ഇന്ത്യയിലെ വിവിധങ്ങളായ തണ്ണീര്‍ത്തട പരിസ്ഥിതിക പ്രദേശങ്ങളുടെയിടയില്‍ എറെ വൈവിദ്ധ്യങ്ങളും പ്രത്യേകതകളും നിറഞ്ഞ പ്രകൃതി രമണീയമായ ഒരു ഭൂപ്രദേശമാണ് കുട്ടനാട്. കേരളത്തിന്റെ മൊത്തം നെല്ലുല്പാദനത്തിന്റെ ഏകദേശം 20 ശതമാനത്തോളം സംഭാവന ചെയ്യുന്നത് കേരളത്തിന്റെ നെല്ലറ എന്ന് അറിയപ്പെടുന്ന ഈ പ്രദേശമാണ്.
കോട്ടയം, ആലപ്പുഴ, പത്തനംതിട്ട തുടങ്ങിയ മൂന്ന് ജില്ലകളിലായാണ് ഈ പ്രദേശം വ്യാപിച്ചു കിടക്കുന്നത്. 875 സ്‌ക്വയര്‍ കിലോമീറ്റര്‍ പരിധി മാത്രമാണ് സമുദ്ര നിരപ്പില്‍ നിന്ന് ഒരു മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്നത്. ബാക്കി 571 സ്‌ക്വയര്‍ കിലോമീറ്റര്‍ പ്രദേശങ്ങളും സമുദ്ര നിരപ്പില്‍ നിന്ന് 0.6 മീറ്റര്‍ മുതല്‍ 21 മീറ്റര്‍ വരെ താഴ്ചയിലാണ് സ്ഥിതി ചെയ്യുന്നത്. സമുദ്ര നിരപ്പില്‍ നിന്ന് 1.2 മീറ്റര്‍ മുതല്‍ 3 മീറ്റര്‍ വരെ താഴ്ചയുള്ള സ്ഥലങ്ങളില്‍ കൃഷിയിറക്കുന്ന ലോകത്തിലെ തന്നെ വളരെ ചുരുക്കം ചില പ്രദേശങ്ങളില്‍ ഒന്നുകൂടിയാണ് കുട്ടനാട്. 2013-ല്‍ ഐക്യരാഷ്ട്ര സംഘടനയുടെ ഭക്ഷ്യ കാര്‍ഷിക സമിതിയായ ഫുഡ് ആന്‍ഡ് അഗ്രിക്കള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍ ((F A O) കുട്ടനാട്ടിലെ കൃഷിരീതിയെ ആഗോളതലത്തിലെ തന്നെ പൈതൃക കാര്‍ഷിക സംവിധാനങ്ങളുടെ (Globally Important Agricultural Heritage System (GIAHS)) പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.
ലോക അംഗീകാരങ്ങളുടെ നെറുകയില്‍ നില്‍ക്കുമ്പോഴും ജൈവ വൈവിധ്യങ്ങളുടെയും പ്രകൃതി രമണീയതയുടെയും മുന്നില്‍ നില്‍ക്കുന്ന കുട്ടനാട്, ഈ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി വെള്ളപ്പൊക്കത്തിന്റെ കണ്ണീര്‍ക്കയമായി മാറിയിരിക്കുകയാണ്. തുടര്‍ച്ചയായി ഉണ്ടാകുന്ന വെള്ളപ്പൊക്കങ്ങളെയും കൃഷി തകര്‍ച്ചയേയും അതിജീവിക്കാനായി ഏകദേശം 20 ലക്ഷത്തോളം വരുന്ന ഇവിടുത്തെ ജനതയുടെ ഒരു നല്ല പങ്കും പ്രാണരക്ഷാര്‍ത്ഥം മറ്റ് പ്രദേശങ്ങളിലേക്ക് ചേക്കേറിക്കൊണ്ടിരിക്കുന്നു. 99 ലെ വെള്ളപ്പൊക്കം എന്നറിയപ്പെടുന്ന 1924 ലെ മഹാ പ്രളയത്തിനുശേഷം 2018 ലാണ് അതിഭീകരമായ മറ്റൊരു വെള്ളപ്പൊക്കത്തിന് കുട്ടനാട് സാക്ഷിയായത്.എങ്കിലും ഈ കഴിഞ്ഞ കുറെ കൊല്ലങ്ങളിലെ വെള്ളപ്പൊക്കങ്ങളുടെ വ്യാപ്തിയും രൗദ്രതയും കുട്ടനാടിനു നല്‍കുന്നത് ദുഃസൂചനയണ്. അടിക്കടി കുട്ടനാട്ടില്‍ ഉണ്ടാകുന്ന വെള്ളപ്പൊക്കങ്ങളുടെ കാരണങ്ങളും അവയ്ക്കുള്ള ശാശ്വത പരിഹാരങ്ങളും വിശകലനം ചെയ്യുക എന്നതാണ് ഈ ലേഖനത്തിന്റെ ലക്ഷ്യം. കുട്ടനാട്ടിലെ വെള്ളപ്പൊക്കങ്ങളുടെ പ്രധാന കാരണങ്ങള്‍ താഴെ പറയുന്നവയാണ്.
