യേശു തന്റെ അമ്മയും താൻ സ്നേഹിച്ച ശിഷ്യനും അടുത്തു നിൽക്കുന്നത് കണ്ട്, അമ്മയോട് പറഞ്ഞു, സ്ത്രീയെ ഇതാ നിന്റെ മകൻ. അനന്തരം അവൻ ആ ശിഷ്യനോട് പറഞ്ഞു ഇതാ നിന്റെ അമ്മ, അപ്പോൾ മുതൽ ആ ശിഷ്യൻ അവളെ സ്വന്തം ഭവനത്തിൽ സ്വീകരിച്ചു. (യോഹ 19 :26-27).
ദൈവപുത്രന്റെ അമ്മയാകുവാൻ വിളിച്ചു വേർതിരിച്ച നാൾ മുതൽ കാൽവരി കുരിശുവരെ നീണ്ട രക്ഷണീയകർമ്മ യാത്രയിൽ, അമ്മ യേശുവിനെ അടുത്തനുഗമിച്ചു. ഇതാ നിന്റെ അമ്മ എന്ന് പറഞ്ഞുകൊണ്ട്, തൻറെ അമ്മയെ, താൻ സ്നേഹിക്കുന്ന, തന്നെ സ്നേഹിക്കുന്ന എല്ലാവരുടെയും അമ്മയായി, ലോകത്തിനു മുഴുവൻ അമ്മയായി ആണ് അവിടുന്ന് നൽകിയത്.
യേശു പറയുന്നുണ്ട്, എന്നെ സ്നേഹിക്കുന്നവൻ എന്റെ വചനംപാലിക്കും (യോഹ14 :23). എന്റെ വചനത്തിൽ നിലനിൽക്കുമെങ്കിൽ നിങ്ങൾ യഥാർഥത്തിൽ എന്റെ ശിഷ്യന്മാരാണ് (യോഹ 8 :31) എന്ന്.
ഇത്ര വലിയ തീവ്രസഹനത്തിന്റെ നടുവിലും ക്രൂശിതനിൽ നിന്നും അകലാതെ, അവിടുത്തെ സ്നേഹിക്കുകയും ദൈവവചനത്തിൽ നിലനിൽക്കുകയും ചെയ്ത അമ്മ, ഓരോ ക്രിസ്തുശിഷ്യനും മാതൃകയാക്കേണ്ട വ്യക്തിത്വമാണ്.
കുരിശിൻ ചുവട്ടിൽ നിൽക്കുന്ന ഈ അമ്മ നമുക്ക് നല്കുന്ന മറ്റൊരു മാതൃക കൂടെ ഉണ്ട്, നമുക്ക് പ്രിയപ്പെട്ടവർ, പീഡിപ്പിക്കപ്പെടുമ്പോഴും, അവഗണിക്കപ്പെടുമ്പോഴും ചാരെ നിൽക്കുന്ന സ്നേഹമാണ് നമുക്ക് ഉണ്ടായിരിക്കേണ്ടത്.
ഒരു പക്ഷെ നമ്മുടെ മാതാപിതാക്കൾ, ജീവിതപങ്കാളി, സുഹൃത്തുക്കൾ ഒക്കെ രോഗികളാകുമ്പോൾ, ജോലി നഷ്ടപ്പെടുമ്പോൾ, കടബാധ്യതകൾ ഉണ്ടാകുമ്പോൾ, അവരുടെ ജീവിതത്തിൽ മറ്റു പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ ഒരിക്കലും നാം അവരെ ഉപേക്ഷിച്ചു പോകാതെ അവരോടു ചേർന്ന് നിൽക്കുന്നവരാകണം, പരിശുദ്ധ അമ്മയെ പോലെ. അപ്രകാരം ചെയ്യുന്നവർക്ക് ഈ ലോകത്തിലും വരുവാനുള്ള ലോകത്തിലും പ്രതിഫലം ഉണ്ട് എന്നത്, യേശുവിന്റെ അമ്മയോടുള്ള ഈ കരുതലിൽ നിന്ന് വ്യക്തമാണ്.
യേശുവിനോടുള്ള സ്നേഹത്തിൽ അന്ത്യംവരെ നിലനിൽക്കുവാനും, വേദനിക്കുന്നവരോട് ചേർന്ന് നിൽക്കുവാനുമുള്ള കൃപയ്ക്കായി പരിശുദ്ധ അമ്മ വഴി ഈശോയോട് പ്രാർത്ഥിക്കാം.

വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.