മരണത്തെ തോൽപ്പിച്ച സ്നേഹം; അള്‍ത്താര ബാലന്മാരെ രക്ഷിക്കാൻ കടലിലേക്ക് ചാടിയ വൈദികർക്ക് മരണം

മരണത്തെ തോൽപ്പിച്ച സ്നേഹം; അള്‍ത്താര ബാലന്മാരെ രക്ഷിക്കാൻ കടലിലേക്ക് ചാടിയ വൈദികർക്ക് മരണം

ക്വിറ്റൊ: ലോകത്തെ കണ്ണീരണിയിച്ച് രണ്ട് കത്തോലിക്കാ വൈദികരുടെ ആത്മത്യാഗം. കടലിൽ മുങ്ങിത്താഴ്ന്ന രണ്ട് അൾത്താര ബാലന്മാരെ രക്ഷിക്കുന്നതിനിടെയാണ് ഫാ. അൽഫോൺസോ ആവിലസ് പെരസ് (58), ഫാ. പെദ്രോ അൻസോട്ടെഗുയി (42) എന്നിവർക്ക് ജീവൻ നഷ്ടമായത്. സ്വന്തം ജീവൻ ബലി നൽകിയും തങ്ങളുടെ കീഴിലുള്ള കുഞ്ഞുങ്ങളെ സംരക്ഷിച്ച വൈദികരുടെ സ്നേഹം 'തിരുവചനത്തിന്റെ സാക്ഷ്യമായി' വിശ്വാസി ലോകം വാഴ്ത്തുന്നു.

ഇക്വഡോറിലെ പ്ലയാസ് എന്ന തീരദേശ നഗരത്തിൽ അൾത്താര ബാലന്മാർക്കായി സംഘടിപ്പിച്ച ധ്യാനത്തിനിടെയാണ് നാടിനെ നടുക്കിയ സംഭവം. ധ്യാനത്തിനെത്തിയ രണ്ട് കുട്ടികൾ കടലിൽ മുങ്ങിത്താഴുന്നത് ശ്രദ്ധയിൽപ്പെട്ട വൈദികർ മറ്റൊന്നും ചിന്തിക്കാതെ കടലിലേക്ക് എടുത്തു ചാടുകയായിരുന്നു. കുട്ടികളെ സുരക്ഷിതമായി കരയ്‌ക്കെത്തിക്കാൻ ഇവർക്ക് സാധിച്ചുവെങ്കിലും ശക്തമായ അടിയൊഴുക്കിൽപ്പെട്ട് വൈദികർ രണ്ടുപേരും കടലിൽ താഴുകയായിരുന്നു.

സ്പെയിൻ സ്വദേശിയായ ഫാ. അൽഫോൺസോ ആവിലസ് പെരസ് ദൗൾ രൂപതയിലെ സാൻ ആൽബർട്ടോ മാഗ്നോ ഇടവക വികാരിയായിരുന്നു. “സ്വർ​ഗമാണ് നമ്മുടെ ലക്ഷ്യം അതുകൊണ്ട് ആവേശത്തോടെ മുന്നേറുക” എന്ന് എപ്പോഴും തന്റെ ശിഷ്യന്മാരെ ഓർമ്മിപ്പിച്ചിരുന്ന അദേഹം ആ ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ സ്വന്തം ജീവൻ തന്നെ സമർപ്പിച്ചു. സാൻ ജസീന്തോ രൂപതയിലെ സേവനത്തിലൂടെ ഏവർക്കും പ്രിയങ്കരനായിരുന്ന ഫാ. പെദ്രോ അൻസോട്ടെഗുയിയും ഈ ധീരമായ രക്ഷാദൗത്യത്തിലാണ് വിടവാങ്ങിയത്.

വിവരമറിഞ്ഞ് ഇക്വഡോർ പ്രഥമ വനിത ഉൾപ്പെടെയുള്ള പ്രമുഖർ വൈദികർക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിയിരുന്നു. പിഞ്ചു കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിക്കാൻ സ്വന്തം ജീവൻ പണയം വെച്ച ഈ പുരോഹിതർ ലോകമെമ്പാടുമുള്ള ക്രൈസ്തവ സമൂഹത്തിന് വലിയൊരു പ്രചോദനമായി മാറിയിരിക്കുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.