ചെന്നൈ: തമിഴ്‌നാട്ടില്‍ ജോസഫ് വിജയ് നയിക്കുന്ന ടിവികെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമം നടന്നതായി സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം. സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ഗൂഢാലോചന തങ്ങള്‍ പരാജയപ്പെടുത്തിയതായും അവര്‍ അവകാശപ്പെട്ടു. സംഭവത്തില്‍ ചെന്നൈയില്‍ നിന്ന് മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
സര്‍ക്കാരിനെ താഴെയിറക്കാനായി 15 ടിവികെ എംഎല്‍എമാരുടെ രാജിക്ക് ശ്രമം നടന്നുവെന്നാണ് ആരോപണം. ഒരു ടിവികെ എംഎല്‍എയുടെ പരാതിയില്‍ ഉദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണത്തില്‍ ഒരു കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തിലെ ജീവനക്കാരനെ അറസ്റ്റ് ചെയ്തു.
അന്വേഷണത്തില്‍ മുന്‍ മന്ത്രിയും ഡിഎംകെ എംഎല്‍എയുമായ സെന്തില്‍ ബാലാജിയുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തിയതായും ഉദ്യോഗസ്ഥര്‍ പറയുന്നു. പിന്നീട് രണ്ടു പേരെ കൂടി അറസ്റ്റ് ചെയ്യുകയായിരുന്നു.
ആദ്യത്തെ അറസ്റ്റ് ചെന്നൈയിലും മറ്റു രണ്ടുപേരെ കരൂരില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്. ഗൂഢാലോചന സംബന്ധിച്ചുള്ള വിശാലമായ അന്വേഷണം നടക്കുകയാണെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.
ഉത്തംഗരൈയിലെ ടിവികെ എംഎല്‍എ എന്‍. ഇളയരാജ ചെന്നൈ പോലീസില്‍ പരാതി നല്‍കിയതോടെയാണ് വിഷയം പുറത്തുവന്നത്. ഐപിഡിഎസ് എന്ന കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തിലെ ഒരാള്‍ തമിഴ്നാട് നിയമസഭാ സ്പീക്കര്‍ ജെസിഡി പ്രഭാകരനെതിരെ അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കാന്‍ 35 കോടി രൂപ വാഗ്ദാനം ചെയ്തതായി അദ്ദേഹം ആരോപിച്ചു. ഈ വാഗ്ദാനം ആരോടും പറയരുതെന്ന് ഭീഷണിപ്പെടുത്തിയതായും എംഎല്‍എ പറഞ്ഞു
അറസ്റ്റിലായവരില്‍ ഒരാള്‍ സെന്തില്‍ ബാലാജിയുമായും അദ്ദേഹത്തിന്റെ സഹോദരന്‍ അശോകുമായും അടുപ്പമുള്ളയാളാണെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കൂടുതല്‍ അന്വേഷണം നടന്നു വരുന്നു.