ലണ്ടന്‍: കഞ്ചാവ് ഫാക്ടറിയെന്നു സംശയിച്ച് പോലീസ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് ബിറ്റ്‌കോയിന്‍ ഖനി. ഇംഗ്ലണ്ടിലെ ബര്‍മിംഗ്ഹാമിനടുത്തുള്ള സാന്‍ഡ്വെല്ലിലാണു സംഭവം. ഡ്രോണ്‍ ഉപയോഗിച്ച് വെസ്റ്റ് മിഡ്ലാന്റ്‌സ് പോലീസ് നടത്തിയ പരിശോധനയിലാണ് ഒരു കെട്ടിടത്തിനുള്ളില്‍ നൂറുകണക്കിന് കമ്പ്യൂട്ടര്‍ യൂണിറ്റുകള്‍ ഉപയോഗിച്ചുള്ള വമ്പന്‍ ബിറ്റ്‌കോയിന്‍ ഖനനം കണ്ടെത്തിയത്.
ദിവസവും പല സമയങ്ങളിലായി ധാരാളം ആളുകള്‍ ഒരു സ്ഥലത്തേക്കു വരികയും പോവുകയും ചെയ്യുന്നതായും അവിടെയുള്ള കെട്ടിടത്തില്‍ ധാരാളം വയറിംഗും വെന്റിലേഷന്‍ നാളങ്ങളും കണ്ടെത്തുകയും ചെയ്തതോടെയാണ് പോലീസിന് സംശയം തോന്നിയത്. ഡ്രോണ്‍ ഉപയോഗിച്ച് ആ പ്രദേശത്ത് പരിശോധിച്ചപ്പോള്‍ അവിടെനിന്ന് അന്തരീക്ഷത്തിലേക്ക് അമിതമായി ചൂട് പുറന്തള്ളുന്നതായി മനസിലായി. ഇതെല്ലാം കഞ്ചാവ് ഫാക്ടറിയുടെ സജ്ജീകരണങ്ങളാണെന്ന് ഉറപ്പിച്ച പോലീസ് കെട്ടിടം റെയ്ഡ് ചെയ്തതോടെയാണ് ഞെട്ടിയത്. നൂറോളം കമ്പ്യൂട്ടറുകളും ഇലക്ട്രിക് മീറ്ററുകളും കണ്ടെത്തിയതോടെ ഇവിടെ വന്‍ തോതില്‍ വൈദ്യുതി മോഷ്ടിച്ച് ക്രിപ്‌റ്റോ കറന്‍സി ഖനി പ്രവര്‍ത്തിക്കുന്നതായി മനസിലായി.
ഐടി ഉപകരണങ്ങള്‍ പിടിച്ചെടുത്ത പോലീസ് ആയിരക്കണക്കിന് ഡോളര്‍ വിലവരുന്ന വൈദ്യുതി മോഷണവും കണ്ടെത്തി. അതേസമയം, സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പോലീസ് പറഞ്ഞു. കഞ്ചാവ് ഫാക്ടറിയുടെ എല്ലാ സവിശേഷതകളും കെട്ടിടത്തിന് ഉണ്ടായിരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥനായ ജെന്നിഫര്‍ ഗ്രിഫിന്‍ പറഞ്ഞു. വെസ്റ്റ് മിഡ്ലാന്റില്‍ കണ്ടെത്തിയ രണ്ടാമത്തെ ക്രിപ്‌റ്റോ ഖനിയാണിത്.
ക്രിപ്റ്റോകറന്‍സിക്ക് വേണ്ടിയുള്ള ഖനനം രാജ്യത്ത് നിയമവിരുദ്ധമല്ലെങ്കിലും കമ്പ്യൂട്ടര്‍ അടക്കമുള്ള ഉപകരണങ്ങള്‍ പോലീസ് പിടിച്ചെടുത്തു. ക്രൈം ആക്ടിന്റെ കീഴില്‍ സ്ഥിരമായി ഇത് തടയാനുള്ള നിയമസാധ്യതകള്‍ അന്വേഷിക്കുമെന്ന് പോലീസ് പറഞ്ഞു. റെയ്ഡിന്റെ സമയത്ത് ആരും അവിടെ ഉണ്ടായിരുന്നില്ല. ഉടമയുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുമെന്നും ജെന്നിഫര്‍ അറിയിച്ചു.
എന്താണ് ക്രിപ്റ്റോകറന്‍സി?
ക്രിപ്റ്റോകറന്‍സി ഒരു ഡിജിറ്റല്‍ കറന്‍സിയാണ്. ക്രിപ്‌റ്റോ കറന്‍സികളില്‍ ആദ്യം തരംഗമായ കറന്‍സിയായിരുന്നു ബിറ്റ്‌കോയിന്‍. ക്രിപ്റ്റോ കറന്‍സിയുടെ ഒരു യൂണിറ്റ് യഥാര്‍ത്ഥത്തില്‍ സങ്കീര്‍ണ്ണമായ കമ്പ്യൂട്ടറൈസ്ഡ് കോഡാണ്. ക്രിപ്‌റ്റോ കറന്‍സികളെ ഒരു രാജ്യത്തെയും സര്‍ക്കാരോ കേന്ദ്ര ബാങ്കുകളോ നിയമപരമായ ഇടപാടിനായി അംഗീകരിച്ചിട്ടില്ല. ഇവയെ നിയന്ത്രിക്കാന്‍ കേന്ദ്രീകൃത അതോറിറ്റികളൊന്നും നിലവിലില്ല.
കമ്പ്യൂട്ടര്‍ നെറ്റ്‌വര്‍ക്ക് ഉപയോഗിച്ച് ബിറ്റ്‌കോയിന്‍ നിര്‍മിച്ചെടുക്കുന്ന പ്രക്രിയയാണ് ബിറ്റ്‌കോയിന്‍ മൈനിങ്. കമ്പ്യൂട്ടറുകളില്‍ അതിസങ്കീര്‍ണമായ ഗണിതപ്രശ്‌നങ്ങള്‍ പരിഹരിച്ചാണ് ഓരോ ബിറ്റ്‌കോയിനും നിര്‍മിക്കുന്നത്. ബിറ്റ്‌കോയിന്‍ സൃഷ്ടിച്ചെടുക്കുന്ന മൈനിങ് എന്ന പ്രക്രിയയ്ക്കായി ചെലവാകുന്ന ഭീമമായ വൈദ്യുതിയും അതുമൂലം പ്രകൃതിയിലേക്കു തള്ളപ്പെടുന്ന കാര്‍ബണിന്റെ അളവുമാണ് ഇന്ന് ബിറ്റ്‌കോയിന്‍ പ്രതിസ്ഥാനത്തു നില്‍ക്കുന്നതിനുള്ള മുഖ്യകാരണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.