തോറ്റ് തുന്നംപാടിയിട്ടും ഗ്രൂപ്പ് കളിയില്‍ കുറവില്ല; ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് എ ഗ്രൂപ്പ് രഹസ്യ യോഗം

തോറ്റ് തുന്നംപാടിയിട്ടും  ഗ്രൂപ്പ് കളിയില്‍ കുറവില്ല; ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് എ ഗ്രൂപ്പ് രഹസ്യ യോഗം


തിരുവനന്തപുരം : തെരഞ്ഞെടുപ്പില്‍ തോറ്റ് തുന്നംപാടിയെങ്കിലും ഗ്രൂപ്പ് കളിയില്‍ വിജയിക്കാന്‍ കോണ്‍ഗ്രസിലെ എ, ഐ ഗ്രൂപ്പുകള്‍ അണിയറയില്‍ അങ്കം തുടങ്ങി.

ഇതിന്റെ ഭാഗമായി എ ഗ്രൂപ്പിലെ പ്രമുഖ നേതാക്കള്‍ ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ ആര്യാടന്‍ മുഹമ്മദിന്റെ തിരുവനന്തപുരത്തെ വീട്ടില്‍ രഹസ്യ യോഗം ചേര്‍ന്നു. ബെന്നി ബെഹനാന്‍, കെ.ബാബു, എം.എം. ഹസന്‍ എന്നിവര്‍ പങ്കെടുത്തു. എന്നാല്‍ ഗ്രൂപ്പ് യോഗം ചേര്‍ന്നിട്ടില്ലെന്നാണ് എം.എം ഹസന്റേയും കെ. ബാബുവിന്റേയും പ്രതികരണം.

അതേസമയം, കോണ്‍ഗ്രസില്‍ തിരക്കിട്ട് നേതൃമാറ്റം വേണ്ടെന്ന് കെ. സുധാകരന്‍ പറഞ്ഞു. ആലോചിച്ച് ബുദ്ധിപൂര്‍വം തീരുമാനമെടുക്കണം. ഹൈക്കമാന്‍ഡിന്റെ തീരുമാനം എല്ലാവരും ഉള്‍കൊള്ളമെന്നും സുധാകരന്‍ പറഞ്ഞു. നേമത്തെ വെല്ലുവിളിയേറ്റെടുക്കാന്‍ കോണ്‍ഗ്രസില്‍ മറ്റാരും തയാറായില്ലെന്ന് കെ.മുരളീധരനും വിമര്‍ശനം ഉന്നയിച്ചിരുന്നു. ബിജെപിയുടെ അക്കൗണ്ട് പൂട്ടിച്ചത് യുഡിഎഫാണ്. ബിജെപിയുടെ വോട്ട് കുറഞ്ഞതില്‍ മുഖ്യമന്ത്രിക്കാണ് ദുഃഖമെന്നും മുരളീധരന്‍ ആരോപിച്ചു.

ദയനീയ തോല്‍വിക്കു ശേഷവും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ രാജി സന്നദ്ധത പ്രകടിപ്പിക്കാത്തതില്‍ ഹൈക്കമാന്‍ഡ് അതൃപ്തി പ്രകടിപ്പിച്ചിരുന്നു. അതേ സമയം, ഇവരെ നീക്കേണ്ടതുണ്ടോയെന്ന കാര്യം ചര്‍ച്ചയ്‌ക്കെടുത്തിട്ടില്ല. നേതൃത്വം ഇടപെട്ടു മാറ്റിയെന്നു വരുത്താതെ സ്വയം ഒഴിയുന്നതാണ് ഉചിതമെന്നാണ് ഹൈക്കമാന്‍ഡിന്റെ വിലയിരുത്തല്‍.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.