പ്രതിക്കൂട്ടിലായ നിയമപാലനം

പ്രതിക്കൂട്ടിലായ നിയമപാലനം

കേരളത്തിലെ നിയമ പാലകർക്കിടയിൽ ക്രിമിനൽ പശ്ചാത്തലമുള്ളവർ വർദ്ധിച്ചു വരുന്നു എന്ന വാർത്ത ഞെട്ടിപ്പിക്കുന്നതാണ്. പോലീസ്, ജയിൽ, ഫോറസ്റ്റ് ജീവനക്കാർക്കിടയിൽ ഇത്തരത്തിലുള്ളവരുടെ എണ്ണം പെരുകി വർദ്ധിച്ചു എന്നത് വലിയ ആസ്വാഭാവികതയാണ് ഉളവാക്കുന്നത്. ഈ വകുപ്പുകളുടെ സമീപകാല പ്രകടനങ്ങളെ നിഷ്പക്ഷമായി വിലയിരുത്തുമ്പോൾ നേട്ടങ്ങളെക്കാളേറെ കോട്ടങ്ങളാണ് എന്നത് നമ്മുടെ ആഭ്യന്തര സുരക്ഷാ സംവിധാനത്തിന്റെ പരാജയത്തെയാണ് സൂചിപ്പിക്കുന്നത്.  

2011-ൽ ബഹുമാനപ്പെട്ട കേരള ഹൈക്കോടതി നിർദ്ദേശപ്രകാരം കേരളാ പൊലീസിലെ ക്രിമിനൽ പശ്ചാത്തലമുള്ള ആളുകളെ കണ്ടെത്തുന്നതിനായി ആഭ്യന്തര വകുപ്പ് ക്രൈം ബ്രാഞ്ച് ഡി ജി പി യുടെ നേതൃത്വത്തിൽ ഒരു ഉന്നത അന്യോഷണ സമിതിയെ നിയോഗിച്ചിരുന്നു. ക്രൈം ബ്രാഞ്ച് ഡി ജി പി ക്ക് പുറമേ, ഇന്റലിജൻസ് ഐ ജി, ആംഡ് പോലീസ് ബറ്റാലിയൻ ഡി ഐ ജി , സൂപ്രണ്ട് ഓഫ് പോലീസ്(സെക്യൂരിറ്റി), സൂപ്രണ്ട് ഓഫ് പോലീസ്(എൻ ആർ ഐ സെൽ) എന്നിവരായിരുന്നു സമിതി അംഗങ്ങൾ. കേരള പൊലീസിലെ 1129 പേർക്ക് വിവിധ ക്രിമിനൽ കേസുകളിൽ ബന്ധമുള്ളതായി ഈ സമിതി റിപ്പോർട്ട് സമർപ്പിച്ചു. കോളിളക്കമുണ്ടാക്കിയ ഈ അന്യോഷണ റിപ്പോർട്ടിനെക്കുറിച് തുടരന്യോഷണങ്ങൾ ഉണ്ടാവുകയും കേസിന്റെ ഗൗരവമനുസരിച്ചു പട്ടിക തയ്യാറാക്കുകയും, അതിൽത്തന്നെ 59 -ഓളം ഉദ്യോഗസ്ഥർ അതീവ ഗൗരവമായ ക്രിമിനൽ കേസുകളുമായി ബന്ധപ്പെട്ടവരാണെന്നു കണ്ടെത്തുകയും ചെയ്തു.

2018 -ൽ കേരളത്തിന്റെ ക്രമസമാധാന ചുമതലയുള്ള ഡി ജി പി ശ്രീ ലോക്നാഥ്‌ ബഹ്‌റ കേരളാ സ്റ്റേറ്റ് ഹ്യൂമൻ റൈറ്റ്സ് കമ്മീഷന് (എസ് എച്ച് ആർ സി) സമർപ്പിച്ച റിപ്പോർട്ടിൽ 387 പോലീസ് ഉദ്യോഗസ്ഥർ വിവിധ ക്രിമിനൽ കേസുകളിൽ പ്രതികളാണെന്നു അറിയിച്ചിരുന്നു. കേരളാ പോലീസ് ആക്റ്റ് -86 പ്രകാരം ഇത്തരം ഉദ്യോഗസ്ഥർക്കെതിരെ അടിയന്തര നടപടികൾക്കു മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു.