1. നീരൊഴുക്കിന്റെ ഗതിയിലെ തടസ്സങ്ങള്‍
മീനച്ചിലാര്‍, പമ്പാനദി, മണിമലയാര്‍, മൂവാറ്റുപുഴ നദി, അച്ചന്‍കോവിലാര്‍ തുടങ്ങിയ കേരളത്തിലെ പ്രധാനപ്പെട്ട അഞ്ചു നദികള്‍ അറബിക്കടലില്‍ ഒഴുകിയെത്തുന്നതിനു മുമ്പ് എത്തിച്ചേരുന്നത് കുട്ടനാട്ടിലാണ്. വാര്‍ഷിക കണക്കനുസരിച്ച് കേരളത്തിലെ മൊത്തം നദികളില്‍ ഒഴുകിയെത്തുന്ന വെള്ളത്തിന്റെയളവ് എഴുപത്തിയെണ്ണായിരം ദശലക്ഷം ക്യൂബിക് മീറ്ററാണ്. എന്നാല്‍, മേല്‍പ്പറഞ്ഞ അഞ്ചു നദികളിലൂടെ മാത്രം കുട്ടനാട്ടില്‍ ഒഴുകിയെത്തുന്നത് പതിമൂവായിരം ദശലക്ഷം ക്യൂബിക് മീറ്റര്‍ വെള്ളമാണ്. ചുരുക്കത്തില്‍, ഒരു വര്‍ഷം കേരളത്തിലെ മൊത്തം നദികളിലൂടെ ഒഴുകിയെത്തുന്ന വെള്ളത്തില്‍ അഞ്ചിലൊന്ന് കുട്ടനാട്ടില്‍ മാത്രം ഒഴുകിയെത്തുന്നു. ഇതില്‍ മുഖ്യ പങ്കും ഇവിടേയ്ക്ക് ഒഴുകിയെത്തുന്നത് ജൂണ്‍ മുതല്‍ ആഗസ്റ്റ് വരെയുള്ള മണ്‍സൂണ്‍ കാലത്താണ്. ഇതുകൂടാതെ മണ്‍സൂണ്‍ കാലഘട്ടത്തില്‍ കുട്ടനാട്ടില്‍ നേരിട്ടു പെയ്തിറങ്ങുന്ന മഴവെള്ളവും, താഴ്ന്ന പ്രദേശമായതിനാല്‍ അവിടെത്തന്നെ കെട്ടിക്കിടക്കുന്നു. ചുരുക്കത്തില്‍ മണ്‍സൂണ്‍ കലഘട്ടത്തില്‍ നദികളിലൂടെ കുട്ടനാട്ടിലേക്ക് ഒഴുകിയെത്തുന്ന വെള്ളവും, അവിടെത്തന്നെ പെയ്തിറങ്ങുന്ന വെള്ളവും സുഗമമായി അറബിക്കടലിലേക്ക് ഒഴുകിപ്പോകാത്തതാണ് കുട്ടനാട്ടിലെ വെള്ളപ്പൊക്കത്തിന്റെ ഒരു പ്രധാന കാരണം.
