അക്രമം തടയണം: യുവജനങ്ങളുടെ വികാരം കണ്ടില്ലെന്ന് നടിക്കരുത്; സര്‍ക്കാരിനും പൊലീസിനും സുപ്രീം കോടതിയുടെ താക്കീത്

അക്രമം തടയണം: യുവജനങ്ങളുടെ വികാരം കണ്ടില്ലെന്ന് നടിക്കരുത്; സര്‍ക്കാരിനും പൊലീസിനും സുപ്രീം കോടതിയുടെ താക്കീത്

ന്യൂഡല്‍ഹി: ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്കെതിരെ ഡല്‍ഹി ജന്തര്‍ മന്തറിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും വിദ്യാര്‍ഥികളും യുവാക്കളും നടത്തുന്ന പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട കേസില്‍ നിര്‍ണായക നിരീക്ഷണം നടത്തി സുപ്രീം കോടതി. പ്രതിഷേധിക്കുന്ന യുവജനങ്ങളുടെ ആശങ്കകള്‍ കേട്ടു മനസിലാക്കാനാണ് അധികാരികള്‍ ശ്രമിക്കേണ്ടതെന്നും സാഹചര്യം അക്രമത്തിലേക്ക് വഴിവെക്കാതെ സംയമനം പാലിക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ജൂലൈ 20 ന് നടന്ന പ്രകടനങ്ങള്‍ക്ക് ആഹ്വാനം ചെയ്ത സി.ജെ.പിയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് വിരമിച്ച വ്യോമസേന ഉദ്യോഗസ്ഥര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഈ പരാമര്‍ശം.

സമരക്കാരായ യുവാക്കളെ കൈകാര്യം ചെയ്യുമ്പോള്‍ മുന്‍കരുതലുകള്‍ അത്യാവശ്യമാണെന്ന് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് ചൂണ്ടിക്കാട്ടി. ഈ യുവാക്കള്‍ അക്രമത്തിലേക്ക് കടക്കാതിരിക്കാന്‍ ശ്രദ്ധയോടെ നീങ്ങണമെന്ന് അദേഹം ഓര്‍മ്മിപ്പിച്ചു. അവരെ ഉപദേശിക്കുകയും ശാന്തരാക്കുകയുമാണ് വേണ്ടതെന്നും ഏറ്റവും ശക്തമായ ആയുധം അവരുടെ വാക്കുകള്‍ കേള്‍ക്കുക എന്നതാണെന്നും കോടതി വ്യക്തമാക്കി. എന്തുകൊണ്ടാണ് അവര്‍ ശബ്ദമുയര്‍ത്തുന്നത് എന്ന് കേള്‍ക്കാനും മനസിലാക്കാനും ശ്രമിക്കണമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. പ്രതിഷേധങ്ങള്‍ സമാധാനപരമായി നടക്കാന്‍ വഴിയൊരുക്കുകയാണ് വേണ്ടതെന്നും എന്നാല്‍ സ്ഥിതിഗതികള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് പൊലീസിനും ക്രമസമാധാന ഏജന്‍സികള്‍ക്കും വ്യക്തമായ ബോധ്യമുണ്ടെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

അതേസമയം, പൊലീസിന്റെയും സര്‍ക്കാരിന്റെയും ഭാഗത്തുനിന്നുണ്ടായ വീഴ്ചകള്‍ ചോദ്യം ചെയ്യപ്പെടുമ്പോഴും ജൂലൈ 20-ലെ അക്രമ സംഭവങ്ങള്‍ക്ക് കാരണക്കാരായ സമരാനുകൂലികള്‍ക്കെതിരെ അന്വേഷണം നടക്കുന്നില്ലെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു. പാര്‍ലമെന്റിലേക്ക് അനുമതിയില്ലാതെ മാര്‍ച്ച് നടത്തിയത് വലിയ സുരക്ഷാ ഭീഷണിയാണെന്നും മതപരമായ ചടങ്ങുകളിലോ കൂട്ടായ്മകളിലോ ഉണ്ടാകുന്ന അപാകതകള്‍ക്ക് സംഘാടകരെ ഉത്തരവാദികളാക്കുന്നതുപോലെ ഈ കേസിലും നടപടി വേണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു.

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രതിഷേധിച്ച് അന്നത്തെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ രാജി വെക്കണമെന്നാവശ്യപ്പെട്ട് ജൂണ്‍ മാസത്തിലാണ് ഓണ്‍ലൈന്‍ കൂട്ടായ്മയായ 'കോക്രോച്ച് ജനതാ പാര്‍ട്ടി' പ്രക്ഷോഭത്തിന് തുടക്കമിട്ടത്. ജൂലൈ 20-ന് പൊലീസിന്റെ വിലക്ക് ലംഘിച്ച് സംഘടിപ്പിച്ച 'സംസദ് ചലോ' മാര്‍ച്ചില്‍ പൊലീസും സമരക്കാരും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടാകുകയും ലത്തിച്ചാര്‍ജ്ജ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് പൊലീസ് കടക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ജൂലൈ 25-ന് ധര്‍മ്മേന്ദ്ര പ്രധാന്‍ രാജി വെച്ചതോടെയാണ് സമരം താല്‍ക്കാലികമായി അവസാനിപ്പിച്ചത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.