ഗൗരവതരമായ പല കേസുകളിലും അലംഭാവത്തോടെ സ്വീകരിച്ച തുടർ നടപടികൾ കേരളാ പൊലീസിന് ഇക്കാലയളവിൽ നാണക്കേടാവുകയും വിമർശനങ്ങൾക്കിടയാക്കുകയും ചെയ്തിട്ടുണ്ട്. 2005-ലെ ഉദയകുമാർ ഉരുട്ടിക്കൊലക്കേസും , കോട്ടയം സ്വദേശി കെവിനെ കാണാതായ പരാതിയിൽ പോലീസ് കാണിച്ച അലംഭാവവും, പാലത്തായി പീഡനക്കേസിൽ പ്രമുഖ പോലീസ് ഉദ്യോഗസ്ഥന്റെ ഫോൺ സംഭാഷണം പുറത്തായതും, വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി പീഡന വിവാദങ്ങളും, "ലൗ ജിഹാദ്" ആരോപണങ്ങളിൽ പോലീസിന്റെ നിഷ്ക്രിയത്വവും, 2020 ഫെബ്രുവരി യിൽ പുറത്തിറങ്ങിയ കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ റിപ്പോർട്ടിലെ കേരളാ പൊലീസിനെതിരായ ഗുരുതരമായ പരാമർശങ്ങളും , ഏറ്റവും അവസാനം കേൾക്കേണ്ടി വന്ന ആലുവ റൂറൽ എസ് പി ശ്രീ കെ കാർത്തിക്കിന്റേത് എന്ന പേരിൽ പ്രചരിക്കപ്പെടുന്ന പെറ്റിക്കേസ് എണ്ണം തികയ്ക്കാനുള്ള വയർലെസ് നിർദ്ദേശവും വേലി തന്നെ വിളവ്‌ തിന്നുന്നതിന്റെ സൂചനകളാണ്. മനുഷ്യാവകാശ ലംഘനങ്ങളായ ഇത്തരം കാര്യങ്ങളിൽ ജനാധിപത്യപരമായ വിമർശനങ്ങളും അന്യോഷണങ്ങളും നടത്തുകയും കുറ്റക്കാരായവർക്കെതിരെ മുഖം നോക്കാതെ നടപടി എടുക്കുകയും ചെയ്യേണ്ടത് കേരളാ പോലീസിന്റെ അഭിമാന പ്രശ്നമാണ്. പ്രമാദമായ സ്വർണ്ണ കള്ളക്കടത്തു കേസിൽ കേരളാ പോലീസിന്റെ മൂക്കിൻ തുമ്പിലുണ്ടായിരുന്ന പ്രതി അതീവ സുരക്ഷാ വലകൾ ഭേദിച്ച് സംസ്ഥാന അതിർത്തി കടന്ന് രക്ഷപെട്ടു ബാംഗ്ലൂർ എത്തിച്ചേർന്നത് ഏതൊരു ക്രിമിനൽ പ്രതികൾക്കെതിരെയും പോലീസ് സ്വാഭാവികമായി സ്വീകരിക്കേണ്ട ജാഗ്രതകുറവ് മാത്രമല്ല കൃത്യമായ അലംഭാവത്തിന്റെയും നിഷ്ക്രിയത്വത്തിന്റെയും സൂചന കാണിക്കുന്നു.

പ്രമാദമായ പല കേസുകളിലും പ്രതികളെ പ്രദർശിപ്പിച്ചോ-അല്ലാതെയോ പ്രസ്തുത അന്യോഷണ ഉദ്യോഗസ്ഥൻ മാധ്യമങ്ങൾക് മുന്നിൽ കുറ്റന്യോഷണത്തിന്റെ വീരസ്യങ്ങൾ വിളമ്പുന്നത് പൊതുവെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പുരോഗമന സമൂഹത്തിന് ചേരാത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് കോടതി വിചാരണയോ വിധിയോ കഴിയാത്ത ഇത്തരം കേസുകളിൽ നടത്തുന്ന പൊതു പരാമർശങ്ങൾ എന്ന് ഉന്നത ഉദ്യോഗസ്ഥരെങ്കിലും മനസ്സിലാക്കുകയും ശരിയായ അക്കാദമിക പരിശീലനം ഇത്തരം ഉദ്യോഗസ്‌ഥർക്ക് പരിശീലന കാലഘട്ടത്തിൽ ഉറപ്പു വരുത്തി അവരുടെ നിലവാരം ഉയർത്തുകയും ചെയ്യണം. കൂടത്തായി കൂട്ടക്കൊല കേസിലും, നടൻ ദിലീപിനെതിരായ കേസിലും , ബിഷപ്പ് ഫ്രാങ്കോയ്ക് എതിരായ പരാതിയിലും സ്വീകരിച്ച ഇത്തരം സമീപനങ്ങൾ കേരളാ പോലീസിന്റെ 'അൺ പ്രൊഫഷണലിസമാണ്' വെളിവാക്കിയത്.

ഫോറസ്റ്റ് ഉദ്യോഗസ്ഥർ നിയമാനുസൃതമല്ലാതെ കസ്റ്റഡിയിലെടുത്ത പത്തനംതിട്ട പൊന്നു മത്തായിയുടെ അസ്വാഭാവിക മരണവും , കേരളത്തിലെ ജയിലുകളിൽ ചില തടവ് കുറ്റവാളികൾക് ലഭിക്കുന്ന പ്രത്യേക പരിഗണനകളെക്കുറിച്ചുള്ള നിരന്തര വാർത്തകളും, സർക്കാരും നിയമ സംവിധാനങ്ങളും ഗൗരവത്തിലെടുക്കുകയും ഇക്കാര്യങ്ങളിൽ നിയമ വാഴ്ച്ച ഉറപ്പു വരുത്തുകയും വേണം. കഴിവുള്ളവരും നിഷ്പക്ഷമതികളുമായ ഉദ്യോഗസ്ഥരെ അടപടലം പൊട്ടിയ പൊതുമേഖലാ സ്ഥാപന മേധാവികളും, ക്രിമിനലുകളെയും ശീൽബന്ധികളെയും ക്രമസമാധാന ചുമതലയും ഏൽപ്പിച്ചാൽ കേരളാ പൊലീസിന് ഇനിയും പഴി കേൾക്കേണ്ടിവരും.

വിപിൻ തോമസ് 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.