കുട്ടനാട്ടില്‍ നിന്നും അറബിക്കടലിലേക്ക് വെള്ളം ഒഴുകി പോകത്തതിനു പ്രാധാനമായും രണ്ട് കാരണങ്ങളാണുള്ളത്. ഇതില്‍ ഒന്നാമത്തേത്, ആഗോളതാപന നിലയിലുള്ള വ്യത്യാസത്തിന്റെ ഫലമായി ഉണ്ടാകുന്ന മഞ്ഞുരുകല്‍ കാരണം ഓരോ വര്‍ഷവും അറബിക്കടലിലെ ജലനിരപ്പുയരുന്നു എന്നതാണ്. സമുദ്ര നിരപ്പിനേക്കാള്‍ താഴ്ന്നു നില്‍ക്കുന്ന കുട്ടനാടിന്, ഇപ്രകാരം ഉയര്‍ന്ന ജലനിരപ്പുള്ള അറബിക്കടലിലേക്ക് വെള്ളം ഒഴുക്കിവിടാന്‍ ബുദ്ധിമുട്ടനുഭവപ്പെടുക സ്വാഭാവികമാണല്ലോ.
കുട്ടനാട്ടില്‍ നിന്ന് അറബിക്കടലിലേക്ക് വെള്ളം സുഗമമായി ഒഴുകി പോകാത്തതിന്റെ രണ്ടാമത്തെ കാരണം അവിടുത്തെ നദികളിലും കനാലുകളിലും കായലുകളിലുമുള്ള നീരൊഴുക്കിന്റെ തടസ്സങ്ങളാണ്. ഈ രണ്ടാമത്തെ പ്രശ്‌നത്തിനുള്ള പരിഹാരം നമ്മുടെ ഗവണ്മെന്റുകളുടെ ഇടപെടലുകളും നടപടികളുമായി ബന്ധമുള്ളതായതിനാല്‍, അതിനെപ്പറ്റി ഇവിടെ കൂടുതല്‍ ചര്‍ച്ച ചെയ്യേണ്ടത് ആവശ്യമാണെന്നു കരുതുന്നു.
1880 കള്‍ മുതല്‍ 1943 വരെയുള്ള കാലത്ത് 3 ഘട്ടങ്ങളിലായാണ് കുട്ടനാട്ടില്‍ ഇപ്പോള്‍ കാണുന്ന പാടശേഖരങ്ങള്‍ നിര്‍മ്മിക്കപ്പെട്ടത്. കണ്ണെത്താദൂരത്തോളം നീണ്ടു കിടന്നിരുന്ന കായലുകളില്‍ ബണ്ടുകള്‍ നിര്‍മ്മിച്ചാണ് ഈ പാടശേഖരങ്ങള്‍ രൂപപ്പെടുത്തിയത്. ഈ പാടശേഖരങ്ങള്‍ വലിയ കാര്‍ഷിക മുന്നേറ്റങ്ങള്‍ക്കു വഴിതെളിച്ചെങ്കിലും, ഇവയുടെ നിര്‍മ്മിതിക്ക് കൃത്യമായ ഒരു ശാസ്ത്രീയ പിന്‍ബലം ഇല്ലായിരുന്നു. കുട്ടനാട്ടിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെയളവ്, അവയുടെ ഒഴുക്കിന്റെ രീതി, വേമ്പനാട്ടുകായലിന്റെ ഭൂമി ശാസ്ത്രപരമായ കിടപ്പ്, അതിന്റെ ഒഴുക്ക്, ഇവയൊന്നും കൃത്യമായി മനസിലാക്കാതെ ആയിരുന്നു, ഇപ്പോള്‍ കാണുന്ന പാടശേഖരങ്ങള്‍ നിര്‍മ്മിക്കപ്പെട്ടത്. അതുകൊണ്ടുതന്നെ മണ്‍സൂണ്‍ കാലഘട്ടത്തില്‍ കുട്ടനാട്ടില്‍ ഒഴുകിയെത്തുന്ന വെള്ളം അറബിക്കടലിലേക്ക് ഒഴുകിപ്പോകുന്നതിന് ഈ പാടശേഖരങ്ങള്‍ ഒരു വലിയ പരിധിവരെ പ്രതിബന്ധങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.
