വത്തിക്കാന്‍ സിറ്റി: വത്തിക്കാനിലെ ആരാധനയ്ക്കും കൂദാശകള്‍ക്കുമായുള്ള ആരാധനക്രമ തിരുസംഘത്തിന്റെ തലവനായി ബ്രിട്ടീഷ് വംശജനായ ആര്‍ച്ച് ബിഷപ്പ് ആര്‍തര്‍ റോച്ചേയെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. 
ടോര്‍ടോണ മെത്രാന്‍ വിട്ടോറിയോ ഫ്രാന്‍സിസ്‌കോ വിയോളയെ കോണ്‍ഗ്രിഗേഷന്‍ സെക്രട്ടറിയായും, യൂറേലിയോ ഗാര്‍സിയ മാര്‍സിയസിനെ അണ്ടര്‍ സെക്രട്ടറി പദവിയിലും നിയമിച്ചതായി മേയ് 27നു വത്തിക്കാന്‍ അറിയിച്ചു. തിരുസംഘത്തിന്റെ തലവനായി ആറു വര്‍ഷത്തോളം സേവനം ചെയ്ത കര്‍ദിനാള്‍ സാറ 75 വയസ് പൂര്‍ത്തിയായതിനെ തുടര്‍ന്ന് ഫെബ്രുവരിയിലാണ് മാര്‍പാപ്പയ്ക്ക് രാജി സമര്‍പ്പിച്ചത്. ഗിനിയന്‍ കര്‍ദിനാളായ റോബര്‍ട്ട് സാറ കൂരിയയിലെ തന്നെ ഏറ്റവും മുതിര്‍ന്ന ആഫ്രിക്കന്‍ പ്രതിനിധിയായിരുന്നു.
2012 മുതല്‍ ആരാധനാക്രമ തിരുസംഘത്തിന്റെ ഭാഗമാണ് 71 വയസുള്ള റോച്ചേ. അന്നത്തെ മാര്‍പാപ്പയായിരുന്ന ബനഡിക്ട് പതിനാറാമനാണ് അദ്ദേഹത്തെ തിരുസംഘത്തിലേക്ക് ആദ്യമായി നിയമിച്ചത്. 2001ല്‍ ഒരു വര്‍ഷം അദ്ദേഹം വെസ്റ്റ്മിന്‍സ്റ്റര്‍ രൂപതയുടെ സഹായമെത്രാനായി സേവനം ചെയ്തിരുന്നു. പിന്നീട് 2004 മുതല്‍ 2012 വരെ ലീഡ്‌സ് രൂപതയുടെ മെത്രാനായി അദ്ദേഹം ശുശ്രൂഷ ചെയ്തു. വിശുദ്ധ കുര്‍ബാനയുടെ ഇംഗ്ലീഷ് തര്‍ജ്ജമയെക്കുറിച്ചു പഠിക്കാന്‍ വത്തിക്കാന്‍ നിയമിച്ച അന്താരാഷ്ട്ര കമ്മിഷനിലും അദ്ദേഹം അംഗമായിരുന്നു. ആരാധനാക്രമ തിരുസംഘത്തിന്റെ സെക്രട്ടറി എന്ന നിലയില്‍ നിരവധി നിര്‍ണായക ചുമതലകള്‍ റോച്ചേയെ മാര്‍പാപ്പ ഏല്‍പ്പിച്ചിട്ടുണ്ട്.
പുതിയ സെക്രട്ടറി വിട്ടോറിയോ വിയോള ഫ്രാന്‍സിസ്‌കന്‍ സഭാംഗമാണ്. അസീസിയിലെ പേപ്പല്‍ ബസലിക്കയായ സെന്റ് മേരി ഓഫ് ദി എയ്ഞ്ചല്‍സിന്റെ ചുമതല ഉണ്ടായിരുന്ന വിയോള ഏതാനും നാള്‍ അസീസിയിലെ കാരിത്താസിന്റെ ചുമതലയും വഹിച്ചിട്ടുണ്ട്. ആരാധനാക്രമ തിരുസംഘത്തിന്റെ സെക്രട്ടറി പദവി 2003 മുതല്‍ 2005 വരെ വഹിച്ച അസീസി ബിഷപ്പ് ഡോമിനികോ സൊറണ്‍ഡീനോയുടെ സുഹൃത്തുകൂടിയാണ് വിയോള. പുതിയ അണ്ടര്‍ സെക്രട്ടറി യൂറേലിയോ ഗാര്‍സിയ മാര്‍സിയസ് സ്പാനിഷ് വംശജനാണ്.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.