മൂന്നാമതായെങ്കിലും മുരളി തിരിച്ചു പിടിച്ചത് 22,664 വോട്ടുകള്‍; ഫലത്തില്‍ ബിജെപി അക്കൗണ്ട് ക്ലോസ് ചെയ്തത് കോണ്‍ഗ്രസ്‌

മൂന്നാമതായെങ്കിലും മുരളി തിരിച്ചു പിടിച്ചത് 22,664 വോട്ടുകള്‍;  ഫലത്തില്‍ ബിജെപി അക്കൗണ്ട് ക്ലോസ് ചെയ്തത് കോണ്‍ഗ്രസ്‌

തിരുവനന്തപുരം: നേമം മണ്ഡലത്തില്‍ കെ.മുരളീധരന്‍ മൂന്നാമതായെങ്കിലും കാലാകാലങ്ങളായി കോണ്‍ഗ്രസിന് നഷ്ടപ്പെട്ടു പോയ 22,664 വോട്ടുകള്‍ തിരികെ പിടിച്ചു എന്ന നേട്ടവുമായാണ് കോണ്‍ഗ്രസിന്റെ കരുത്തന്‍ തിരിച്ച് വടകരയ്ക്ക് വണ്ടി കയറുന്നത്.

2016-നെ അപേക്ഷിച്ച് ഇത്തവണ ജയിച്ച വി. ശിവന്‍കുട്ടിക്കും രണ്ടാമതെത്തിയ ബി.ജെ.പിയുടെ കുമ്മനം രാജശേഖരനും വോട്ട് കുറഞ്ഞപ്പോള്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥി കെ. മുരളീധരന് വോട്ടുകള്‍ ഇരട്ടിയിലധികമായി വര്‍ധിച്ചു. എല്‍.ഡി.എഫിന് 3,305-ഉം ബി.ജെ.പിക്ക് 15,925 വോട്ടുമാണ് കഴിഞ്ഞ തവണത്തെക്കാള്‍ കുറഞ്ഞത്. അതേസമയം, യു.ഡി.എഫിന് 22,664 വോട്ടുകളുടെ വര്‍ധനവുണ്ടായി.

2016-ല്‍ ബിജെപിക്ക് 67,813 വോട്ട് ലഭിച്ചിരുന്നു. ഇത്തവണ അത് 51,888 ആയി കുറഞ്ഞു. സി.പി.എമ്മിന് 2016-ല്‍ 59,142 വോട്ടായിരുന്നു ലഭിച്ചത്. ഇത്തവണ 55,837 വോട്ടായി കുറഞ്ഞു. വ്യത്യാസം 3,305 വോട്ട്. ശിവന്‍കുട്ടിയുടെ ഭൂരിപക്ഷം 3,949. യു.ഡി.എഫിന് 13,860 വോട്ടുണ്ടായിരുന്നത് 36, 524 വോട്ടായി വര്‍ധിച്ചു.

കെ. മുരളീധരന്റെ വരവോടെ കോണ്‍ഗ്രസിന് വോട്ട് ഗണ്യമായി വര്‍ധിപ്പിക്കാനായതും കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് വോട്ട് കുറഞ്ഞിട്ടും വി. ശിവന്‍കുട്ടിയുടെ വിജയം ഉറപ്പാക്കിയതില്‍ നിര്‍ണായകമായി. രാജഗോപാലിനെ ജയിപ്പിച്ചത് യു.ഡി.എഫാണെന്ന സി.പി.എം. ആരോപണത്തിലെ കഴമ്പും ഇതിലുണ്ടെന്ന് കാണാനാകും. അങ്ങനെയാണെങ്കില്‍ ശിവന്‍കുട്ടിയെ ജയിപ്പിച്ചതും കോണ്‍ഗ്രസ് ആണെന്നു പറയേണ്ടി വരും.

ഫലത്തില്‍ തോറ്റെങ്കിലും ബി.ജെ.പിയിലേക്ക് ഒഴുകിയ വോട്ട് തിരികെയെത്തിക്കാന്‍ കെ. മുരളീധരനിലൂടെ യു.ഡി.എഫിനും കഴിഞ്ഞുവെന്ന് ആശ്വസിക്കാം. അതേസമയം, തങ്ങളുടെ വോട്ടുകള്‍ എന്നും അരക്കിട്ടുപ്പിക്കാന്‍ സി.പി.എമ്മിനായിട്ടുണ്ട് എന്നതാണ് അവരുടെ വിജയത്തിന്റെ പ്രധാന ഘടകം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.