കുട്ടനാട്ടിലെ നദികളിലും, കനാലുകളിലും, കായലുകളിലും അടിഞ്ഞുകൂടുന്ന എക്കലും നീരൊഴുക്കിനു തടസ്സം സൃഷ്ടിക്കുന്ന ഒരു പ്രധാന കാരണമാണ്. ഓരോ വര്‍ഷത്തെ വെള്ളപ്പൊക്കം കഴിയുമ്പോഴും ഒരുപാടു എക്കല്‍ കുട്ടനാട് ആകമാനവും, പ്രത്യേകിച്ച് അവിടുത്തെ നദികളിലും, കനാലുകളിലും, കായലുകളിലും അടിഞ്ഞുകൂടുന്നു. ലഭ്യമായ പഠനങ്ങളനുസരിച്ച് ഒരു വര്‍ഷം ഒരേക്കര്‍ സ്ഥലത്ത് അടിഞ്ഞുകൂടുന്നത് ഏകദേശം ഇരുപത്തിയഞ്ച് ടണ്‍ എക്കലാണ്. ഇപ്രകാരം അടിഞ്ഞുകൂടുന്ന എക്കല്‍ ഓരോ വര്‍ഷവും നീക്കം ചെയ്തില്ലെങ്കില്‍ നദികളിലൂടെ കുട്ടനാട്ടിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിനു അറബിക്കടലിലേക്ക് സുഗമമായി ഒഴുകി പോകാന്‍ സാധിക്കുകയില്ല. ഈ ഒഴുക്കിനുണ്ടാകുന്ന തടസ്സവും കാലതാമസവുമാണ് കുട്ടനാട്ടിലെ വെള്ളപ്പൊക്കത്തിന്റെ വ്യാപ്തിയും രൗദ്രതയും വര്‍ദ്ധിപ്പിക്കുന്നത്.
2. അശാസ്ത്രീയ വികസന പ്രവര്‍ത്തനങ്ങള്‍
1880 കള്‍ മുതല്‍ 1943 വരെയുള്ള കാലഘട്ടങ്ങളില്‍ നടന്ന പാടശേഖര നിര്‍മ്മിതികളുടെ ഫലമായി വലിയ ഒരു കുടിയേറ്റത്തിനു കൂടി കുട്ടനാട് സാക്ഷ്യം വഹിച്ചു. ഇപ്രകാരം വര്‍ദ്ധിച്ചുവന്ന ജന ആവാസ മേഖലകള്‍, പാടശേഖരങ്ങളില്‍ ഉദ്പാദിപ്പിക്കപ്പെടുന്ന കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ ശേഖരണം, വിതരണം തുടങ്ങിയവയുടെ ആവശ്യങ്ങളിലേക്കായി കാലാകാലങ്ങളില്‍ ഒരുപാടു വികസന പ്രവര്‍ത്തനങ്ങള്‍ കുട്ടനാടിന് ആവശ്യമായി വന്നു. ഒരുപാടു റോഡുകളും, പാലങ്ങളും വാണിജ്യ സ്ഥാപനങ്ങളും, പൊതു താല്പര്യം മുന്‍ നിര്‍ത്തിയുള്ള മറ്റ് ആപ്പീസുകളും ഇപ്രകാരം കുട്ടനാട്ടില്‍ നിര്‍മ്മിക്കപ്പെട്ടു. ഇവയില്‍ ഒരു വലിയ ശതമാനവും നിര്‍മ്മിക്കപ്പെട്ടത് തണ്ണീര്‍ത്തടങ്ങള്‍ നികത്തിയെടുത്ത സ്ഥലങ്ങളിലായിരുന്നു. വേണ്ട ശസ്ത്രീയ പഠനങ്ങള്‍ നടത്താതെയാണ് ഇപ്രകാരമുള്ള ജന ആവാസ കേന്ദ്രങ്ങളും വികസന പ്രവര്‍ത്തനങ്ങളും നടത്തിയത്. കുട്ടനാട്ടിലേക്കു വന്നുചേരുന്ന വെള്ളത്തിന്റെ ഒഴുക്കിന് തടസ്സം സൃഷ്ടിക്കുന്ന രീതിയിലായിരുന്നു ഇവയില്‍ വലിയ പങ്ക് വികസന പ്രവര്‍ത്തനങ്ങളും നടന്നത്. 1958 ല്‍ ഉദ്ഘാടനം ചെയ്യപ്പെട്ട, 24.2 കി.മീ. നീളമുള്ള ആലപ്പുഴ- ചങ്ങനാശ്ശേരി റോഡ്, കുട്ടനാടിന്റെ വികസന മുന്നേറ്റത്തിനുള്ള ഒരു നാഴികക്കല്ലായിരുന്നെങ്കിലും, എ സി (ആലപ്പുഴ- ചങ്ങനാശ്ശേരി) കനാലില്‍ നിന്നുള്ള വെള്ളം ആവശ്യഘട്ടങ്ങളില്‍ പാടശേഖരങ്ങളിലേക്കും നദികളിലേക്കും ഒഴുകിപോകുന്നതിനു ആവശ്യമായ ടണലുകളോ, ക്രോസ് കനാലുകളോ നിര്‍മ്മിക്കാതിരുന്നതും കുട്ടനാട്ടിലെ വെള്ളപ്പൊക്കത്തിന്റെ ഒരു പ്രധാനപ്പെട്ട കാരണമാണ്.
3. പരിസ്ഥിതിക്ക് ഇണങ്ങാത്ത കൃഷിരീതികള്‍
ഇപ്പോള്‍ കുട്ടനാട്ടിലെ പാടശേഖരങ്ങളില്‍ പൊതുവെ നിലനില്‍ക്കുന്നത് രണ്ട് കൃഷികളാണ്. പുഞ്ചകൃഷിയും , രണ്ടാം കൃഷിയും. ഏകദേശം സെപ്റ്റംബര്‍ മുതല്‍ മാര്‍ച്ചുവരെ നീണ്ടു നില്‍ക്കുന്ന കൃഷിയാണ് പുഞ്ചകൃഷി. എന്നാല്‍ ഏപ്രില്‍ മുതല്‍ ആഗസ്റ്റ് വരെ നീണ്ടു നില്‍ക്കുന്നതാണ് രണ്ടാം കൃഷി. സധാരണയായി രണ്ടാം കൃഷിയുടെ വിളവെടുപ്പു നടക്കുന്നത് മണ്‍സൂണ്‍ കാലഘട്ടത്തിന്റെ അവസാന പാദത്തിലാണ്. മണ്‍സൂണ്‍ കാലഘട്ടത്തിലുള്ള മഴവെള്ളത്തിന്റെ ലഭ്യതയാലും, നദികളിലൂടെ ഒഴുകിവരുന്ന എക്കല്‍ അടിഞ്ഞ വെള്ളത്തിന്റെ സാന്നിദ്ധ്യത്താലും, രണ്ടാം കൃഷിക്ക് പൊതുവെ നല്ല വിളവെടുപ്പാണു കുട്ടനാട്ടില്‍ ലഭിക്കുന്നത്. പക്ഷെ, കുട്ടനാടിന്റെ ഭൂമിശാസ്ത്രപരമായ കിടപ്പിനും കാലവസ്ഥാ രീതിക്കും ഒട്ടും യോജിച്ചതല്ല ഈ രണ്ടാം കൃഷി.
