വൃക്ഷാലിംഗനത്തിന്റെ ഗാന്ധിയൻ മാർഗം: ഭാഗം 2

വൃക്ഷാലിംഗനത്തിന്റെ ഗാന്ധിയൻ മാർഗം: ഭാഗം 2

നിത്യമായ സമ്പത്ത് വ്യവസ്ഥയാണ് പരിസ്ഥിതി

നിത്യമായ സമ്പത്ത് വ്യവസ്ഥയാണ് പരിസ്ഥിതി എന്ന സുന്ദർലാലിന്റെ ദർശനം ആധുനിക ധനകാര്യ ശാസ്ത്രത്തെ വെല്ലുന്നതാണ്. ' റീസ്റ്റോർ എർത്ത്' എന്ന മുദ്രാവാക്യവുമായി ഏപ്രിൽ 22ന് ലോക ഭൗമ ദിനം ആചരിച്ചപ്പോൾ 'എർത്ത്' എന്ന വാക്കിന് ഭൂമി മണ്ണ് എന്നീ അർത്ഥങ്ങൾ ഉണ്ടെങ്കിലും ജീവന്റെ ഭൂമിക എന്നാണ് യഥാർത്ഥത്തിൽ വിവക്ഷിച്ചത്. വ്യവസായിക വിപ്ലവത്തിനു ശേഷം ആഗോള താപനില 1.5 സെൽഷസ് ഉയർന്നു. ഇതു ചെറിയൊരു വ്യതിയാനമായി കാണാവുന്നതല്ല. താപനില ഇനിയും ഉയർന്നാൽ പ്രവചിക്കാനാവാത്ത പ്രത്യാഘാതങ്ങൾ, കരയിലും കടലിലും അന്തരീക്ഷത്തിലും ഉണ്ടാകും അതു ജൈവസമ്പത്ത് നശിപ്പിക്കും.

താപനില വർധിച്ച് മഹാഭൗമശാസ്ത്രജ്ഞനായ ഹോപ്കിൻസ് പ്രവചിച്ചതുപോലെ അഞ്ചാറു നൂറ്റാണ്ടിനുള്ളിൽ ഭൂമി കത്തിച്ചാമ്പലാകും. കാർബൺ വിസർജനമാണ് യഥാർത്ഥ വില്ലൻ. ചൈന അമേരിക്ക ഇന്ത്യ എന്നീ രാജ്യങ്ങൾക്ക് ഇതിൽ വലിയ ഉത്തരവാദിത്തമുണ്ട്. നവംബറിൽ ഗ്ലോസ്ഗോയിൽ നടക്കാൻ പോകുന്ന ഉച്ചകോടിയിൽ അമേരിക്കയുടെ അതി ശക്തമായ പിന്തുണയോടെ കാര്യങ്ങൾ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. ഡൊണാൾഡ് ട്രംപ് ഈ വിഷയത്തിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നല്ലോ. ചെറിയ രാജ്യങ്ങൾ പോലും ഹരിതഗൃഹവാതകങ്ങളുടെ ഉൽപാദനം നിയന്ത്രിച്ചേ പറ്റൂ.

അന്തരീക്ഷത്തിൽ പ്രാണവായുവിനെ കുറവ് രോഗപ്രതിരോധശേഷിയും ബാധിക്കും. കോവിഡ് എന്ന ഒരു കുഞ്ഞൻ വൈറസിനെ നേരിടാൻ പോലും മനുഷ്യന് ആകുന്നില്ല. ആഗോളതാപനം വഴി കാലാവസ്ഥമൊത്തം താളംതെറ്റി ഉഷ്ണതരംഗങ്ങൾ, കടുത്ത വേനൽ, കടലിലും അന്തരീക്ഷത്തിലും ചുഴലിക്കാറ്റ് എന്നിവയുടെ കാരണം താപനവും അതിന്റെ മൂലഹേതുവായ വൃക്ഷനശീകരണവുമാണ്. 'ആഗോളതാപനം മരമാണ് ലളിതവും ഫലപ്രദവുമായ പരിഹാരം' എന്ന തത്വം വിസ്മരിക്കപ്പെടും പോൾ സുന്ദർലാൽ ബഹുഗുണ നമ്മുടെ മനസ്സാക്ഷിയെ അസ്വസ്ഥമാക്കട്ടെ.

