ലണ്ടന്‍: യൂറോപ്പില്‍ തുടരുന്ന അതിശക്തമായ ഉഷ്ണതരംഗത്തില്‍ ജനജീവിതം ദുസഹമായി. ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, സ്പെയിന്‍, പോര്‍ച്ചുഗല്‍, ഹംഗറി, സ്ലൊവാക്യ, ക്രൊയേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ റെക്കോര്‍ഡ് താപനിലയാണ് രേഖപ്പെടുത്തുന്നത്.
പല പ്രദേശങ്ങളിലും താപനില 40 മുതല്‍ 46 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നതോടെ കാട്ടുതീയും വ്യാപകമായ ഗതാഗത തടസങ്ങളും പതിവായി. നിരവധി ഗ്രാമങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുകയും അഗ്‌നിശമന സേനാംഗങ്ങളെ വിന്യസിക്കുകയും ചെയ്തു. ചില വിനോദസഞ്ചാര കേന്ദ്രങ്ങളും അടച്ചു.
കടുത്ത ഉഷ്ണ തരംഗങ്ങള്‍ മൂലം യൂറോപ്പില്‍ 1,300 ലധികം പേര്‍ മരിച്ചതായാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍. പ്രായമായവര്‍ക്കും കുട്ടികള്‍ക്കും ഗുരുതര ആരോഗ്യ ഭീഷണിയുണ്ടെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.
ഉഷ്ണ തരംഗത്തെ തുടര്‍ന്ന് ഫ്രാന്‍സില്‍ നിരവധി പ്രദേശങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. രാജ്യത്തെ നിരവധി സ്‌കൂളുകള്‍ അടച്ചു. അതിശക്തമായ ചൂട് മൂലം വൈദ്യുതി ഉപഭോഗം കുത്തനെ ഉയര്‍ന്നതായും അധികൃതര്‍ അറിയിച്ചു. വീടിന് പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കാനും ആവശ്യത്തിന് വെള്ളം കുടിക്കാനും സര്‍ക്കാര്‍ പൊതുജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇറ്റലിയിലും പ്രധാന നഗരങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. നിര്‍മാണ, കാര്‍ഷിക തൊഴിലുകളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ഉച്ചസമയത്ത് ജോലി നിയന്ത്രണവും ഏര്‍പ്പെടുത്തി. ആശുപത്രികളില്‍ ചൂട് മൂലമുള്ള അസുഖങ്ങളുമായി എത്തുന്നവരുടെ എണ്ണം ഗണ്യമായി വര്‍ധിച്ചതായി അധികൃതര്‍ അറിയിച്ചു.
ജര്‍മനിയിലും ബ്രിട്ടനിലും ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന താപനിലയാണ് അനുഭവപ്പെടുന്നത്. റെയില്‍ ഗതാഗതത്തെയും വിമാന സര്‍വീസുകളെയും ചൂട് ബാധിച്ചിട്ടുണ്ട്. ചില റെയില്‍ പാതകളില്‍ വേഗപരിധി ഏര്‍പ്പെടുത്തിയതോടെ സര്‍വീസുകള്‍ വൈകാനും കാരണമായി.
ചൂടിനെ നിസാരമായി കാണരുതെന്ന് ലോകാരോഗ്യ സംഘടനയുടെ യൂറോപ്യന്‍ വിഭാഗം മുന്നറിയിപ്പ് നല്‍കി. പ്രത്യേകിച്ച് പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, ഹൃദ്രോഗികളും മറ്റ് ഗുരുതര രോഗങ്ങളുള്ളവരും അതീവ ജാഗ്രത പാലിക്കണമെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.
ആവശ്യത്തിന് വെള്ളം കുടിക്കുക, നേരിട്ടുള്ള സൂര്യപ്രകാശം ഒഴിവാക്കുക, ശരീരാസ്വാസ്ഥ്യം അനുഭവപ്പെട്ടാല്‍ ഉടന്‍ ചികിത്സ തേടുക എന്നീ നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്. അടുത്ത ദിവസങ്ങളിലും പല രാജ്യങ്ങളിലും ഉയര്‍ന്ന താപനില തുടരുമെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ പ്രവചനം.