അനിശ്ചിതത്വം നീങ്ങി; നാടിന്റെ സുരക്ഷിതത്വത്തിലേക്ക് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരങ്ങള്‍ പറന്നിറങ്ങി

അനിശ്ചിതത്വം നീങ്ങി; നാടിന്റെ സുരക്ഷിതത്വത്തിലേക്ക് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരങ്ങള്‍ പറന്നിറങ്ങി

സിഡ്നി: ഇന്ത്യയില്‍നിന്നുള്ളവര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതോടെ മടക്കയാത്ര അനിശ്ചിതത്വത്തിലായ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരങ്ങള്‍ ഒടുവില്‍ നാടിന്റെ സുരക്ഷിതത്വത്തിലേക്ക് പറന്നിറങ്ങി. ഇന്ത്യയില്‍നിന്നു മാലദ്വീപിലെത്തി ഒന്നരയാഴ്ച്ചയ്ക്കു ശേഷമാണ് ഓസ്‌ട്രേലിയന്‍ സംഘം നാട്ടിലെത്തിയത്.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ കളിക്കാരും കമന്റേറ്റര്‍മാരും സപ്പോര്‍ട്ട് സ്റ്റാഫും ഉള്‍പ്പടെ മുപ്പത്തിയെട്ടു പേരില്‍ ഭൂരിഭാഗവും ഇന്ന് രാവിലെ സിഡ്നി വിമാനത്താവളത്തില്‍ വന്നിറങ്ങി. മേയ് 6 മുതല്‍ സംഘം മാലദ്വീപില്‍ കഴിയുകയായിരുന്നു. കളിക്കാര്‍ക്കിടയില്‍ കോവിഡ് വ്യാപനം രൂക്ഷമായതോടെ ഈ മാസം നാലിനാണ് ഐ.പി.എല്‍. അനിശ്ചിതമായി നിര്‍ത്തിവച്ചത്.

മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത്, ബാറ്റ്‌സ്മാന്‍ ഡേവിഡ് വാര്‍ണര്‍, ബൗളര്‍ പാറ്റ് കമ്മിന്‍സ്, ഡല്‍ഹി ക്യാപിറ്റല്‍സ് കോച്ച് റിക്കി പോണ്ടിംഗ് എന്നിവരും തിരിച്ചെത്തിയവരില്‍ ഉള്‍പ്പെടുന്നു. ഓസ്‌ട്രേലിയയിലേക്ക് യാത്രാ വിലക്കുള്ളതിനാല്‍ ഓസീസ് സംഘം ആദ്യം മാലദ്വീപിലേക്ക് പോകുകയായിരുന്നു. അതേസമയം, ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ബാറ്റിംഗ് പരിശീലകന്‍ മൈക്കല്‍ ഹസി കോവിഡ് പോസിറ്റീവായതിനെതുടര്‍ന്ന് ഇന്ത്യയില്‍ ക്വാറന്റീനില്‍ തുടരുകയാണ്. വിലക്കേര്‍പ്പെടുന്നതിനു മുന്‍പ് നാട്ടിലെത്തിയ കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍, ആദം സാംപ, ആന്‍ഡ്രൂ ടൈ എന്നീ താരങ്ങള്‍ ഓസ്‌ട്രേലിയയില്‍ ക്വാറന്റീനില്‍ കഴിയുകയാണ്.

ഇന്ത്യയില്‍നിന്നു തിരിച്ചെത്തുന്നത് ക്രിമിനല്‍ കുറ്റമാക്കിയ ഓസ്‌ട്രേലിയന്‍ ഫെഡറല്‍ സര്‍ക്കാരിന്റെ നടപടി ഏറെ വിവാദമായിരുന്നു. സര്‍ക്കാര്‍ തീരുമാനത്തിനെതിരേ രൂക്ഷപ്രതികരണവുമായി ക്രിക്കറ്റ് താരം മൈക്കല്‍ സ്ലാറ്റര്‍ രംഗത്തെത്തി. നടപടി അധാര്‍മികമെന്നും പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്റെ കൈകളില്‍ രക്തം പുരണ്ടിരിക്കുകയാണെന്നും മൈക്കല്‍ സ്ലാറ്റര്‍ ട്വിറ്ററില്‍ വിമര്‍ശിച്ചു. അതേസമയം ഇന്ത്യയില്‍ വച്ച് കോവിഡ് ബാധിച്ച താരങ്ങള്‍ പ്രത്യേക ചികിത്സ ആവശ്യപ്പെട്ടിട്ടില്ലെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ഇടക്കാല ചീഫ് എക്‌സിക്യൂട്ടീവ് നിക്ക് ഹോളി വ്യക്തമാക്കിയിരുന്നു.

വിമാനത്തില്‍ വന്നിറങ്ങിയ താരങ്ങളെ പ്രത്യേകം തയാറാക്കിയ ബസുകളില്‍ സിഡ്‌നിയിലെ ക്വാറന്റീന്‍ കേന്ദ്രത്തിലേക്കു മാറ്റി. ഇവിടെ 14 ദിവസത്തെ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയ ശേഷമേ വീടുകളിലേക്കു പോകാനാകൂ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.