മെയ് 12 അന്താരാഷ്ട്ര നഴ്‌സസ് ദിനം. സേവനത്തിന്റെ ലോകത്തെ മാലാഖമാരുടെ ദിനം. ഇത് ഒരൊറ്റ വാക്കില്‍ പറഞ്ഞ് തീര്‍ക്കാവുന്ന പദമല്ല. മനുഷ്യന്റെ സ്പന്ദനം തൊട്ടറിഞ്ഞ് അവന്റെ വേദനയില്‍ ആശ്വാസമായി, ഔഷധമായി രാവെന്നോ പകലെന്നോ ഉള്ള വ്യത്യാസമില്ലാതെ സേവനം അനുഷ്ടിക്കുന്നവര്‍. ഈ കോവിഡ് കാലത്ത് പിപിഇ കിറ്റിനുള്ളില്‍ വിശ്രമമില്ലാതെ പ്രാണവായുവിനായി കേഴുന്ന രോഗികള്‍ക്ക് സ്വന്തം ജീവന്‍ പോലും പണയപ്പെടുത്തി ശുശ്രൂഷ ചെയ്യുന്നവര്‍. ഈ ദിനത്തിന്റെ പ്രാധാന്യം ലോകം മുഴുവന്‍ ആദരപൂര്‍വ്വം അംഗീകരിക്കും ആഘോഷിക്കുകയും ചെയ്യേണ്ടതാണ്.
ആതുരസേവന രംഗത്ത് ഇന്ന് മലയാളി വനിതകള്‍ ലോകമെങ്ങും സാന്നിദ്ധ്യമറിയിക്കുകയാണ്. ലോകരാജ്യങ്ങളിലാകെ മലയാളി നേഴ്‌സുമാര്‍ തങ്ങളുടെ കര്‍മ്മപഥങ്ങളില്‍ സ്തുത്യര്‍ഹമായ സേവനമാണ് നടത്തുന്നത്. അന്താരാഷ്ട്ര നേഴ്‌സസ് ദിനത്തിന്റെ ചരിത്രം കേരളത്തിന്റെ ആതുരശുശ്രൂഷാ രംഗത്തിന്റെചരിത്രം കൂടി പറയുന്നതാണ്.
വിളക്കേന്തിയ വനിത എന്ന് ലോകം വിളിച്ച ആധുനിക ആതുരശുശ്രൂഷാ രീതിയുടെ ഉപജ്ഞാതാവായ ഫ്ളോറന്‍സ് നൈറ്റിംഗേലിന്റെ ജന്മദിനമാണ് ലോക നഴ്‌സസ് ദിനമായി ആചരിക്കുന്നത്. 1820 മേയ് 12 നു ഫ്ളോറന്‍സിലായിരുന്നു നൈറ്റിംഗേല്‍ ജനിച്ചത്. ഫ്ളോറന്‍സ് നൈറ്റിംഗേലാണ് ആധുനിക നഴ്‌സിങ്ങിനെ കാരുണ്യത്തിന്റെയും അര്‍പ്പണബോധത്തിന്റെയും പുണ്യകര്‍മമായി മാറ്റിയത്. 1899 ല്‍ നിലവില്‍ വന്ന അന്താരാഷ്ട്ര നഴ്‌സസ് സമിതി ഇപ്പോള്‍ 120 തിലധികം രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആരോഗ്യ മേഖലയിലെ വിദഗ്ധര്‍ നേതൃത്വം നല്‍കുന്ന ഈ സമിതിയുടെ നേതൃത്വത്തില്‍ നഴ്‌സിങ് പരിശീലനം, മാനേജ്‌മെന്റ് ഗവേഷണം, സാമൂഹിക-സാമ്പത്തിക വിദ്യാഭ്യാസം എന്നിവയും നല്‍കുന്നു. നേതൃത്വ വികസനം, പങ്കാളിത്തം, ശൃംഖല, കണ്‍വന്‍ഷനുകള്‍, സാമൂഹ്യസേവനം എന്നിവയില്‍ സമിതി ക്‌ളാസുകളും സംഘടിപ്പിക്കുന്നു. നേതൃത്വം, പൂര്‍ണ്ണത, പങ്കാളിത്തം, ലക്ഷ്യം ഇവയിലൂന്നിയാണ് അന്താരാഷ്ട്ര നഴ്‌സസ് സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ നിശ്ചയിക്കുന്നത്.
