പെര്‍ത്ത്: പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയില്‍ മലയാളി ബാലിക ഐശ്വര്യ അശ്വത് ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ അന്വേഷണറിപ്പോര്‍ട്ട് തൃപ്തികരമല്ലെന്ന് മാതാപിതാക്കള്‍. മരണത്തിനിടയാക്കിയ സാഹചര്യങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും മകളുടെ മരണത്തില്‍ മാപ്പ് പറഞ്ഞ് കൈയൊഴിയാനുള്ള ആരോഗ്യമന്ത്രി റോജര്‍ കുക്കിന്റെ ശ്രമം അംഗീകരിക്കാനാവില്ലെന്നും അശ്വത്തും പ്രസീതയും പറഞ്ഞു. സംസ്ഥാനത്ത് സമാനമായ സാഹചര്യങ്ങള്‍ മുന്‍പ് ഉണ്ടായിട്ടുണ്ടോ എന്നു പരിശോധിക്കണം. ഇനിയൊരു കുഞ്ഞിനു കൂടി ഇങ്ങനെയൊരു ദുരന്തം സംഭവിക്കില്ലെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്ന് പിതാവ് അശ്വത് ചവിട്ടുപറ കൂട്ടിച്ചേര്‍ത്തു. അതേസമയം പ്രതിപക്ഷത്തിനു പിന്നാലെ ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് മെഡിക്കല്‍ അസോസിയേഷന്‍ പടിഞ്ഞാറന്‍ ഓസ്‌ട്രേലിയന്‍ മേധാവി ആന്‍ഡ്രൂ മില്ലറും രംഗത്തുവന്നു.
ഐശ്വര്യയുടെ മാതാപിതാക്കളായ അശ്വത്തും പ്രസീതയും
മന്ത്രിയുടെ ക്ഷമാപണം കൊണ്ടുമാത്രം കാര്യങ്ങള്‍ അവസാനിക്കില്ലെന്ന് അശ്വത് പറഞ്ഞു. സംഭവ ദിവസം അത്യാഹിത വിഭാഗത്തില്‍ ജീവനക്കാരുടെ കുറവുള്ളതായി അനുഭവപ്പെട്ടില്ല. മനപൂര്‍വമുള്ള കടുത്ത അവഗണനയാണ് ഉണ്ടായത്. ഈ സമ്പ്രദായം മാറണം. സംഭവത്തിനിടയാക്കിയ കാരണങ്ങള്‍ കൃത്യമായി കണ്ടെത്തണം. സംസ്ഥാനത്ത് സമാനമായ സാഹചര്യങ്ങള്‍ ഇതിനു മുന്‍പ്് ഉണ്ടായിട്ടുണ്ടോ എന്നു കണ്ടെത്തേണ്ടത് വളരെ പ്രധാനമാണ്. മുന്‍പ് ഇത്തരമൊരു സംഭവത്തില്‍ നടപടി എടുത്തിരുന്നെങ്കില്‍ എന്റെ മകള്‍ തീര്‍ച്ചയായും ഇന്ന് എന്നോടൊപ്പം ഉണ്ടാകുമായിരുന്നേനെ-നിറകണ്ണുകളോടെ അശ്വത്ത് പറഞ്ഞു.
ഏപ്രില്‍ മൂന്നിന് പെര്‍ത്ത് ചില്‍ഡ്രന്‍സ് ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിലാണ് രണ്ടു മണിക്കൂറോളം ചികിത്സ കിട്ടാതെ കാത്തിരുന്ന ശേഷം ഏഴുവയസുകാരി മരിച്ചത്.
സംഭവത്തില്‍ ആശുപത്രി അധികൃതരുടെ അനാസ്ഥ ആരോഗ്യമന്ത്രി സമ്മതിച്ചത് സംസ്ഥാനത്ത് വലിയ ചര്‍ച്ചകള്‍ക്കിടയാക്കിയിരുന്നു. അന്വേഷണ റിപ്പോര്‍ട്ടുമായി ബുധനാഴ്ച്ച പാര്‍ലമെന്റില്‍ എത്തിയ മന്ത്രി ഐശ്വര്യയുടെ കുടുംബത്തോട് പരസ്യമായി മാപ്പ് ചോദിച്ചിരുന്നു. ഇതിനു പിന്നാലെ സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തുവന്നു. സംസ്ഥാനത്തെ ആരോഗ്യ സംവിധാനം ശരിയായി പ്രവര്‍ത്തിക്കുന്നില്ലെന്നു പ്രതിപക്ഷ ആരോഗ്യ വക്താവ് ലിബി മെറ്റം രൂക്ഷമായി വിമര്‍ശിച്ചു.
