പരുക്ക് മാറിയാലും ഈ സീസണില്‍ കളിക്കില്ലെന്ന് രാജസ്ഥാന്‍ റോയല്‍സ് താരം ബെന്‍ സ്റ്റോക്‌സ്

പരുക്ക് മാറിയാലും ഈ സീസണില്‍ കളിക്കില്ലെന്ന് രാജസ്ഥാന്‍ റോയല്‍സ് താരം ബെന്‍ സ്റ്റോക്‌സ്

ലണ്ടന്‍: ഐ.പി.എല്‍ മത്സരങ്ങള്‍ വീണ്ടും ആരംഭിച്ചാലും ഇംഗ്ലിഷ് താരം ബെന്‍ സ്റ്റോക്‌സ് രാജസ്ഥാന്‍ റോയല്‍സിനായി കളിക്കാനുണ്ടാകില്ല. ബെന്‍ സ്റ്റോക്‌സ് തന്നെയാണ് ഇതു സംബന്ധിച്ച സൂചന നല്‍കിയത്. വിരലിന് ശസ്ത്രക്രിയ നടത്തിയ ശേഷം മത്സരങ്ങള്‍ക്കു ഫിറ്റ് ആണെങ്കിലും ഐപിഎല്‍ കളിക്കാന്‍ സാധിച്ചേക്കില്ലെന്നാണ് താരം വ്യക്തമാക്കുന്നത്.

ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനെതിരായ ആദ്യ മത്സരത്തിലാണ് ബെന്‍ സ്റ്റോക്‌സിന് വിരലിനു പരുക്കേല്‍ക്കുന്നത്. ബാക്കിയുള്ള മത്സരങ്ങളില്‍ സ്റ്റോക്‌സിന് കളിക്കാന്‍ സാധിച്ചില്ല. താരങ്ങള്‍ക്കു കോവിഡ് ബാധിച്ചതോടെ ഐപിഎല്‍ പകുതിക്കു വച്ചു നിര്‍ത്തിവച്ചിരിക്കുകയാണ്.

ഐപിഎല്‍ വീണ്ടും തുടങ്ങിയാലും ഇംഗ്ലണ്ടിന്റെ പ്രധാന താരങ്ങളെ ലഭ്യമാകില്ലെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് ഡയറക്ടര്‍ ആഷ്‌ലി ഗില്‍സ് നേരത്തേ പ്രതികരിച്ചിരുന്നു. ക്രിക്കറ്റ് മത്സരങ്ങള്‍ ആരംഭിക്കുമോ, എന്നു തുടങ്ങും എന്നീ കാര്യങ്ങളില്‍ ഞങ്ങള്‍ക്കു യാതൊരു അറിവുമില്ലെന്ന് സ്റ്റോക്‌സ് പ്രതികരിച്ചു.

ഇംഗ്ലണ്ട് താരങ്ങള്‍ക്ക് ഇത്തരം ലീഗുകളില്‍ കളിക്കാന്‍ സമയമുണ്ടാകില്ലെന്നാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചിരിക്കുന്നത്. ഐപിഎല്ലിന്റെ അടുത്ത എഡിഷനില്‍ തിരിച്ചെത്തുമെന്നും സ്റ്റോക്‌സ് ഒരു രാജ്യാന്തര മാധ്യമത്തില്‍ എഴുതിയ കോളത്തില്‍ വ്യക്തമാക്കി.

എന്നു കളിക്കാന്‍ സാധിക്കുമെന്ന് എനിക്കു കൃത്യമായി പറയാന്‍ സാധിക്കില്ല. ഒന്‍പത് ആഴ്ചകള്‍ക്കു ശേഷം ക്രിക്കറ്റിലേക്കു മടങ്ങിയെത്തിയേക്കാം. പരുക്ക് ഭേദമാകുന്നതു മാത്രമല്ല, മാനസികമായി തയാറാകുന്നതും പ്രൊഫഷനല്‍ സ്‌പോര്‍ട്‌സില്‍ പ്രധാനമാണ്. വളരെ നേരത്തേ തന്നെ രാജസ്ഥാന്‍ റോയല്‍സ് ടീമുമായി പിരിയേണ്ടിവന്നതു കഠിനമായ കാര്യമായിരുന്നു. എങ്കിലും ഐപിഎല്‍ നിര്‍ത്തിവച്ചതിനാല്‍ താരങ്ങളെല്ലാം അവരുടെ കുടുംബത്തോടൊപ്പമായിരിക്കും സ്റ്റോക്‌സ് അഭിപ്രായപ്പെട്ടു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.