യുവാക്കളുടെ ഭാവി തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ വെറുതെ വിടില്ലെന്ന് മോഡി; യുവാക്കളോട് ഏറ്റവുമധികം ദ്രോഹം ചെയ്തത് നിങ്ങളെന്ന് രാഹുല്‍

യുവാക്കളുടെ ഭാവി തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ വെറുതെ വിടില്ലെന്ന് മോഡി; യുവാക്കളോട് ഏറ്റവുമധികം ദ്രോഹം ചെയ്തത് നിങ്ങളെന്ന് രാഹുല്‍

ന്യൂഡല്‍ഹി: നീറ്റ് അടക്കമുള്ള പരീക്ഷാ ക്രമക്കേടുകളില്‍ പ്രതികളായ ആരെയും വെറുതെ വിടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. യുവാക്കളുടെ ഭാവി തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ ഒരു കാരണവശാലും വെറുതെ വിടില്ലെന്ന് ഉറപ്പു നല്‍കുന്നുവെന്നാണ് മോഡി പ്രതികരിച്ചത്. ചോദ്യപേപ്പര്‍ ചോര്‍ച്ച കേസുകള്‍ അതിവേഗം തീര്‍പ്പാക്കുന്നതിന് രാജ്യത്ത് ഫാസ്റ്റ്ട്രാക്ക് കോടതികള്‍ സ്ഥാപിക്കുമെന്നും അദേഹം അറിയിച്ചു.

എന്നാല്‍ പ്രധാനമന്ത്രിക്കെതിരെ രൂക്ഷ പ്രതികരണവുമായി ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി രംഗത്തു വന്നു. രാജ്യത്തെ യുവ ജനതയുടെ ഭാവിക്ക് ഏറ്റവുമധികം ദ്രോഹം ചെയ്തത് നിങ്ങളാണെന്ന് രാഹുല്‍ തിരിച്ചടിച്ചു.

'നമ്മുടെ വിദ്യാഭ്യാസ വ്യവസ്ഥ പൂര്‍ണമായും കൈപ്പിടിയിലൊതുക്കി നശിപ്പിക്കാന്‍ നിങ്ങള്‍ അവസരമൊരുക്കുകയും അതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. മാത്രമല്ല, അതിന് ഉത്തരവാദികളായ എല്ലാവരെയും നിങ്ങള്‍ സംരക്ഷിക്കുകയും ചെയ്തു'- രാഹുല്‍ പറഞ്ഞു.

'വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ വ്യക്തമാണ്. ആദ്യം ധര്‍മേന്ദ്ര പ്രധാനെ പുറത്താക്കുക. രണ്ടാമതായി വിദ്യാര്‍ത്ഥികളോട് മാപ്പ് പറയുക. മൂന്ന് അവരെ ആക്രമിച്ചവര്‍ക്കെതിരെ നടപടിയെടുക്കുക'- രാഹുല്‍ ആവശ്യപ്പെട്ടു.

യുവജന ക്ഷേമവുമായി ബന്ധപ്പെട്ട ദേശീയ സമ്മേളനത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. പരീക്ഷാ സംവിധാനത്തിന്റെ വിശ്വാസ്യത സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണെന്നും അദേഹം പറഞ്ഞു.

ഫാസ്റ്റ്ട്രാക്ക് കോടതികള്‍ സ്ഥാപിക്കുന്നതിലൂടെ വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നും കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കുമെന്നും ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ശക്തമായ സന്ദേശം ഇതിലൂടെ നല്‍കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.