നദികളില്‍ കോവിഡ് രോഗികളുടെ മൃതദേഹങ്ങള്‍; ഇന്ത്യയിലെ അവസ്ഥ ഭയാനകമെന്നു ലോകമാധ്യമങ്ങള്‍

നദികളില്‍ കോവിഡ് രോഗികളുടെ മൃതദേഹങ്ങള്‍; ഇന്ത്യയിലെ അവസ്ഥ ഭയാനകമെന്നു ലോകമാധ്യമങ്ങള്‍

ഇന്ത്യയില്‍ കോവിഡ് രോഗികളുടെ മൃതദേഹങ്ങള്‍ നദികളിലൂടെ ഒഴുകി നടക്കുന്ന അവസ്ഥ ഭയാനകമെന്നു വിദേശമാധ്യമങ്ങള്‍. ദഹിപ്പിക്കാന്‍ പോലും ഇടമില്ലാതെ മൃതദേഹങ്ങള്‍ ഒഴുകിനടക്കുന്ന കാഴ്ച്ചകളും വാര്‍ത്തകളും വലിയ പ്രാധാന്യത്തോടെയാണ് ലോകം നോക്കിക്കാണുന്നത്. ഇന്ത്യയിലെ കോവിഡ് പ്രതിസന്ധി ഔദ്യോഗിക കണക്കുകളേക്കാള്‍ വളരെ മോശമാണെന്നും ഇത് ആഗോള തലത്തില്‍ വലിയ ആശങ്കയുണ്ടാക്കുന്നതായും ഓസ്‌ട്രേലിയന്‍ മാധ്യമമായ എ.ബി.സി. അടക്കം റിപ്പോര്‍ട്ട് ചെയ്യുന്നു. ഡിജിറ്റല്‍ ഇന്ത്യയുടെ ഇന്നത്തെ യഥാര്‍ഥ മുഖമാണ് വിദേശ മാധ്യമങ്ങള്‍ അവതരിപ്പിക്കുന്നത്. ഇന്ത്യയില്‍ കുതിച്ചുയരുന്ന കോവിഡ് കേസുകളും മരണങ്ങള്‍ ലോകത്തെ ആശങ്കപ്പെടുത്തുന്നതായി ലോകാരോഗ്യസംഘടനയും വ്യക്തമാക്കിയിട്ടുണ്ട്.

ഒരു വര്‍ഷം മുന്‍പ് അമേരിക്ക, ഇറ്റലി ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളില്‍ കോവിഡ് സംഹാരനൃത്തം തുടരുന്ന കാലത്ത്, എല്ലാ പ്രതിരോധ നടപടികളും സ്വീകരിച്ചതായി അഭിമാനം കൊണ്ട് ഇന്ത്യ ലോകരാജ്യങ്ങള്‍ക്കു മുന്നില്‍ നിവര്‍ന്നുനിന്നിരുന്നു. എന്നാല്‍ കാര്യങ്ങള്‍ മാറിയത് എത്ര പെട്ടെന്നാണ്. പ്രാണവായുവിന് വേണ്ടി പിടയുന്ന ഇന്ത്യയെയാണ് വിദേശ മാധ്യമങ്ങള്‍ ഇപ്പോള്‍ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുന്നത്. ശവസംസ്‌കാരത്തിനു വലിയ പ്രാധാന്യം നല്‍കുന്ന രാജ്യത്ത് അലക്ഷ്യമായി നദികളില്‍ വലിച്ചെറിയുന്ന മൃതദേഹങ്ങള്‍ തീരത്തുവന്നടിയുന്ന കാഴ്ച്ചകളെ ഭയാനകമായാണ് വിദേശ മാധ്യമങ്ങള്‍ ചിത്രീകരിക്കുന്നത്.

ഉത്തര്‍പ്രദേശിലെ ഹാമിര്‍പുര്‍ ജില്ലയില്‍ യമുനാ നദിയിലും ബിഹാറിലെ ബക്സറില്‍ ഗംഗാ നദിയിലുമാണ് നിരവധി മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ നദിയില്‍ ഒഴുകുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. പാതി കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍ പോലും ഇതിലുണ്ട്. ദഹിപ്പിക്കാനുള്ള തടി വാങ്ങാന്‍ പണമില്ലാത്ത കുടുംബങ്ങള്‍ ഉള്‍പ്പെടെ നദിയിലേക്കു മൃതദേഹങ്ങള്‍ ഒഴുക്കിക്കളയുന്നതായി വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഔദ്യോഗിക കണക്കനുസരിച്ച് ഇന്ത്യയില്‍ ദിവസം നാലായിരത്തോളം പേര്‍ കോവിഡ് ബാധിച്ച് മരിക്കുന്നു. ഇതുവരെയുള്ള മരണസംഖ്യ 250,000 കടന്നു. കോവിഡ് തീവ്രമായി തുടരുന്നതിനിടെയാണ് ഈ രോഗത്തില്‍നിന്ന് മുക്തരാകുന്ന ചിലര്‍ അപകടകരമായ ബ്ലാക്ക് ഫംഗസ് അണുബാധ മൂലം ഉത്തരേന്ത്യയില്‍ മരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നത്. ബി.ബി.സി ഉള്‍പ്പെടെ ഇതു റിപ്പോര്‍ട്ട് ചെയ്തു.

