പ്രധാനമന്ത്രിക്കെതിരെ വ്യാജ പ്രചാരണം: സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്കെതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്; പോസ്റ്റുകള്‍ നീക്കാന്‍ എക്‌സിന് നോട്ടീസ്

പ്രധാനമന്ത്രിക്കെതിരെ വ്യാജ പ്രചാരണം: സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്കെതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്; പോസ്റ്റുകള്‍ നീക്കാന്‍ എക്‌സിന് നോട്ടീസ്

ന്യൂഡല്‍ഹി: നീറ്റ് ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയ്‌ക്കെതിരെ ഡല്‍ഹി ജന്തര്‍ മന്തറില്‍ നടന്ന വിദ്യാര്‍ഥി പ്രതിഷേധത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ അപകീര്‍ത്തികരമായ സന്ദേശങ്ങള്‍ പ്രചരിപ്പിച്ച സംഭവത്തില്‍ ഡല്‍ഹി പൊലീസ് കേസെടുത്തു. പോസ്റ്റുകള്‍ പങ്കുവെച്ച വിവിധ സമൂഹമാധ്യമ അക്കൗണ്ടുകള്‍ക്കും ന്യൂസ് പോര്‍ട്ടലുകള്‍ക്കും ഡല്‍ഹി പൊലീസ് പ്രത്യേക നോട്ടീസ് അയച്ചു.

സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. പ്രതിഷേധവുമായി ബന്ധപ്പെട്ട ലോഗിന്‍, ലോഗ് ഔട്ട് വിവരങ്ങളും അക്കൗണ്ട് ഉടമകളുടെ വിശദാംശങ്ങളും നല്‍കാന്‍ എക്‌സ് പ്ലാറ്റ്ഫോമിനോട് പൊലീസ് ഔദ്യോഗികമായി ആവശ്യപ്പെട്ടു. വ്യാജ പ്രചാരണങ്ങള്‍ നടത്തിയ പോസ്റ്റുകള്‍ എത്രയും വേഗം നീക്കം ചെയ്യാനും തടഞ്ഞുവെക്കാനും ഡല്‍ഹി പൊലീസിന്റെ സോഷ്യല്‍ മീഡിയ നിരീക്ഷണ വിഭാഗം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പ്രതിഷേധത്തിന്റെ മറവില്‍ ഡീപ്‌ഫേക്ക്, എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മിച്ച വ്യാജ ഉള്ളടക്കങ്ങള്‍ പ്രചരിപ്പിച്ച 450 ഓളം സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവ നിരീക്ഷണത്തിലാണെന്നും സമാന രീതിയിലുള്ള ഉള്ളടക്കങ്ങള്‍ നീക്കം ചെയ്ത ശേഷവും കര്‍ശനമായ പരിശോധന തുടരുമെന്നും അധികൃതര്‍ അറിയിച്ചു.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് 36 ദിവസമായി നടന്നുവന്ന വിദ്യാര്‍ഥി സമരം അവസാനിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് പൊലീസിന്റെ ഈ നിര്‍ണായക നടപടി. കഴിഞ്ഞ ജൂലൈ 20 ന് നടന്ന സംസദ് ചലോ മാര്‍ച്ചിനിടെ പൊലീസും വിദ്യാര്‍ഥികളും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത 15 എഫ്ഐആറുകള്‍ പിന്നീട് പിന്‍വലിച്ചിരുന്നെങ്കിലും, സോഷ്യല്‍ മീഡിയയിലൂടെ നടത്തുന്ന വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുമായി മുന്നോട്ടുപോകാനാണ് പൊലീസിന്റെ തീരുമാനം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.