ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി മുന്‍ ട്രഷറര്‍ കൂടിയായ അരൂപ് ബിശ്വാസ് കഴിഞ്ഞ ദിവസം ബാങ്കിന് കത്തയച്ചിരുന്നു. പാര്‍ട്ടി ഫണ്ട് സംരക്ഷിക്കണമെന്നും തര്‍ക്കങ്ങള്‍ തീരുന്നതുവരെ ഇടപാടുകള്‍ നിര്‍ത്തിവെക്കണമെന്നും അദേഹം കത്തില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് വിമതര്‍ നേരിട്ട് അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയത്.

എന്നാല്‍ അരൂപ് ബിശ്വാസിന് ഇപ്പോള്‍ പാര്‍ട്ടി ട്രഷറര്‍ സ്ഥാനമില്ലെന്നും പാര്‍ട്ടി കാര്യങ്ങള്‍ സംസാരിക്കാന്‍ അദേഹത്തിന് യാതൊരു അധികാരവുമില്ലെന്നും മമതാ ബാനര്‍ജി പക്ഷത്തെ എംഎല്‍എയും വക്താവുമായ കുനാല്‍ ഘോഷ് പ്രതികരിച്ചു. ജൂണ്‍ അഞ്ചിന് നടന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ സുഭാശിഷ് ചക്രവര്‍ത്തിയെ പുതിയ ട്രഷററായി ഐകകണ്‌ഠേന തിരഞ്ഞെടുത്തതായും അദേഹം വ്യക്തമാക്കി. വിമതരുടെ നീക്കത്തോടെ കേവലം ഒരു ആഭ്യന്തര തര്‍ക്കമെന്നതിനപ്പുറം വലിയൊരു സാമ്പത്തിക ക്രമക്കേട് അന്വേഷണത്തിലേക്കാണ് തൃണമൂല്‍ കോണ്‍ഗ്രസ് നീങ്ങുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.