യൂറോ കപ്പില്‍ ക്രൊയേഷ്യയെ പരാജയപ്പെടുത്തി ഇംഗ്ലണ്ടിന് വിജയ തുടക്കം

യൂറോ കപ്പില്‍ ക്രൊയേഷ്യയെ പരാജയപ്പെടുത്തി ഇംഗ്ലണ്ടിന് വിജയ തുടക്കം

ലണ്ടന്‍: യൂറോ കപ്പില്‍ ഇംഗ്ലണ്ടിന് വിജയ തുടക്കം. ഗ്രൂപ്പ് ഡിയില്‍ ഞായറാഴ്ച നടന്ന മത്സരത്തില്‍ ഇംഗ്ലണ്ട് എതിരില്ലാത്ത ഒരു ഗോളിന് ലോകകപ്പ് ജേതാക്കളായ ക്രൊയേഷ്യയെ പരാജയപ്പെടുത്തി. വെംബ്ലിയില്‍ നടന്ന മത്സരത്തില്‍ 57-ാം മിനിറ്റില്‍ റഹീം സ്റ്റെര്‍ലിങ്ങാണ് ഇംഗ്ലണ്ടിന്റെ വിജയഗോള്‍ നേടിയത്.

സ്വന്തം തട്ടകത്തില്‍ ആദ്യ പകുതിയിലുടനീളം ഇംഗ്ലണ്ട് നിര ക്രൊയേഷ്യന്‍ പ്രതിരോധത്തെ പരീക്ഷിച്ചുകൊണ്ടിരുന്നു. ഫില്‍ ഫോഡനും, റഹീം സ്റ്റെര്‍ലിങ്ങും മേസണ്‍ മൗണ്ടുമെല്ലാം മികച്ച മുന്നേറ്റങ്ങളുമായി കളംനിറഞ്ഞു. പലപ്പോഴും ഇവരുടെ മുന്നേറ്റത്തില്‍ ക്രൊയേഷ്യന്‍ പ്രതിരോധം ആടിയുലഞ്ഞു.

മത്സരത്തിന്റെ തുടക്കം മുതല്‍ തന്നെ ആക്രമണമായിരുന്നു ഇംഗ്ലണ്ടിന്റെ ശൈലി. ആറാം മിനിറ്റില്‍ തന്നെ ഫില്‍ ഫോഡന്റെ ഷോട്ട് നിര്‍ഭാഗ്യം കൊണ്ട് പോസ്റ്റില്‍ തട്ടി തെറിച്ചു. തൊട്ടുപിന്നാലെ സ്റ്റെര്‍ലിങ്ങിന്റെ മുന്നേറ്റം കലേറ്റ കാര്‍ തടഞ്ഞു. ഇതിനിടെ കാല്‍വിന്‍ ഫിലിപ്പ്സും ക്രൊയേഷ്യന്‍ ഗോളി ഡൊമിനിക് ലിവാകോവിച്ചിനെ പരീക്ഷിച്ചു.

വലതുവിങ്ങിലൂടെ ഫോഡനും ഇടതു വശത്തുകൂടി സ്റ്റെര്‍ലിങ്ങും നിരന്തരം ക്രൊയേഷ്യന്‍ ബോക്സിലേക്ക് ആക്രമിച്ച് കയറുകയായിരുന്നു. ആദ്യ പകുതിയുടെ ആദ്യ 25 മിനിറ്റിലും ഇംഗ്ലണ്ടിന്റെ പ്രെസ്സിങ് ഗെയിമായിരുന്നു കാണാന്‍ സാധിച്ചത്. ക്രൊയേഷ്യക്ക് കാര്യമായ മുന്നേറ്റങ്ങളൊന്നും ആദ്യ പകുതിയില്‍ സൃഷ്ടിക്കാനായില്ല.

രണ്ടാം പകുതിയിലും മികച്ച ആക്രമണം പുറത്തെടുത്ത ഇംഗ്ലണ്ട് 57-ാം മിനിറ്റില്‍ റഹീം സ്റ്റെര്‍ലിങ്ങിലൂടെ മുന്നിലെത്തി. കാല്‍വിന്‍ ഫിലിപ്പ്സിന്റെ അളന്നുമുറിച്ച പാസില്‍ നിന്നായിരുന്നു സ്റ്റെര്‍ലിങ്ങിന്റെ ഗോള്‍. രണ്ടാം പകുതിയില്‍ താളം കണ്ടെത്തിയ ക്രൊയേഷ്യയ്ക്ക് പക്ഷേ കാര്യമായ ഗോളവസരങ്ങളൊന്നും സൃഷ്ടിക്കാനായില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.