അബുദബിയില്‍ ഗ്രീന്‍ പാസ് പ്രോട്ടോക്കോള്‍ നിലവില്‍ വന്നു

അബുദബിയില്‍ ഗ്രീന്‍ പാസ്  പ്രോട്ടോക്കോള്‍ നിലവില്‍ വന്നു

അബുദബി: കോവിഡ് സുരക്ഷാമുന്‍കരുതലായ ഗ്രീന്‍ പ്രോട്ടോക്കോള്‍ അബുദബിയില്‍ പ്രാബല്യത്തിലായി. ഇനിമുതല്‍
അല്‍ ഹോസന്‍ ആപ്പില്‍ പച്ചനിറമുളളവർക്കുമാത്രമെ മാളുകളിലേക്കുളള പ്രവേശനമുള്‍പ്പടെ ആഘോഷവേളകളിലും പൊതുപരിപാടികളിലും പങ്കെടുക്കാന്‍ സാധിക്കൂ. ഷോപ്പിംഗ്​ മാളുകള്‍, സൂപ്പർമാർക്കറ്റുകൾ, ഹോട്ടലുകള്‍, പൊതുപാർക്കുകളും, ബീച്ചുകളും​,റസ്​റ്ററന്‍റ്, കഫെ, മറ്റ്​ വിനോദകേന്ദ്രങ്ങൾ എന്നിവിടങ്ങളിലേക്കെല്ലാം പ്രവേശിക്കാന്‍ അല്‍ ഹോസന്‍ ആപ്പില്‍ പച്ചനിറം തെളിയണം. 16 വയസിന് മുകളിലുളളവർക്കാണ് ഇത് ബാധകമാകുക. വാക്സിനെടുത്തവർക്കുള്‍പ്പടെ കോവിഡ് പിസിആർ പരിശോധന നടത്തിയാലാണ് അല്‍ ഹോസന്‍ ആപ്പില്‍ പച്ച നിറം തെളിയുക.
വാക്സിനെടുത്തു, പക്ഷെ ആപ്പില്‍ അപ്ഡേറ്റല്ലെങ്കില്‍ രാജ്യത്തെ ചില താമസക്കാർക്കെങ്കിലും വാക്സിന്‍റെ രണ്ട് ഡോസ് എടുത്തവരാണെങ്കിലും അത് അല്‍ ഹോസന്‍ ആപ്പില്‍ അപ്ഡേറ്റാകാത്ത പ്രശ്നങ്ങളുണ്ട്.മറ്റ് രാജ്യങ്ങളില്‍ നിന്ന് വാക്സിനെടുത്ത് യുഎഇയില്‍ എത്തിയവർക്കും ആപ്പില്‍ അപ്ഡേറ്റാകാത്തതുമൂലമുളള പ്രശ്നങ്ങളുണ്ട്.

അത്തരം സന്ദർഭങ്ങളില്‍ സേഹയുടെ 80050 എന്ന നമ്പറിലേക്കോ 800 HOSN (4676) എന്നതിലേക്കോ വിളിച്ച് പരിഹാരം തേടാവുന്നതാണ്.


അല്‍ ഹോസന്‍ ആപ്പില്‍ പച്ചതെളിയണമെങ്കില്‍

1. വാക്സിനെടുത്തവർ വാക്സിന്‍റെ രണ്ട് ഡോസും സ്വീകരിച്ച് 28 ദിവസം കഴിഞ്ഞവർ- പിസിആ‍ർ ടെസ്റ്റെടുത്ത് നെഗറ്റീവെങ്കില്‍ അല്‍ ഹോസന്‍ ആപ്പില്‍ പച്ചനിറം തെളിയും,ഇതിന് 30 ദിവസമാണ് കാലാവധി. പിസിആർ ടെസ്റ്റെടുത്ത് നെഗറ്റീവാണെങ്കില്‍ എലിജിബിലിറ്റി വ്യക്തമാക്കുന്ന ഇ എന്നതോ സ്വർണനിറമുളള നക്ഷത്ര ചിഹ്നമോ തെളിയും. ഇതിന് ഏഴുദിവസമാണ് കാലാവധി.