11 ശുപാര്‍ശകള്‍ അടങ്ങിയ ആഭ്യന്തര സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ട് തൃപ്തികരമല്ലെന്ന് ഐശ്വര്യയുടെ അമ്മ പ്രശിത ശശിധരന്‍ പറഞ്ഞു. ഉത്തരങ്ങളേക്കാള്‍ കൂടുതല്‍ ചോദ്യങ്ങളാണ് ഈ റിപ്പോര്‍ട്ട് ഉയര്‍ത്തുന്നത്. ഞങ്ങള്‍ അന്വേഷിച്ചതിനുള്ള ഉത്തരങ്ങള്‍ ഈ റിപ്പോര്‍ട്ടില്‍ ഇല്ല.
ആഭ്യന്തര അന്വേഷണത്തെക്കുറിച്ച് ആശങ്കയുണ്ടെന്നും മുന്‍കാലങ്ങളില്‍ ഇത്തരത്തിലുണ്ടായ 21 കേസുകള്‍ പരിഗണിക്കേണ്ടിയിരുന്നുവെന്നും അശിത് പറഞ്ഞു. ആഭ്യന്തര അന്വേഷണത്തില്‍നിന്ന് ഇതില്‍ കൂടുതല്‍ ഒന്നും പ്രതീക്ഷിച്ചിട്ടില്ല. ചില ഭാഗങ്ങള്‍ മാത്രം പരിശോധിച്ച് ബാക്കിയുള്ളവ അവഗണിക്കുമെന്ന് ഞങ്ങള്‍ക്കറിയാം. അതിനാലാണ് ബാഹ്യമായ അന്വേഷണം ആവശ്യപ്പെടുന്നത്. മുന്‍കാലങ്ങളിലുണ്ടായ കേസുകള്‍ ഉള്‍പ്പെടുത്തിയുള്ള സമഗ്രമായ അന്വേഷണമാണു വേണ്ടതെന്ന്് അദ്ദേഹം പറഞ്ഞു.
പെര്‍ത്ത് ചില്‍ഡ്രന്‍സ് ആശുപത്രി
നേരത്തെ അവഗണിച്ച കേസുകള്‍ അന്വേഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ ഞങ്ങളുടെ മകളുടെ മരണവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിച്ചേക്കും. മകളുടെ സ്ഥിതി ഗുരുതരമായിട്ടും അത്യാഹിത വിഭാഗത്തിലെ ജീവനക്കാര്‍ സംസാരിക്കാന്‍ പോലും താല്‍പര്യം കാണിച്ചില്ലെന്ന അശ്വത് ആരോപിച്ചു. ഡോക്ടര്‍മാര്‍ പരിശോധിക്കുമെന്ന് ഒരു സ്റ്റാഫ് വന്നു പറഞ്ഞുപോയതല്ലാതെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ അവര്‍ തയാറായല്ല. റോജര്‍ കുക്ക് മന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തോട് അശ്വത് പ്രതികരിച്ചില്ല.
അതേസമയം, റോജര്‍ കുക്ക് രാജിവയ്ക്കണമെന്ന ആവശ്യം പ്രീമിയര്‍ മാര്‍ക്ക് മക്‌ഗൊവാന്‍ നിരസിച്ചു. കുറവുകള്‍ ഉണ്ടാകാമെങ്കിലും പടിഞ്ഞാറന്‍ ഓസ്‌ട്രേലയയിലെ ആരോഗ്യ സംവിധാനങ്ങള്‍ ലോകത്തെ ഏറ്റവും മികച്ചതാണ്. നാല് വര്‍ഷത്തിലേറെയായി മന്ത്രിസ്ഥാനത്തുള്ള റോജര്‍ കുക്ക് മികച്ച രീതിയിലാണ് ചുമതല നിര്‍വഹിക്കുന്നത്്. ജോലിഭാരം കൂടുതലുള്ള ആരോഗ്യ മേഖല കൈകാര്യം ചെയ്യുന്ന എന്നത് വളരെ ബുദ്ധിമുട്ടേറിയ ചുമതലയാണെന്നു പ്രീമിയര്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26