പ്രതിരോധ മേഖലയില്‍ ചരിത്രം കുറിച്ച് വനിതകള്‍; ഓസ്‌ട്രേലിയയില്‍ ആദ്യ സൈനിക ബഹിരാകാശ കമാന്‍ഡറായി കാതറിന്‍ റോബര്‍ട്ട്‌സ്

പ്രതിരോധ മേഖലയില്‍ ചരിത്രം കുറിച്ച് വനിതകള്‍; ഓസ്‌ട്രേലിയയില്‍ ആദ്യ സൈനിക ബഹിരാകാശ കമാന്‍ഡറായി കാതറിന്‍ റോബര്‍ട്ട്‌സ്

സിഡ്‌നി: ഓസ്‌ട്രേലിയയിലെ പ്രതിരോധ മേഖലയില്‍ പുതുചരിത്രം കുറിച്ച് ഒരു വനിത സൈനിക ബഹിരാകാശ കമാന്‍ഡ് വിഭാഗത്തിന്റെ ആദ്യ മേധാവിയായി ചുമതലയേല്‍ക്കുന്നു. വ്യോമസേനാ എയര്‍ വൈസ് മാര്‍ഷലായ കാതറിന്‍ റോബര്‍ട്ട്‌സാണ് രാജ്യത്ത് ആരംഭിക്കുന്ന മിലിട്ടറി സ്‌പേസ് കമാന്‍ഡ് ഡിവിഷന്റെ മേധാവിയായി അടുത്ത വര്‍ഷം ജനുവരിയില്‍ ചുമതലയേല്‍ക്കുന്നത്.

നിലവില്‍ റോയല്‍ ഓസ്ട്രേലിയന്‍ എയര്‍ഫോഴ്സിന്റെ (റാഫ്) എയര്‍ വൈസ് മാര്‍ഷലായ കാതറിന്‍ ബഹിരാകാശത്ത് ശക്തി തെളിയിച്ച വനിതകളുടെ പേരിനൊപ്പം തന്റെ പേരു കൂടി എഴുതിച്ചേര്‍ക്കാനൊരുങ്ങുകയാണ്.

മുപ്പത്തഞ്ചു വര്‍ഷത്തെ എയര്‍ഫോഴ്‌സിലെ സ്തുത്യര്‍ഹ സേവനത്തിനുശേഷമാണ് കാതറിന്‍ രാജ്യത്തെ ആദ്യ സ്‌പേസ് കമാന്‍ഡറായി ചുമതല ഏറ്റെടുക്കുന്നത്. ഓസ്‌ട്രേലിയയുടെ വ്യോമയാന ശേഷി വര്‍ധിപ്പിക്കുന്നതില്‍ കാതറിന്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്.

പുതിയ മിലിട്ടറി സ്‌പേസ് കമാന്‍ഡ് ഡിവിഷന്‍ ആരംഭിക്കുമെന്നു വ്യോമസേനാ മേധാവി എയര്‍ മാര്‍ഷല്‍ മെല്‍ ഹുപ്ഫെല്‍ഡ് വെളിപ്പെടുത്തിയതിനു പിന്നാലെയാണ് കാതറിന്റെ നിയമനം സംബന്ധിച്ച പ്രഖ്യാപനവും വന്നത്.

ചൊവ്വയില്‍ ആദ്യമായി കാലുകുത്തിയ ബഹിരാകാശ യാത്രികന്‍ നീല്‍ ആംസ്‌ട്രോങ്ങിനെ ബാല്യത്തില്‍ മനസില്‍ ആരാധിച്ച കാതറിന്‍ താനും അങ്ങനെയൊരു ചരിത്ര ദൗത്യത്തിന്റെ ഭാഗമാകുന്നത് സ്വപ്‌നം കണ്ടിരുന്നു. കഴിഞ്ഞ വര്‍ഷം നടന്ന വുമണ്‍ ഇന്‍ ലീഡര്‍ഷിപ്പ് ഡിജിറ്റല്‍ ഉച്ചകോടിയില്‍ നിയുക്ത സ്‌പേസ് കമാന്‍ഡര്‍ തന്റെ ജീവിതാഭിലാഷം വെളിപ്പെടുത്തിയിരുന്നു. തന്റെ ബഹിരാകാശ സ്വപ്‌നങ്ങളില്‍ സ്വാധീനം ചെലുത്തിയ ആദ്യ വ്യക്തി നീല്‍ ആംസ്‌ട്രോംഗ് ആയിരുന്നുവെന്ന് കാതറിന്‍ പറഞ്ഞു.


നതാഷ ഫോക്‌സ്‌

1969-ല്‍ ആംസ്‌ട്രോംഗ് ചന്ദ്രന്റെ ഉപരിതലത്തിലേക്ക് ഗോവണിയില്‍ ഇറങ്ങുകയും ചന്ദ്രനില്‍ ആദ്യമായി വാക്കുകള്‍ ഉച്ചരിക്കുകയും ചെയ്തത് മൂന്ന് വയസുകാരിയായ ഞാന്‍ വിസ്മയത്തേടെയാണ് നോക്കിയത്. ഇത് മനുഷ്യരശിക്കും ദശലക്ഷക്കണക്കിന് എന്‍ജിനീയര്‍മാര്‍ക്കും അവിശ്വസനീയമായ നിമിഷമായിരുന്നു-കാതറിന്‍ പറഞ്ഞു.

കാതറിന്റെ നിയമത്തിനു പിന്നാലെ ഓസ്‌ട്രേലിയന്‍ പ്രതിരോധസേനയുടെ തലപ്പത്ത് വനിതകളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായുള്ള പ്രഖ്യാപനങ്ങളും ഉണ്ടായി. സൈന്യത്തിന്റെ തലപ്പത്ത് ആദ്യമായി അടുത്ത വര്‍ഷം മുതല്‍ വനിതാ ഡെപ്യൂട്ടി ചീഫ് പദവിയും ഉണ്ടാകും. മേജര്‍ ജനറല്‍ നതാഷ ഫോക്‌സിനാണ് ഡെപ്യൂട്ടി ചീഫ് ഓഫ് ആര്‍മി ആയി സ്ഥാനക്കയറ്റം നല്‍കുന്നത്. നതാഷ അടുത്ത വര്‍ഷം ജനുവരിയില്‍ ചുമതലയേല്‍ക്കും. ഓസ്ട്രേലിയയുടെ സൈനികചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും ഉയര്‍ന്ന സ്ഥാനത്ത് ഒരു സ്ത്രീയെ നിയമിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26