ക്രൗണ്‍ റിസോര്‍ട്ട്‌സുമായി 12 ബില്യണ്‍ ഡോളറിന്റെ ലയന നീക്കത്തിനൊരുങ്ങി സ്റ്റാര്‍ ഗ്രൂപ്പ്; ലക്ഷ്യം ചൂതാട്ടമേഖലയിലെ ആധിപത്യം

ക്രൗണ്‍ റിസോര്‍ട്ട്‌സുമായി 12 ബില്യണ്‍ ഡോളറിന്റെ ലയന നീക്കത്തിനൊരുങ്ങി സ്റ്റാര്‍ ഗ്രൂപ്പ്; ലക്ഷ്യം ചൂതാട്ടമേഖലയിലെ ആധിപത്യം

സിഡ്‌നി: ഓസ്‌ട്രേലിയയില്‍ ചൂതാട്ടമേഖലയിലെ ഏറ്റവും വലിയ ലയനത്തിന് കളമൊരുങ്ങുന്നു. കാസിനോ ഓപ്പറേറ്ററായ സ്റ്റാര്‍ എന്റര്‍ടൈന്‍മെന്റ് ഗ്രൂപ്പാണ് ബിസിനസ് എതിരാളിയായ ക്രൗണ്‍ റിസോര്‍ട്ട്‌സിന് ലയന നിര്‍ദേശം സമര്‍പ്പിച്ചത്. ഓരോ ക്രൗണ്‍ റിസോര്‍ട്ട്‌സ് ഓഹരിക്കും സ്റ്റാറിന്റെ 2.68 ഓഹരികള്‍ വാഗ്ദാനം ചെയ്യുന്ന ലയന നിര്‍ദേശമാണ് സ്റ്റാര്‍ ഗ്രൂപ്പ് മുന്നോട്ടുവച്ചത്. ക്രൗണിന്റെ ഓഹരി ഒന്നിന് 14 ഡോളറിലധികമാണ് മൂല്യം കണക്കാക്കുന്നത്.

ക്രൗണിന്റെ ഓഹരി ഉടമകള്‍ക്ക് ഓഹരി ഒന്നിന് 12.50 ഡോളര്‍ വീതം നല്‍കാമെന്ന വാഗ്ദാനവും മുന്നോട്ടുവച്ചിട്ടുണ്ട്. ഇത് ഷെയറുകളുടെ 25 ശതമാനം വരെയാണ്.

അതേസമയം സ്റ്റാര്‍ ഗ്രൂപ്പിന്റെ ലയന നീക്കത്തിനിടെ യു.എസ് സ്വകാര്യ ഇക്വിറ്റി കമ്പനിയായ ബ്ലാക്ക്‌സ്റ്റോണ്‍, ക്രൗണ്‍ റിസോര്‍ട്ട്‌സുമായുള്ള ലേലത്തുക ഉയര്‍ത്തി. ഓഹരിക്ക് 11.85 ഡോളറില്‍ നിന്ന് 12.35 ഡോളറായാണ് വില ഉയര്‍ത്തിയത്. പുതിയ ക്യാഷ് ഓഫറോടെ ക്രൗണിന്റെ മൂല്യം 8.4 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. 2020 ജനുവരി മുതലുള്ള ക്രൗണ്‍ റിസോര്‍ട്ട്‌സിന്റെ ഓഹരി വിലയേക്കാള്‍ കൂടുതലാണ് രണ്ട് ഓഫറുകളും വാഗ്ദാനം ചെയ്യുന്നത്.

കോവിഡ് വ്യാപനം ആരംഭിച്ചപ്പോള്‍ ക്രൗണ്‍ റിസോര്‍ട്ട്‌സിന്റെ ഓഹരി വില ഇടിഞ്ഞിരുന്നു. സിഡ്‌നി ഹാര്‍ബറിലെ പുതിയ ബാരംഗാരു കാസിനോ വാങ്ങിയതുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ ക്രൗണ്‍ റിസോര്‍ട്ട്‌സ് അന്വേഷണം നേരിടുന്നുണ്ട്. ക്രിമിനല്‍ സംഘങ്ങളുമായി ചേര്‍ന്ന് കള്ളപ്പണം വെളുപ്പിച്ചതായുള്ള മാധ്യമ റിപ്പോര്‍ട്ടുകളും പുറത്തുവരുന്നതിനിടെയാണ് പുതിയ ലയനനീക്കം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26