മണ്‍സൂണ്‍ കാലഘട്ടങ്ങള്‍ കുട്ടനാടിനു വെള്ളപ്പൊക്കങ്ങളുടെ നാളുകളാണ്. ഈ കാലഘട്ടത്തില്‍ കുട്ടനാട്ടിലേക്കൊഴുകി വരുന്ന വെള്ളത്തിന്റെ വലിയ ഒരു ശതമാനവും കായലുകള്‍ക്കു തനിയെ ഉള്‍ക്കൊള്ളാന്‍ സാധിക്കുകയില്ല. അതുകൊണ്ടുതന്നെ നദികളിലൂടെ ഒഴുകിവരുന്ന വെള്ളത്തിന്റെ ഒരുവലിയ അളവും ഉള്‍ക്കൊള്ളേണ്ടത് കുട്ടനാട്ടിലെ പാടശേഖരങ്ങളാണ്. എന്നാല്‍ അവിടെ രണ്ടാം കൃഷി നടക്കുന്നതിനാല്‍ അപ്രകാരം ഒരവസ്ഥ സംജാതമാകുന്നില്ല. കായലുകള്‍ക്ക് അപ്രാപ്യമായ വെള്ളം ഉള്‍ക്കൊള്ളാന്‍ സാധിക്കാതെ വരുമ്പോള്‍ വെള്ളപ്പൊക്കം ഉണ്ടാകുക സ്വാഭാവികമാണല്ലോ. മാത്രമല്ല രണ്ടാം കൃഷിക്കായി ഇങ്ങനെ വലിയ പാടശേഖരങ്ങള്‍ കൂറ്റന്‍ ബണ്ടുകളാല്‍ കെട്ടിയടയ്ക്കപ്പെടുന്നതിനാല്‍, വെള്ളത്തിന്റെ സുഗമമായ ഒഴുക്കിനും അവ തടസ്സം നില്‍ക്കുന്നു. ചിലപ്പോഴെങ്കിലും വെള്ളപ്പൊക്കത്തിന്റെ കാഠിന്യം നിമിത്തം പാടശേഖരങ്ങള്‍ക്കു മടവീഴുകയും കൃഷി നഷ്ടപ്പെടുന്നതായും കാണുന്നുണ്ട്. ചുരുക്കത്തില്‍ കുട്ടനാടിന്റെ ഭൂമിശാസ്തപരമായ കിടപ്പിനും കാലാവസ്ഥാ രീതികള്‍ക്കും യോജിക്കാത്ത രണ്ടാം കൃഷിയും വെള്ളപ്പൊക്കത്തിന്റെ ഒരു പ്രധാന കാരണമാണ്. കുട്ടനാട്ടിലെ വെളളപ്പൊക്കത്തിന്റെ പ്രധാന കാരണങ്ങള്‍ മേല്‍പ്പറഞ്ഞവയാണെന്നിരിക്കെ, ഇവയ്ക്കുള്ള പരിഹാരമാര്‍ഗ്ഗങ്ങളും ചര്‍ച്ച ചെയ്യേണ്ടത് ആവശ്യമാണ് ഇത്തരത്തിലുള്ള പ്രധാനപ്പെട്ട നാല് പരിഹാര മാര്‍ഗ്ഗങ്ങളാണ് താഴെ പറയുന്നത്.
