ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ജപ്പാന്‍ പ്രധാനമന്ത്രി സനേ തകൈചിയുമായുള്ള കൂടിക്കാഴ്ചയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താന്‍ തീരുമാനം. ന്യൂഡല്‍ഹിയില്‍ നടന്ന 16-ാമത് ഇന്ത്യ-ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയിലാണ് തീരുമാനമെടുത്തത്.
ഇതിന്റെ ഭാഗമായി ഇന്ത്യയിലേക്ക് പത്ത് ലക്ഷം കോടി രൂപയുടെ നിക്ഷേപം എത്തുന്നതിനായുള്ള സഹകരണത്തിന് ധാരണയായി. ഏഷ്യയിലെ തന്നെ ഏറ്റവും നിര്‍ണായകമായ ശക്തികളായി മാറുന്നതിനുള്ള ഉടമ്പടികളിലാണ് ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയിലെത്തിയത്.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, സാമ്പത്തിക സുരക്ഷ, പ്രതിരോധം, ആരോഗ്യ സംരക്ഷണം, നിര്‍ണായക ധാതുക്കള്‍, ഊര്‍ജം എന്നിവയുമായി ബന്ധപ്പെട്ട കരാറുകളിലാണ് ധാരണയായത്.
ഇന്ത്യയും ജപ്പാനും പരമ്പരാഗത സഹകരണത്തിനപ്പുറം ഭാവിയില്‍ സാങ്കേതിക വിദ്യയും സാമ്പത്തിക സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള തയ്യാറെടുപ്പാണ് നിലവിലെ ചര്‍ച്ച.
ജപ്പാനില്‍ നിന്ന് പത്ത് ലക്ഷം കോടി രൂപയുടെ നിക്ഷേപം ഇന്ത്യയിലെത്താന്‍ ലക്ഷ്യമാക്കിയുള്ള സഹകരണത്തിന് പ്രധാനമന്ത്രിമാരുടെ കൂടിക്കാഴ്ചയില്‍ ധാരണയായി. സാങ്കേതിക വിദ്യയിലൂന്നിയുള്ള പങ്കാളിത്തം ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന്റെ ഏറ്റവും ശക്തമായ അടിസ്ഥാനമായി മാറുമെന്ന് ഇരു നേതാക്കളും പ്രഖ്യാപിച്ചു.
സ്വതന്ത്രവും സമൃദ്ധവും നിയമ സാധുതയുള്ളതുമായ ഇന്തോ-പസഫിക് മേഖല ഉറപ്പാക്കുന്നതിന് ജപ്പാനും ഇന്ത്യയും മുന്‍ഗണന നല്‍കുന്നു. സെമി കണ്ടക്ടറുകള്‍, നിര്‍ണായക ധാതുക്കള്‍, ക്വാണ്ടം സാങ്കേതിക വിദ്യ, ആരോഗ്യ സംരക്ഷണം എന്നീ മേഖലകളില്‍ സഹകരണം വര്‍ധിപ്പിക്കാനും ഉച്ചകോടിയില്‍ തീരുമാനമായി.
അടിസ്ഥാന സൗകര്യ വികസനത്തില്‍ നിന്ന് ആധുനിക സാങ്കേതിക വിദ്യയിലേക്കും ആഗോള തന്ത്രപ്രധാന മേഖലകളിലേക്കും ഇന്ത്യ-ജപ്പാന്‍ ബന്ധം വളരുന്നതിന്റെ സൂചനയാണ് ഉച്ചകോടിയിലെ തീരുമാനങ്ങള്‍.