മാതാവിന്റെ വണക്കമാസ വിചിന്തനം പന്ത്രണ്ടാം ദിവസം

മാതാവിന്റെ വണക്കമാസ വിചിന്തനം പന്ത്രണ്ടാം ദിവസം

ലൂക്കാ 1:37 ദൈവത്തിന് ഒന്നും അസാധ്യമല്ല.

'ഇതെങ്ങനെ സംഭവിക്കും' എന്ന മറിയത്തിന്റെ സംശയത്തിന്, മറിയത്തിന്റെ ചാർച്ചക്കാരി വൃദ്ധയായ എലിസബത്ത് ഗർഭം ധരിച്ചിരിക്കുന്നു എന്ന് അറിയിച്ചുകൊണ്ട്, ദൂതൻ പറഞ്ഞ മറുപടിയുടെ ഒരു ഭാഗമാണ് മേല്പറഞ്ഞ വചനം.

നമ്മുടെ ഒക്കെ ജീവിതത്തിലും ഒരു പ്രതിസന്ധി ഉണ്ടാകുമ്പോൾ, മാനുഷിക തലത്തിൽ നിന്നുകൊണ്ടാണ് നാം പരിഹാരം അന്വേഷിക്കുന്നത്. നമ്മുടെ പല പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാകാത്തതിന്റെ കാരണവും അത് തന്നെയാണ്.

ലൗകീകമായ ജീവിതത്തിൽ, ഇനി മുൻപോട്ടു പോകുവാൻ യാതൊരു വഴിയും ഇല്ല, എന്റെ പ്രശ്നത്തിന് ഒരു പരിഹാരവും ഇല്ല, എന്ന അവസ്ഥകൾ ഉണ്ടാകുമ്പോൾ, നമ്മെ സമാശ്വസിപ്പിക്കുവാൻ, സഹായിക്കുവാൻ നിരവധി വാഗ്ദാനങ്ങൾ വചനത്തിലൂടെ ദൈവം നൽകുന്നുണ്ട്.

നിന്റെ ഭാരം കർത്താവിനെ ഏല്പിക്കുക അവിടുന്ന് നിന്നെ താങ്ങിക്കൊള്ളും (സങ്കീ 22 :55 ). യേശു അവരെ നോക്കി പറഞ്ഞു മനുഷ്യർക്ക് ഇത് അസാധ്യമാണ്, എന്നാൽ ദൈവത്തിനു എല്ലാം സാധ്യമാണ് (മത്തായി 19 :26). മകനേ, രോഗം വരുമ്പോൾ ഉദാസീനനാകാതെ കർത്താവിനോടു പ്രാർത്ഥിക്കുക, അവിടുന്ന് നിന്നെ സുഖപ്പെടുത്തും (പ്രഭാ 38:9 ). ദൈവം നമ്മുടെ പക്ഷത്തെങ്കിൽ ആരു നമുക്ക് എതിരു നിൽക്കും. (റോമ 8 :31).

ആത്മീയജീവിതത്തിൽ, വിശുദ്ധമായ ജീവിതം നയിക്കുവാൻ നാം എത്ര ശ്രമിച്ചിട്ടും അസാധ്യം എന്ന് കരുതുന്ന ചില മേഖലകൾ ഉണ്ടെങ്കിൽ, അത് ഏത് പാപഅവസ്ഥയും ആകട്ടെ, അവിടുന്ന് അയച്ച പരിശുദ്ധാത്മാവിന്റെ സഹായം നമുക്ക് തേടാം. സത്യാത്മാവ് വരുമ്പോൾ അവിടുന്ന് നിങ്ങളെ സത്യത്തിൻറെ പൂർണതയിലേക്ക് നയിക്കും (യോഹ 16:13).

വി.ബൈബിളിൽ, അവിടുത്തെ വചനമാണ് സത്യമെന്നും (യോഹ 17 :17), ഈ വചനം ദൈവം ആണ്, എന്നും നാം വായിക്കുന്നു (യോഹ 1 :1). ആത്യന്തികമായി, സത്യത്തിന്റെ പൂർണ്ണതയായ ക്രിസ്തുവിലേക്ക് വളരുവാൻ പരിശുദ്ധാത്മാവിന്റെ സഹായം കൂടിയേ തീരൂ. കേവലം മാനുഷിക പ്രയത്നം കൊണ്ട് മാത്രം ഇത് അസാധ്യമാണ്.

ദൈവമായ കർത്താവേ അങ്ങാണ് ശക്തമായ കരം നീട്ടി ആകാശവും ഭൂമിയും സൃഷ്ടിച്ചത്. ഒന്നും അങ്ങേക്ക് അസാധ്യമല്ല. (ജെറമിയ 32 :17-18a). നമ്മുടെ ജീവിതത്തിലെ ആത്മീയമോ ലൗകീകമോ ആയ പ്രതിസന്ധികളെ, അമ്മയോട് ചേർന്ന്, അസാധ്യങ്ങളെ സാധ്യമാക്കുന്ന ദൈവകരങ്ങളിലേക്ക് നമുക്ക് സമർപ്പിക്കാം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.