സജനയ്ക്ക് സ്വാന്തനുവുമായി സാമൂഹിക നീതി വകുപ്പ്

സജനയ്ക്ക് സ്വാന്തനുവുമായി  സാമൂഹിക നീതി വകുപ്പ്

തിരുവനന്തപുരം: സജനയ്ക്ക് ജീവിതോപാധി കണ്ടെത്തുന്നതിന് സാമൂഹ്യനീതി വകുപ്പിന്റെ ഭാഗമായ കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ വി കെയര്‍ പദ്ധതി വഴി സാമ്പത്തിക സഹായം നല്‍കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളത്ത് വഴിയോരത്ത് ബിരിയാണി കച്ചവടം നടത്തി ഉപജീവനം നടത്തുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തിയായ സജനയ്ക്ക് നേരെ സാമൂഹ്യവിരുദ്ധര്‍ നടത്തിയ അക്രമണത്തിന്റെ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് പ്രശ്‌നത്തില്‍ മന്ത്രി ഇടപെട്ടത്. സജനയെ ഫോണില്‍ വിളിച്ച് സംസാരിക്കുകയും ആവശ്യമായ സഹായവും സുരക്ഷയും നല്‍കുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു. സജനയ്ക്ക് മതിയായ സംരക്ഷണം നല്‍കുന്നതിന് ജില്ലാ കളക്ടറോടും പോലീസിനോടും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

സമൂഹത്തില്‍ സ്ത്രീയും പുരുഷനും എന്നപോലെ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളും തുല്യ അവകാശമുള്ള പൗരന്മാരാണ്. അവരെ അവഹേളിക്കാന്‍ ആരെയും അനുവദിക്കില്ല. ഈ സര്‍ക്കാര്‍ വന്നതിനുശേഷം ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ഐഡി കാര്‍ഡ് നല്‍കിയും ട്രാന്‍സ്‌ജെന്‍ഡര്‍ കൗണ്‍സില്‍ ഇതില്‍ രൂപീകരിച്ചതുമടക്കം നിരവധി പദ്ധതികളാണ് ആവിഷ്‌കരിച്ചിട്ടുള്ളത്. മഴവില്ല് എന്ന പദ്ധതി രൂപീകരിച്ചു കൊണ്ട് സ്‌കില്‍ ഡെവലപ്‌മെന്റ് പദ്ധതി, സ്വയം തൊഴില്‍ വായ്പാ സൗകര്യങ്ങള്‍, തുല്യതാ വിദ്യാഭ്യാസം മുതല്‍ ഉപരിപഠനം വരെ അടക്കമുള്ള നിരവധി പദ്ധതികളാണ് നടപ്പിലാക്കുന്നത്. കേരളത്തില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന് കുടുംബത്തിലും സമൂഹത്തിലും ആദരവും അംഗീകാരവും പ്രകടിപ്പിച്ചു തുടങ്ങിയ അവസരത്തില്‍ ഇത്തരത്തിലുള്ള അതിക്രമങ്ങള്‍ ഒരിക്കലും അംഗീകരിക്കില്ല.

സജനയെയും സുഹൃത്തുക്കളെയും അപമാനിച്ച അക്രമികള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുന്നതോടൊപ്പം സ്വന്തമായി ജോലി ചെയ്തു അന്തസോടെ ജീവിക്കാനുള്ള അവസരം അവര്‍ക്ക് ഉണ്ടാക്കി കൊടുക്കുന്നതിന് സര്‍ക്കാര്‍ തയ്യാറാകും. സാമൂഹ്യനീതി വകുപ്പ് സെക്രട്ടറി ബിജു പ്രഭാകര്‍, ഡയറക്ടര്‍ ഷീബ ജോര്‍ജ്, സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍ എന്നിവര്‍ എന്നിവര്‍ മുഖാന്തരം പ്രശ്‌നത്തില്‍ ഇടപെടുകയും സഹായം എത്തിക്കുകയും ചെയ്തിട്ടുണ്ട്.

ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തെ അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനായി ഇന്ത്യയില്‍ ആദ്യമായി ട്രാന്‍സ്‌ജെന്‍ഡര്‍ പോളിസി നടപ്പിലാക്കിയ സംസ്ഥാനം കേരളമാണ്. ഈ പോളിസിയുടെ ഭാഗമായി ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാരിന്റെ സാമൂഹ്യ നീതി വകുപ്പ് വിവിധ ക്ഷേമ പദ്ധതികളാണ് ആവിഷ്‌കരിച്ചു വരുന്നത്. ഇവ ഏകോപിപ്പിക്കുന്നതിന് വിപുലമായ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കുകയും ചെയ്തിട്ടുണെന്നും മന്ത്രി വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.