നവ സന്യാസിനികളുടെ പ്രഥമ വ്രതവാഗ്‌ദാന ചടങ്ങിനെത്തിയ ക്രൈസ്തവ കുടുംബാംഗങ്ങളെ തടഞ്ഞ് ഹിന്ദുത്വ സംഘടനകൾ

നവ സന്യാസിനികളുടെ പ്രഥമ വ്രതവാഗ്‌ദാന ചടങ്ങിനെത്തിയ ക്രൈസ്തവ കുടുംബാംഗങ്ങളെ തടഞ്ഞ് ഹിന്ദുത്വ സംഘടനകൾ

സാഗർ: മധ്യപ്രദേശിലെ സാഗർ ജില്ലയിലുള്ള ക്രൈസ്തവ കോൺവെന്റിൽ പ്രഥമ വ്രതവാഗ്‌ദാന ചടങ്ങിനെത്തിയ കുടുംബാംഗങ്ങളെ ഹിന്ദുത്വ സംഘടനകൾ തടഞ്ഞുവെച്ചു. സാഗർ രൂപതയ്ക്കു കീഴിലുള്ള ഹോളി ഫാമിലി സന്യാസിനീ സമൂഹത്തിലെ നവസന്യാസിനികളുടെ തിരുക്കർമ്മങ്ങളിൽ പങ്കെടുക്കാനെത്തിയവരെയാണ് മതപരിവർത്തനം ആരോപിച്ച് ഒരു വിഭാഗം പ്രവർത്തകർ വെള്ളിയാഴ്ച രാത്രിയിൽ തടഞ്ഞത്. ഖുറായ് ടൗണിലെ ബീന റോഡിലുള്ള ഹോളി ഫാമിലി കോൺവെൻ്റ് കാമ്പസിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.

ശനിയാഴ്ച രാവിലെ നടക്കാനിരുന്ന ചടങ്ങിനായി ഒഡീഷ, ബിഹാർ, ആസാം തുടങ്ങിയ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള നവസന്യാസിനികളുടെ മാതാപിതാക്കളും കുടുംബാംഗങ്ങളും തലേദിവസം തന്നെ കോൺവെന്റിൽ എത്തിയിരുന്നു. ഇവർക്കായി 25 പേരുടെ താമസ സൗകര്യമാണ് അധികൃതർ ഒരുക്കിയിരുന്നത്. എന്നാൽ ഇത് നിർബന്ധിത മതപരിവർത്തനമാണെന്ന് വ്യാജമായി ആരോപിച്ചാണ് പ്രതിഷേധക്കാർ കോൺവെന്റിലേക്ക് അതിക്രമിച്ചുകയറാൻ ശ്രമിക്കുകയും സംഘർഷാവസ്ഥ സൃഷ്ടിക്കുകയും ചെയ്തത്.

വിവിധ സംസ്ഥാനങ്ങളിൽനിന്ന് വിശ്വാസികളെ എത്തിച്ചിരിക്കുന്നത് മതപരിവർത്തനത്തിന്റെ ഭാഗമാണെന്നായിരുന്നു ഇവരുടെ തെറ്റായ ആരോപണം. സംഘർഷം രക്ഷമായതിനെ തുടർന്ന് ഖുറായ്, ബീന, ഖിംലാസ എന്നിവിടങ്ങളിൽ നിന്നുള്ള പൊലീസ്‌ സംഘം സ്ഥലത്തെത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയത്. തങ്ങൾ ദീർഘകാലമായി ക്രൈസ്തവ വിശ്വാസികളാണെന്നും സന്യാസ ദീക്ഷ സ്വീകരിക്കുന്ന തങ്ങളുടെ മക്കളുടെ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതാണെന്നും കുടുംബാംഗങ്ങൾ വ്യക്തമാക്കിയിട്ടും പ്രതിഷേധക്കാർ പിന്മാറാൻ തയ്യാറായില്ല.

സംഭവവുമായി ബന്ധപ്പെട്ട് സ്കൂൾ മാനേജ്‌മെന്റുമായും സ്ഥലത്തുണ്ടായിരുന്നവരുമായും പൊലീസ് സംസാരിച്ച് വിവരങ്ങൾ ശേഖരിച്ചുവരികയാണ്. ക്രൈസ്തവ സ്ഥാപനങ്ങളിലെ ഇത്തരം ചടങ്ങുകളെയും ഒത്തുചേരലുകളെയും തെറ്റായ രീതിയിൽ ചിത്രീകരിച്ച് ഭയപ്പെടുത്തുന്ന പ്രവണത മധ്യപ്രദേശിൽ വർധിച്ചുവരുന്നത് വിശ്വാസികൾക്കിടയിൽ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. ഔദ്യോഗിക യാഥാർത്ഥ്യങ്ങൾ ബോധ്യപ്പെടുത്തിയിട്ടും സഭയ്ക്കും സ്ഥാപനങ്ങൾക്കുമെതിരെയുള്ള ഇത്തരം വ്യാജ പ്രചാരണങ്ങൾ തുടരുന്നത് ഖേദകരമാണെന്ന് അധികൃതർ വ്യക്തമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.