വിസ്മയയെ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയതെന്ന് ബന്ധുക്കള്‍; പൊലീസിനോട് റിപ്പോര്‍ട്ട് തേടി വനിതാ കമ്മീഷന്‍

 വിസ്മയയെ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയതെന്ന് ബന്ധുക്കള്‍; പൊലീസിനോട് റിപ്പോര്‍ട്ട് തേടി വനിതാ കമ്മീഷന്‍

കൊല്ലം: യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതിന് പിന്നാലെ ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതിയുടെ കുടുംബം. ഇന്ന് പുലര്‍ച്ചെയാണ് നിലമേല്‍ കൈതോട് സ്വദേശി വിസ്മയയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

വിസ്മയയെ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയതാണെന്നാണ് ബന്ധുക്കളുടെ ആരോപണം. ഭര്‍ത്താവ് കിരണ്‍ ഒളിവിലാണ്. വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ വനിതാ കമ്മീഷന്‍ കൊല്ലം എസ്.പിക്ക് നിര്‍ദേശം നല്‍കി.

കഴിഞ്ഞ വര്‍ഷം മേയ് 31നാണ് നിലമേല്‍ കൈതോട് കുളത്തിന്‍കര മേലേതില്‍ പുത്തന്‍വീട്ടില്‍ ത്രിവിക്രമന്‍ നായരുടെയും സജിതയുടെയും മകള്‍ എസ്.വി.വിസ്മയയെ ശൂരനാട് പോരുവഴി അമ്പലത്തുഭാഗം ചന്ദ്ര വിലാസത്തില്‍ എസ്.കിരണ്‍കുമാര്‍ വിവാഹം കഴിച്ചത്. മോട്ടര്‍ വാഹന വകുപ്പിലെ ജീവനക്കാരനാണ് കിരണ്‍.

സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍തൃവീട്ടുകാര്‍ വിസ്മയയെ ഉപദ്രവിച്ചിരുന്നതായി ബന്ധുക്കള്‍ ആരോപിച്ചു. ചില പ്രശ്നങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് വിസ്മയ അടുത്തിടെ സ്വന്തം വീട്ടിലേക്ക് വരികയും ചെയ്തു. പിന്നീട് ഒത്തുതീര്‍പ്പാക്കി തിരിച്ചുപോയി.

വിവാഹ സമയത്ത് സ്ത്രീധനമായി നല്‍കിയ കാര്‍ കൊള്ളില്ലെന്ന് പറഞ്ഞ് കിരണ്‍ ഇന്നലെ വിസ്മയയെ മര്‍ദ്ദിച്ചിരുന്നു. കൂടാതെ യുവതിയുടെ പിതാവിനെപ്പോലും അസഭ്യം പറയുകയും കാറിന്റെ കണ്ണാടി പൊട്ടിക്കുകയും ചെയ്തിരുന്നു. മര്‍ദ്ദനമേറ്റതിന്റെ ചിത്രങ്ങള്‍ വിസ്മയ സഹോദരന് അയച്ചു കൊടുത്തിരുന്നു.

'ദേഷ്യം വന്നാല്‍ അയാള്‍ എന്നെ അടിക്കും. അയാള്‍ക്കു കൊടുത്ത വണ്ടി കൊള്ളില്ലെന്നു പറഞ്ഞ് കഴിഞ്ഞ ദിവസം തെറി വിളിച്ചു. അച്ഛനെയും കുറെ ചീത്ത വിളിച്ചു. കുറെ നേരം സഹിച്ചിരുന്നു. പക്ഷേ നിര്‍ത്തിയില്ല. സഹികെട്ട് മുറിയില്‍നിന്ന് ഇറങ്ങിപ്പോകാന്‍ നോക്കിയപ്പോള്‍ മുടിയില്‍ പിടിച്ചുവലിച്ച് പലതവണ അടിച്ചു. അടികൊണ്ടു വീണ എന്റെ മുഖത്തു ചവിട്ടി, കാലു കൊണ്ട് മുഖത്ത് അമര്‍ത്തി' ക്രൂര മര്‍ദനമാണു ഭര്‍ത്താവ് കിരണില്‍നിന്നു നേരിടേണ്ടി വന്നതെന്നും വിസ്മയ ബന്ധുക്കളോടു നടത്തിയ ചാറ്റില്‍ വ്യക്തമാക്കുന്നു.

ഈ വാട്സാപ്പ് ചാറ്റ് പുറത്തു വന്നിട്ടുണ്ട്. സന്ദേശം കിട്ടി മണിക്കൂറുകള്‍ക്കകം ബന്ധുക്കള്‍ കേള്‍ക്കുന്നത് വിസ്മയ മരിച്ചുവെന്ന വാര്‍ത്തയാണ്. വിവരമറിഞ്ഞ് കിരണിന്റെ വീട്ടിലെത്തുമ്പോഴേക്ക് മൃതദേഹം അവിടെ നിന്ന് മാറ്റിയതായും മാതാപിതാക്കള്‍ ആരോപിക്കുന്നു.

ഒരേക്കര്‍ ഇരുപത് സെന്റ് സ്ഥലം, 100 പവന്റെ സ്വര്‍ണം, പത്തു ലക്ഷത്തില്‍ താഴെ വിലവരുന്ന കാര്‍ എന്നിവയാണ് വിവാഹ സമയത്ത് നല്‍കിയതെന്ന് വിസ്മയയുടെ അച്ഛന്‍ ത്രിവിക്രമന്‍ നായര്‍ പറയുന്നു. കല്യാണത്തിനു ശേഷം കാര്‍ വേണ്ട, പകരം പണമായിട്ടു വേണം എന്നു പറഞ്ഞാണു മകളെ ഉപദ്രവിച്ചത്. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തിനുള്ളില്‍ സ്ത്രീധനത്തിന്റെ പേരില്‍ ക്രൂര പീഡനങ്ങളാണ് മകള്‍ക്ക് ഏല്‍ക്കേണ്ടി വന്നതെന്ന് പിതാവ് കണ്ണീരോടെ പറഞ്ഞു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.