പരിഹാര മാര്‍ഗ്ഗങ്ങള്‍
1. നദികളുടെയും കനാലുകളുടെയും കായലുകളുടെയും ആഴം കൂട്ടുക
നദികളിലേയും കനാലുകളിലേയും നീരൊഴുക്ക് മന്ദഗതിയിലാകുന്നതാണ് കുട്ടനാട്ടിലെ വെള്ളപ്പൊക്കത്തിന്റെ പ്രധാന കാരണം എന്ന് ഇതിനോടകം സൂചിപ്പിച്ചല്ലോ. അതിനാല്‍ നീരൊഴുക്ക് കൂട്ടുന്നതിനും വെള്ളം സുഗമമായി ഒഴുകി പോകുന്നതിനുമായി കുട്ടനാട്ടിലെ മുഴുവന്‍ നദികളിലേയും കനാലുകളിലേയും കായലുകളിലേയും ആഴം ശാസ്ത്രീയമായി വര്‍ഷാവര്‍ഷം കൂട്ടേണ്ടത് ആവശ്യമാണ്. അതിനായി മണ്ണുമാന്തി യന്ത്രങ്ങള്‍ സംലഭ്യമാക്കേണ്ടത് ആവശ്യമാണ്. ഇത്തരത്തില്‍ നീക്കുന്ന മണ്ണ് എക്കല്‍ ഗുണം കൂടുതലുള്ളതിനാല്‍ അവ കൃഷിക്ക് വളരെ അനുയോജ്യമാണ്. ആയതിനാല്‍ അവ കുട്ടനാട്ടിലെ തന്നെ ജനവാസയോഗ്യമായ പ്രദേശങ്ങളിലേയ്ക്കും കൃഷി ഇടങ്ങളിലേയ്ക്കും മാറ്റിയാല്‍ കാര്‍ഷിക മുന്നേറ്റത്തിന് അത് ഏറെ ഉപകരിക്കും. നദികളും കനാലുകളും കായലുകളും ശാസ്ത്രീയമായി ആഴം കൂട്ടുന്നതോടൊപ്പം നീരൊഴുക്കിന് തടസ്സം നില്‍ക്കുന്ന അനാവശ്യമായ പായലുകളും കായല്‍ പോളകളും മറ്റ് പ്ലാസ്റ്റിക്ക് മാലിന്യങ്ങളും സമയബന്ധിതമായി നീക്കം ചെയ്യേണ്ടതും ആവശ്യമാണ്. ഇതിനും ആധുനിക നിലവാരമുള്ള സാങ്കേതിക വിദ്യകളും യന്ത്രങ്ങളും ക്രമീകരിക്കേണ്ടതുണ്ട്. നീരൊഴുക്ക് വേഗത്തിലാക്കുന്നതിന് ഉപകരിക്കുന്ന മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ ശാസ്ത്രീയമായും സമയബന്ധിതമായും നിര്‍വ്വഹിക്കുന്നതിന് ഒരു പ്രത്യേക വകുപ്പ് തന്നെ കുട്ടനാട്ടില്‍ സ്ഥാപിക്കേണ്ടതും കാലഘട്ടത്തിന്റെ ആവശ്യമാണ്.
2. ക്രോസ് കനാല്‍ നിര്‍മ്മാണം
കുട്ടനാട്ടിലെ പാടശേഖരങ്ങള്‍ ശാസ്ത്രീയമായി നിര്‍മ്മിച്ചവയല്ല എന്ന് മുമ്പ് സൂചിപ്പിച്ചുവല്ലോ. ഏക്കറുകളോളം വ്യാപിച്ചുകിടക്കുന്ന ഈ പാടശേഖരങ്ങള്‍ക്ക് ഇടയിലൂടെയും അവയുടെ ഉള്ളിലൂടെയും ക്രോസ് കനാല്‍ നിര്‍മ്മിച്ചാല്‍ വെള്ളം ഒഴുകി പോകുന്നതിന് അത് ഉപകരിക്കും. പാടശേഖരങ്ങളുടെ ഉള്ളിലൂടെ നിര്‍മ്മിക്കുന്ന കനാലുകളുടെ ഇരുഭാഗത്തും ബണ്ടുകള്‍ രൂപപ്പെടുന്നതിനാല്‍ അവ കാര്‍ഷിക, യാത്രാ ആവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്താവുന്നതാണ്. ക്രോസ് കനാല്‍ നിര്‍മ്മാണത്തേപ്പോലെ തന്നെ പ്രധാനപ്പെട്ടതാണ് കലുങ്ക് നിര്‍മ്മാണം. പാടശേഖരങ്ങളിലൂടെ ഉള്ള റോഡുകളെ കലുങ്ക് കെട്ടി വേര്‍തിരിച്ചും ആവശ്യമായ ടണലുകള്‍ നിര്‍മ്മിച്ചും വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കാം. ഇപ്രകാരം കുട്ടനാട്ടില്‍ നിലവിലുള്ള നദികളേയും കനാലുകളേയും പാടശേഖരങ്ങളേയും പറ്റി ശാസ്ത്രീയമായി പഠിച്ച് അവിടെ ആവശ്യത്തിന് വേണ്ട ക്രോസ് കനാലുകളും കലുങ്കുകളും ടണലുകളും നിര്‍മ്മിക്കുന്നത് കുട്ടനാട്ടില്‍ വെള്ളപ്പൊക്കങ്ങളെ നിയന്ത്രിക്കുന്നതിന് ഒരു പരിധിവരെ സഹായകരമാണ്.