2. വാക്സിന്‍റെ രണ്ടാം ഡോസ് കിട്ടിയവർ പക്ഷെ 28 ദിവസമാകാത്തവർ പിസിആർ ടെസ്റ്റെടുത്താല്‍ 14 ദിവസം കാലാവധിയുളള പച്ച നിറം തെളിയും

3. ആദ്യ ഡോസ് കിട്ടി രണ്ടാം ഡോസിനായി കാത്തിരിക്കുന്നവർ പിസിആ‍ർ ടെസ്റ്റെടുത്ത് നെഗറ്റീവെങ്കില്‍ ഏഴുദിവസം കാലാവധിയുളള പച്ചനിറം തെളിയും 

4. രണ്ടാം ഡോസ് കിട്ടാന്‍ വൈകുന്നവർ പിസിആ‍ർ ടെസ്റ്റെടുത്ത് നെഗറ്റീവെങ്കില്‍ 3 ദിവസം കാലാവധിയുളള പച്ചനിറം തെളിയും. വാക്സിന്‍റെ രണ്ടാം ഡോസെടുക്കുന്നതിനുളള അപ്പോയിന്‍റ് മെന്‍റ് 48 മണിക്കൂറിനേക്കാള്‍ വൈകിയവർക്കാണ് ഇത് ബാധകമാവുക

5.വാക്സിനെടുക്കുന്നതില്‍ നിന്ന് ഒഴിവാക്കപ്പെട്ടവർ പിസിആ‍ർ ടെസ്റ്റെടുത്ത് നെഗറ്റീവെങ്കില്‍ ഏഴുദിവസം കാലാവധിയുളള പച്ചനിറം തെളിയും (വാക്സിനെടുക്കുന്നതില്‍ നിന്ന് ഒഴിവാക്കപ്പെട്ടവരാണെന്ന് ബോധ്യപ്പെടുത്തുന്ന സ‍ർട്ടിഫിക്കറ്റുകള്‍ അനിവാര്യം)

6.വാക്സിനെടുക്കാത്തവർ പിസിആ‍ർ ടെസ്റ്റെടുത്ത് നെഗറ്റീവെങ്കില്‍ 3 ദിവസം കാലാവധിയുളള പച്ചനിറം തെളിയും.

ഈ ആറുവിഭാഗങ്ങളിലും പിസിആർ ടെസ്റ്റിന്‍റെ കാലാവധി അവസാനിച്ചാല്‍ പച്ചനിറം സ്വഭാവികമായും ഗ്രെ കളറിലേക്ക് മാറും. കോവിഡ് പോസിറ്റീവാണെങ്കില്‍ ചുവപ്പ് നിറത്തിലേക്കും മാറും.

ടൂറിസ്റ്റുകള്‍ക്കും വേണം അല്‍ ഹോസന്‍ ആപ്പില്‍ പച്ച നിറം

രാജ്യത്തെത്തുന്ന ടൂറിസ്റ്റുകള്‍ക്ക് അവരുടെ യൂണിഫൈഡ് ഐഡന്‍റിറ്റി നമ്പർ (UID) ഉപയോഗിച്ച് അല്‍ ഹോസന്‍ ആപ്പില്‍ രജിസ്ട്രേഷന്‍ നടത്താവുന്നതാണ്. യുഎഇയിലേക്ക് പ്രവേശിക്കുമ്പോള്‍ പാസ്പോർട്ടില്‍ രേഖപ്പെടുത്തുന്ന പ്രവേശന സ്റ്റാമ്പില്‍ അതല്ലെങ്കില്‍ വിസാപേജില്‍ നിന്ന് യുഐഡി നമ്പർ ലഭിക്കും. ഇനി അതില്ലെങ്കില്‍ വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ കേന്ദ്രത്തില്‍ നിന്നും യുഐഡി ലഭ്യമാകും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.