സാമ്പത്തിക ശക്തിയായി അതിവേഗം വളരുന്ന രാജ്യമെന്നും ഡിജിറ്റല്‍ ഇന്ത്യയെന്നുമൊക്കെ പ്രതിഛായ കെട്ടിപ്പൊക്കിയ മോഡി സര്‍ക്കാരിനേറ്റ ഏറ്റവും വലിയ പ്രഹരമാണ് കോവിഡെന്ന് മാധ്യമങ്ങള്‍ വിമര്‍ശിക്കുന്നു. രാജ്യത്ത് ലോക് ഡൗണ്‍ പ്രഖ്യാപിക്കണമെന്നു അമേരിക്കന്‍ ഭരണകൂടത്തിന്റെ ആരോഗ്യ ഉപദേഷ്ടാവ് ഡോ. ആന്റണി ഫൗചി ഉള്‍പ്പെടെ ആവശ്യപ്പെട്ടിരുന്നു. രാജ്യാന്തരതലത്തില്‍ ഉയര്‍ന്ന ഈ ആവശ്യത്തോട് കേന്ദ്രസര്‍ക്കാര്‍ നിസംഗഭാവത്തിലാണ് പ്രതികരിക്കുന്നതെന്ന് വിമര്‍ശനമുയരുന്നുണ്ട്. കോവിഡ് രണ്ടാം തരംഗത്തില്‍ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമായിട്ടും ഓക്‌സിജന്റെ അഭാവം മൂലം ആളുകള്‍ മരിച്ചിട്ടും സര്‍ക്കാര്‍ ഇരുട്ടില്‍തപ്പുകയാണെന്നും ആരോപിക്കുന്നു.

ആദ്യ കോവിഡ് തരംഗത്തിന് ശേഷം സമൂഹത്തിലുണ്ടായ ജാഗ്രതക്കുറവാണ് രണ്ടാം തരംഗത്തിന്റെ രൂക്ഷത വര്‍ധിപ്പിച്ചതെന്ന് ലോകാരോഗ്യ സംഘടനയിലെ ചീഫ് സയന്റിസറ്റ് ഡോ സൗമ്യ സ്വാമിനാാഥന്‍ ചൂണ്ടിക്കാട്ടിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡി അടക്കം നയിച്ച കൂറ്റന്‍ തിരഞ്ഞെടുപ്പ് റാലികളും സമ്മേളനങ്ങളുമെല്ലാം രോഗവ്യാപനത്തിന്റെ തീവ്രത കൂട്ടി. രാജ്യത്തെ കോവിഡ് വ്യാപന നിരക്ക് ആ സമയത്ത് കുറവായതിനാല്‍ മാസ്‌കും അകലം പാലിക്കലും അടക്കമുള്ള സുരക്ഷാ നടപടികള്‍ ആരും കാര്യമായി പാലിച്ചില്ല. ഈ സമയത്തെല്ലാം കൊറോണ വൈറസ് നിശബ്ദമായി പടരുകയായിരുന്നുവെന്ന് വേണം കരുതാനെന്ന് അവര്‍ ചൂണ്ടിക്കാട്ടി.

ലോകത്ത് ഏറ്റവും കൂടുതല്‍ വാക്സീനുകള്‍ നിര്‍മിക്കുന്ന രാജ്യമാണ് ഇന്ത്യ. എന്നിട്ട് പോലും രണ്ടു ശതമാനത്തോളം പേര്‍ക്ക് മാത്രമാണ് കോവിഡ് വാക്സീന്‍ നല്‍കാന്‍ രാജ്യത്തിനായത്. ഇന്ത്യയുടെ ആരോഗ്യ സംവിധാനങ്ങളിലെ വീഴ്ച്ചകള്‍ക്കും കേന്ദ്രസര്‍ക്കാരിന്റെ ജാഗ്രതക്കുറവിനും എതിരേ വലിയ വിമര്‍ശനമാണ് വിദേശ മാധ്യമങ്ങള്‍ ഉയര്‍ത്തുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.