ലണ്ടന്‍: ലോകത്തെ ഏറ്റവും സുന്ദരമായ അനുഭവങ്ങളിലൊന്നാണ് ജനിച്ചുവീണ കുഞ്ഞിനെ ആദ്യമായി കൈയില്‍ ഏറ്റുവാങ്ങുന്ന നിമിഷം. മണിക്കൂറുകള്‍ നീളുന്ന പ്രസവവേദനയുടെ അവശതയിലും ആ കുഞ്ഞുമുഖം കാണുമ്പോള്‍ എല്ലാ വേദനയും മറക്കാന്‍ അമ്മയ്ക്കു കഴിയും. അമ്മയായ ദിനത്തെക്കുറിച്ച് ഓരോ അമ്മമാര്‍ക്കും ഓരോ അനുഭവങ്ങള്‍ പറയാനുണ്ടാകും.
മിലി എന്ന പെണ്‍കുഞ്ഞിന്റെ അമ്മയായതിനെക്കുറിച്ച് ബ്രിട്ടനിലെ സോഫിക്കു പറയാനുള്ളത് ഇതില്‍നിന്നെല്ലാം വ്യത്യസ്തമായ ഒരനുഭവ കഥയാണ്. ഒരുപക്ഷേ ലോകത്ത് വളരെ അപൂര്‍വമായിരിക്കും സോഫിയുടേതു പോലുള്ള പ്രസവം. ലോകത്തെ അത്ഭുതപ്പെടുത്തി യു.കെയില്‍ പിറന്നുവീണ മിലിയുടെ കഥ തന്നെ ഈ മാതൃദിനത്തില്‍ പങ്കുവയ്ക്കാം.
പ്രസവ വേദനയുടെ പാരമ്യതയില്‍ നിരവധി തവണ സമ്മര്‍ദം ചെലുത്തുമ്പോഴായിരിക്കും ഒരു കുഞ്ഞ് ഗര്‍ഭാവസ്ഥയില്‍നിന്നു പുറത്തേക്കു വരുന്നത്. എന്നാല്‍ സോഫിയുടെ അനുഭവം നേരേ മറിച്ചാണ്. അമ്മയ്ക്ക് ഒരു തരിമ്പു പോലും പ്രസവവേദന കൊടുക്കാതെ 27 സെക്കന്‍ഡ് കൊണ്ട് മിലി ഗര്‍ഭപാത്രത്തില്‍നിന്നു പുറത്തുവന്നു. അത്യപൂര്‍വമായി മാത്രം സംഭവിക്കുന്നത്.
ഹാംപ്ഷയര്‍ സ്വദേശിയാണ് 29 വയസുകാരിയായ സോഫി ബഗ്. പൂര്‍ണഗര്‍ഭിണിയായ സോഫി ഏതൊരു അമ്മയെയും പോലെ തന്റെ കുഞ്ഞിന്റെ വരവും കാത്തിരിക്കുകയാണ്.
മാര്‍ച്ച് 23 ന് ഹാംപ്ഷയറിലുള്ള വീട്ടില്‍ ഉറങ്ങവേ പതിവുപോലെ ശുചിമുറിയില്‍ പോകാനാണ് സോഫി രാത്രി ഏഴുന്നേറ്റത്. എന്നാല്‍ ഒരു മിനിട്ട് തികയും മുന്‍പേ കൈയ്യിലൊരു ചോരക്കുഞ്ഞുമായി സോഫി ശുചിമുറിയില്‍നിന്ന് പുറത്തു വന്നു. 27 സെക്കന്‍ഡില്‍ ഒരൊറ്റ പുഷ് കൊണ്ടാണ് സോഫിയുടെ പ്രസവം നടന്നത്.
സോഫി അര്‍ധരാത്രിയില്‍ കിടക്കയില്‍നിന്ന് എഴുന്നേറ്റു പോയപ്പോള്‍ സംശയം തോന്നി പങ്കാളിയായ ക്രിസ് പിന്നാലെ എത്തുകയായിരുന്നു. ശുചിമുറിയില്‍ നില്‍ക്കുന്ന സോഫിയുടെ ഇരുകാലുകള്‍ക്കുമിടയില്‍ കുഞ്ഞിന്റെ തലയാണ് ക്രിസ് കണ്ടത്. ഓടിച്ചെന്ന ക്രിസിന്റെ കൈകളിലേക്കു കുഞ്ഞ് പിറന്നു വീഴുകയായിരുന്നു.
പ്രസവസമയത്ത് വേദന ഒട്ടും അനുഭവപ്പെട്ടില്ലെന്നും പ്രസവിക്കുകയാണെന്ന തോന്നല്‍ പോലും ഉണ്ടായിരുന്നില്ലെന്നും സോഫി പറഞ്ഞു. ശുചിമുറിയില്‍ പോകാന്‍ തോന്നിയതു പോലെയാണ് അനുഭവപ്പെട്ടതെന്നും സോഫി പറഞ്ഞു. പാരാമെഡിക്കല്‍ സ്റ്റാഫ് എത്തുന്നതുവരെ 12 മിനിറ്റോളം സോഫി തന്റെ നവജാതശിശുവും മറുപിള്ളയുമായി വീട്ടില്‍ കാത്തിരുന്നു. ആശുപത്രിയിലെത്തിച്ച സോഫിയെയും കുഞ്ഞിനെയും ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം വിട്ടയച്ചു. ഇരുവരും പൂര്‍ണ ആരോഗ്യത്തോടെയിരിക്കുന്നു. സോഫിയുടെ മൂന്നാമത്തെ കുട്ടിയാണ് മിലി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.