ആധുനികമായ വിധത്തില്‍ ആതുരസേവനമേഖല പുരോഗമിച്ചപ്പോഴും ചിന്താഗതിയിലും സമീപനത്തിലും നേഴ്സുമാരുടെ ജീവിതം അന്നും ഇന്നും എന്നും ഒന്നു തന്നെയാണ്. അവര്‍ക്ക് ജീവിതത്തേക്കാളുപരി, രോഗികളുടെ ചിരിക്കുന്ന മുഖമാണ് പ്രധാനം. സ്നേഹത്തിന്റെയും സാന്ത്വനത്തിന്റെയും വിശുദ്ധദിനമെന്നതു പോലെയാണ് എല്ലാവര്‍ഷംവും മേയ് 12 എത്തുന്നത്. ലോകമെമ്പാടുമുള്ള എല്ലാ നേഴ്സുമാരുടെയും സേവനസദൃശ്യമായ ജോലിയോടുള്ള തികഞ്ഞ ആദരവ് കൂടിയാണ് നഴ്സസ്ദിനം. ഒരു എഴുത്തുകാരിയും സ്റ്റാറ്റിസ്റ്റീഷ്യനുമായിരുന്നു അവര്‍. ക്രീമിയന്‍ യുദ്ധകാലത്ത് (1853....1856) പരിക്കേറ്റ പട്ടാളാക്കാര്‍ക്കു നല്‍കിയ പരിചരണമാണ് അവരെ പ്രശസ്തയാക്കിയത്.) 1965 മുതല്‍ ലോക നഴ്സിങ് സമിതി ഈ ദിവസം ലോക നഴ്സസ് ദിനം ആയി ആചരിക്കുന്നു.
രോഗികള്‍ക്ക് മരുന്നിനേക്കാള്‍ ആവശ്യം സ്നേഹസദൃശ്യമായ ഒരു തലോടലാണെന്ന് ഒരിക്കലെങ്കിലും ആശുപത്രികിടക്കയില്‍ കിടന്നിട്ടുള്ളവര്‍ക്ക് അറിയാം. ഈ സ്നേഹസ്പര്‍ശവുമായെത്തുന്ന ശുഭ്രവസ്ത്രധാരികളായ നേഴ്സുമാരെ അതു കൊണ്ടു തന്നെ ആര്‍ക്കും മറക്കാനാവില്ല. സാന്ത്വനത്തിന്റെ മരുപ്പച്ച നല്‍കുന്ന ഇവര്‍ ജീവിതം തന്നെ ആതുരസേവനത്തിനായി മാറ്റി വച്ചിരിക്കുകയാണെന്നത് അധികമാരും ഓര്‍ത്തിരുന്നില്ല. പക്ഷെ കോവിഡ് എന്ന മഹാമാരി ലോകമെമ്പാടും നാശം വിതച്ചപ്പോള്‍ ശ്വാസം കിട്ടാതെയും, രുചി അരിയാതെയും മണമറിയാതേയും മരവിച്ച മനുഷ്യനെ ആശ്വസിപ്പിച്ചും വേണ്ട ശുശ്രൂഷ നല്‍കിയും ഒപ്പം നിന്നത് മാലാഖമാര്‍ എന്ന് ലോകം മുഴുവന്‍ വിളിക്കുന്ന പിപിഇ കിറ്റുമിട്ട് ഒന്ന് പ്രാഥമിക കര്‍മ്മം പോലും നിര്‍വ്വഹിക്കാന്‍ ബുദ്ധിമുട്ടുന്ന ഇവരാണെന്നുള്ള തിരിച്ചറിവ് ഓരോ വ്യക്തിയും തൊട്ടറിഞ്ഞ നിമിഷമാണ്. ജീവിതത്തിന്റെ മുക്കാല്‍ പങ്കും ആശുപത്രികളിലും രോഗികളോടൊത്തും ചെലവഴിക്കുന്ന ഇവരില്‍ പലര്‍ക്കും ഇതൊരു ജോലിയല്ല, വിശുദ്ധ കര്‍മ്മം തന്നെയാണ്.