തെഹ്‌രി അണക്കെട്ട് നിർമ്മാണം വഴി സമീപത്തുള്ള സർവ്വ പർവ്വതങ്ങളും വെള്ളത്തിനടിയിലായി കാലാവസ്ഥ നിയന്ത്രിക്കുന്ന വായു തരംഗങ്ങളെ നിയന്ത്രിക്കുന്ന പ്രകൃതിദത്ത വൻമതിലുകളായിരുന്നു അവ. ഇക്കാര്യത്തിനായി നരസിംഹറാവു അടക്കം പല ഉന്നതരെയും സമീപിച്ചെങ്കിലും സുപ്രീം കോടതി വിധി ബഹുഗുണക്കും തിരിച്ചടിയായി. എങ്കിലും ദേശീയതലത്തിൽ വലിയൊരു ബോധവൽക്കരണത്തിന് ഹേതുവായി, പ്രകൃതി സ്നേഹിയായിരുന്ന ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോൾ ബഹുഗുണയുടെ ഉപദേശപ്രകാരം 15 വർഷം മരംമുറിക്കൽ നിരോധിക്കുകയുണ്ടായി. ആയിരക്കണക്കിന് ടൺ തടി മനുഷ്യനന്മയ്ക്കായി നിലനിർത്താൻ കഴിഞ്ഞു.

ഉത്തരാഖണ്ഡിൽ ഇപ്പോഴും മലയിടിച്ചിലും വെള്ളപ്പൊക്കവും വൻ ആശയങ്ങളും സംഭവിക്കുമ്പോൾ ബഹുഗുണയെ ഓർക്കാതിരിക്കുന്നതെങ്ങനെ? കഴിഞ്ഞ വെള്ളപ്പൊക്ക സമയത്ത് കേരളത്തിലും മണ്ണിടിച്ചിൽ നാശംവിതച്ചല്ലോ. അപകടം അടുത്തു വരുന്നു.

ചിപ്കോ പ്രസ്ഥാനത്തിനു പരോക്ഷമായി ഫ്രാൻസിസ് പാപ്പയിൽ നിന്നു പിന്തുണ ലഭിച്ചല്ലോ. 'ലൗദത്തോ സി' എന്ന ചാക്രിക ലേഖനത്തിൽ ഭൂമി എല്ലാവരുടെയും പൊതു ഭവനമാണെന്നും പ്രഖ്യാപിക്കുമ്പോൾ ബഹുഗുണയുടെ പ്രവർത്തനങ്ങൾ അംഗീകരിക്കപ്പെടുകയായിരുന്നു.

ബഹുഗുണയുടെ മരണത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി അനുശോചിച്ചതായി അറിയുന്നു. സർദാർ പട്ടേലിന്റെ പ്രതിമ സ്ഥാപിക്കാൻ എത്ര ഏക്കർ കൃഷിഭൂമിയാണ് ദുരുപയോഗിച്ചത്! ഇനി സുന്ദർലാൽ ബഹുഗുണയുടെ ശാരീരിക സാന്നിധ്യമില്ല, ആപത്ത് തടയാൻ ഒരു ചെറുവിരൽ പോലും അവശേഷിക്കുന്നില്ല. ആ ഹരിത സ്മരണയ്ക്കു മുൻപിൽ ഭൂമി എന്നും മനുഷ്യർക്ക് കാലുറപ്പിച്ചു നിൽക്കാൻ ശക്തവും ദൃഢവുമായ ഭൂമിയായി നിലനിൽക്കട്ടെ.

അനുബന്ധചിന്ത:

അമ്പതുവർഷം നിലനിൽക്കുന്ന ഒരു വൃക്ഷം 53 ലക്ഷം രൂപ മൂല്യമുള്ള ഓക്സിജൻ ഉൽപാദിപ്പിക്കുന്നു.
64 ലക്ഷം രൂപ മൂല്യമുള്ള ജൈവവളം സൃഷ്ടിക്കുന്നു.

64 ലക്ഷം രൂപ മൂല്യമുള്ള മണ്ണൊലിപ്പ് തടയുന്നു.

മൂല്യം നിർണയിക്കാനാവാത്ത വിധം പക്ഷിമൃഗാദികൾക്ക് പാർപ്പിടംമൊരുക്കുന്നു.
രണ്ടോമൂന്നോ നൂറ്റാണ്ട് വളരുന്ന വേങ്ങ ( ടീറോ കാർപസ് ) മൂന്നോ അതിലേറെയോ വീടുകൾ പണിതീർക്കാനുള്ള തടി മനുഷ്യന് സംഭാവന ചെയ്യുന്നു. മുറ്റത്തെ മുല്ലക്ക് മണമില്ലല്ലോ.

ഭാഗം 1 : വൃക്ഷാലിംഗനത്തിന്റെ ഗാന്ധിയൻ മാർഗം


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.