മിനിയാപൊളിസ്: അഞ്ചാം മാസത്തിലാണ് ഒരു കൈക്കുമ്പിളില്‍ ഒതുങ്ങുന്ന വലിപ്പവുമായി റിച്ചാര്‍ഡ് ഭൂമിയിലേക്കു പിറന്നുവീണത്. ജീവിക്കാന്‍ യാതൊരു സാധ്യതയുമില്ലെന്ന് ആദ്യംതന്നെ ഡോക്ടര്‍മാര്‍ വിധിയെഴുതി. എന്നാല്‍ മനുഷ്യന്റെ പ്രവചനങ്ങള്‍ക്കപ്പുറമുള്ള ദൈവത്തിന്റെ കരുതല്‍ അവനെ കാത്തിരിക്കുന്നുണ്ടായിരുന്നു. പ്രവചനങ്ങളെ തോല്‍പ്പിച്ച് ഒന്നാം ജന്മദിനം ആഘോഷിച്ച കുഞ്ഞ് റിച്ചാര്‍ഡ് ഗിന്നസ് റെക്കോര്‍ഡും സ്വന്തമാക്കിയിരിക്കുകയാണ്.
മിനിയാപൊളിസ് ചില്‍ഡ്രന്‍സ് ആശുപത്രിയിലെ നിയോനാറ്റല്‍ ഐ.സി.യുവില്‍ റിച്ചാര്‍ഡ്.
അമേരിക്കയില്‍ കഴിഞ്ഞവര്‍ഷം ജൂണ്‍ അഞ്ചിന്, അഞ്ചാം മാസത്തിലാണ് റിച്ചാര്‍ഡ് ജനിച്ചത്. കൃത്യമായി പറഞ്ഞാല്‍ 21 ആഴ്ചയും രണ്ടു ദിവസവുമുള്ളപ്പോള്‍. 340 ഗ്രാം ആയിരുന്നു ജനന സമയത്തെ കുഞ്ഞിന്റെ ഭാരം. നീളമാകട്ടെ 26 സെന്റിമീറ്ററും. മിനിയാപൊളിസ് സ്വദേശികളായ റിക്ക് ഹച്ചിന്‍സണും ബേത്തുമാണ് റിച്ചാര്‍ഡിന്റെ മാതാപിതാക്കള്‍. 2020 ഒക്ടോബര്‍ 13-നായിരുന്നു ബേത്തിന്റെ പ്രസവത്തീയതി നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഗര്‍ഭകാലത്തെ സങ്കീര്‍ണതകളെത്തുടര്‍ന്ന് കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ 21-ാം ആഴ്ച പുറത്തെടുക്കുകയായിരുന്നു. തുടര്‍ന്ന് കുഞ്ഞിനെ മിനിയാപൊളിസ് ചില്‍ഡ്രന്‍സ് ആശുപത്രിയിലെ നിയോനാറ്റല്‍ ഐ.സി.യുവില്‍ പ്രവേശിപ്പിച്ച് പരിചരണം നല്‍കി. കുഞ്ഞ് ഒരു ശതമാനം പോലും അതിജീവിക്കാന്‍ സാധ്യതയില്ലെന്ന് ഡോക്ടര്‍മാര്‍ ഇതിനകം വിധിയെഴുതിയിരുന്നു.
കുഞ്ഞിന്റെ നേരത്തെയുള്ള ജനനത്തിന്റെ സങ്കീര്‍ണതകളെക്കുറിച്ച് റിക്കിനും ബേത്തിനും പ്രീനാറ്റല്‍ കൗണ്‍സിലിങ് നല്‍കിയിരുന്നു. എങ്കിലും പ്രതീക്ഷ കൈവിടാതെ കാത്തിരിക്കാനായിരുന്നു അവരുടെ തീരുമാനം. കോവിഡ് നിയന്ത്രണങ്ങളെത്തുടര്‍ന്ന് മാതാപിതാക്കളെ ആശുപത്രിയില്‍ രാത്രി കഴിയാന്‍ അനുവദിച്ചില്ല. രാവിലെ അവര്‍ ദിവസേന ആശുപത്രിയിലേക്കു മുടങ്ങാതെ എത്തി. റിച്ചാര്‍ഡ് ആശുപത്രിയില്‍ കഴിഞ്ഞ ആറു മാസത്തോളം മാതാപിതാക്കള്‍ വീട്ടില്‍നിന്നു വന്നുപോയി. ആദ്യത്തെ ആഴ്ചകള്‍ കുഞ്ഞിന്റെ അതിജീവനം ബുദ്ധിമുട്ടേറിയതായിരുന്നു. പക്ഷേ, പതിയെ അവന്‍ ജീവിതം തിരിച്ചുപിടിച്ചു. ആറുമാസത്തെ പരിചരണത്തിന് ശേഷം റിച്ചാര്‍ഡ് ആരോഗ്യവാനായിത്തീര്‍ന്നു. ഡിസംബറില്‍ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജായി വീട്ടിലെത്തി. റിച്ചാര്‍ഡിന്റെ അതിജീവനം ആശുപത്രി ജീവനക്കാര്‍ക്കു പോലും അത്ഭുതമായിരുന്നു.
റിച്ചാര്‍ഡിന്റെ മാതാപിതാക്കള്‍ ഗിന്നസ് സര്‍ട്ടിഫിക്കറ്റുമായി
ഇക്കഴിഞ്ഞ ജൂണ്‍ അഞ്ചിനാണ് റിച്ചാര്‍ഡ് തന്റെ ഒന്നാം പിറന്നാള്‍ മാതാപിതാക്കള്‍ക്കൊപ്പം ആഘോഷിച്ചത്. പിറന്നാള്‍ കേക്കിനൊപ്പം ഒരു സമ്മാനവും കൂടി അവനെ തേടിയെത്തി. വളര്‍ച്ച പൂര്‍ത്തിയാവാതെ ഏറ്റവും ചെറിയ പ്രായത്തില്‍ ജനിച്ച് ഇപ്പോഴും ജീവിക്കുന്ന കുഞ്ഞിനുള്ള ഗിന്നസ് ലോക റെക്കോര്‍ഡ്.
1987 മേയ് 20 ന് കാനഡയിലെ ഒട്ടാവയില്‍ ജനിച്ച ജെയിംസ് എല്‍ജിന്‍ ഗില്ലിന്റെ പേരിലായിരുന്നു ഇതുവരെ ഈ റെക്കോര്‍ഡ്. 21 ആഴ്ചയും അഞ്ചു ദിവസവുമുള്ളപ്പോഴാണ് ജെയിംസ് ജനിച്ചത്. ഈ റെക്കോര്‍ഡാണ് റിച്ചാര്‍ഡിന്റെ പേരിലേക്കു മാറിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.