സാമൂഹികമായ ജീവിതത്തില്‍ സാന്ത്വനമായി മാറുന്ന കരുണയുടെ മുഖമുദ്രയാണ് നേഴ്സുമാര്‍. ഇവര്‍ക്കായി ഒരു ദിനമെന്ന രീതിയിലാണ് ലോകമെങ്ങും നേഴ്സിങ് വാരാചരണം സംഘടിപ്പിക്കുന്നത്. ആധുനിക നേഴ്സിങ്ങിന്റെ കുലപതിയായ നെറ്റിങഗേലിന്റെ ജന്മദിനം തന്നെ ഇതിനായി തെരഞ്ഞെടുത്തിരിക്കുന്നു. ടര്‍ക്കിയിലെ തെരുവുകളില്‍ മലീമസമായി കിടന്നിരുന്ന സൈനികരെ ശുശ്രൂഷിക്കാന്‍ രാവും പകലും ഒരു പോലെ അധ്വാനിച്ച ഈ മഹദ് വ്യക്തിയുടെ ജീവിതത്തിന്റെ തനിപകര്‍പ്പുകള്‍ തന്നെയാണ് നേഴ്സുമാരുടെ പില്‍ക്കാല ജീവിതമെന്ന് ഈ ലോകം തിരിച്ചറിയുകയാണ്. സ്വന്തം കുഞ്ഞുങ്ങളെയും കുടുംബാഗങ്ങളേയും ഒരുനോക്ക് കാണാനാകാതെ സ്വാന്തം ജീവനും മറ്റുള്ളവരുടെ ജീവനും ഒരുപോലെ സംരക്ഷിക്കാന്‍ രാപകലില്ലാതെ അധ്വാനിക്കുന്നവര്‍. കോവിഡ് കാലത്തെ സേവനത്തിനിടയല്‍ എത്രയോ നഴ്‌സുമാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. പരാതിയോ പരഭവമോ ഇല്ലാതെ അവര്‍ അവരുടെ സേവനം തുടരുകയാണ്.
നേഴ്സുമാരുടെ ജീവിതത്തിന് ലോകത്തെങ്ങും ഒരേ മുഖമാണ്. രാവെന്നോ, പകലെന്നോ ഇല്ലാതെയുള്ള അവരുടെ രോഗി ശുശ്രൂഷയില്‍ ലോകം തന്നെ പകരമായി കൊടുത്താലും മതിയാകുകയില്ലെന്നതാണ് യാഥാര്‍ത്ഥ്യം. പരിഷ്‌ക്കരിക്കപ്പെട്ട, കൂടുതല്‍ ആധുനിവത്ക്കരിക്കപ്പെട്ട ആതുരസേവനമേഖലയില്‍ നേഴ്സുമാര്‍ക്ക് ജോലിഭാരം വര്‍ദ്ധിച്ചുവെന്നത് സത്യമാണ്. എന്നാല്‍ ഒരിക്കല്‍ പോലും അവരിത് ഒരു ജോലിയായി പോലും കണക്കാക്കുന്നില്ല.അവരുടെ ജീവിതമാണിത്. മരുന്നുകളുടെയും രോഗങ്ങളുടെയും ഇടയില്‍ എപ്പോഴും ചിരിക്കുന്ന മുഖവുമായി ഓടിനടക്കുന്ന നേഴ്സുമാര്‍ ലോകത്തിലെ ജീവിച്ചിരിക്കുന്ന എപ്പോഴും തൊടാവുന്ന അകലത്തിലുള്ള മാലാഖമാര്‍ തന്നെയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.