3. തോട്ടപ്പള്ളി സ്പില്‍വേ
കുട്ടനാട്ടിലെ നെല്ലുല്‍പാദനത്തിന്റെ ആക്കം കൂട്ടാനും വെള്ളപ്പൊക്കത്തിന് തടയിടാനും 1937 -ല്‍ നിര്‍ദ്ദേശിക്കപ്പെട്ട ഒരു പദ്ധതിയാണ് തോട്ടപ്പള്ളി സ്പില്‍വേ. വേമ്പനാട് കായലിന് ചുറ്റുമുള്ള താഴ്ന്ന പ്രദേശങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് ഒരു കനാല്‍ ഉണ്ടാക്കി ആ കനാലിലൂടെ കുട്ടനാട്ടിലെ അധിക വെള്ളം അറബിക്കടലിലേക്ക് ഒഴുക്കിക്കളയുക എന്നതായിരുന്നു ഈ പദ്ധതിയുടെ സ്ഥാപിത ലക്ഷ്യം. ആലപ്പുഴയില്‍ നിന്ന് 20 കിലോമീറ്റര്‍ തെക്ക് ഭാഗത്ത് തോട്ടപ്പള്ളിയില്‍ സ്ഥാപിതമായ ഈ പദ്ധതി 1955 ല്‍ പ്രവര്‍ത്തനം ആരംഭിച്ചു. മണിമലയാര്‍, മീനച്ചിലാര്‍, പമ്പാനദി, അച്ചന്‍കോവിലാര്‍ തുടങ്ങിയ നാല് നദികളിലൂടെ ഒരു സെക്കന്റില്‍ ഈ കനാല്‍ പരിസരത്ത് എത്തിച്ചേരുന്ന മൊത്തം വെള്ളമായ ഒരു ലക്ഷത്തി എണ്‍പത്തൊമ്പതിനായിരം (189000) ക്യുബിക്ക് അടി വെള്ളത്തില്‍, അറുപത്തിനാലായിരം (64000) ക്യുബിക്ക് അടി വെള്ളം ഒരു സെക്കന്റില്‍ കടലിലേക്ക് തള്ളിക്കളയാനായിരുന്നു 348 മീറ്റര്‍ നീളമുള്ള ഒരു കനാല്‍ ഈ പദ്ധതിയിലൂടെ നിര്‍മ്മിച്ചത്. (മേല്‍പ്പറഞ്ഞ നാല് നദികളിലൂടെ ഒഴുകിയെത്തുന്ന മൊത്തം വെള്ളത്തിന്റെ അയ്യായിരം (5000) ക്യുബിക് അടി വെള്ളം കായംകുളം കായലിലേക്ക് ഒഴുക്കി വിടാനും പദ്ധതി ഉണ്ടായിരുന്നു.) പക്ഷേ, നിര്‍ഭാഗ്യകരം എന്ന് പറയട്ടെ, പ്രവര്‍ത്തനം ആരംഭിച്ച ദിവസം മുതല്‍ ഒരിക്കല്‍പ്പോലും ഒരു സെക്കന്റില്‍ ഇരുപതിനായിരം ക്യുബിക്ക് അടി വെള്ളത്തിന് മുകളില്‍ ഈ കനാലിലൂടെ അറബിക്കടലിലേക്ക് ഒഴുക്കി വിടാന്‍ സാധിച്ചിട്ടില്ല. നിര്‍മ്മാണ രീതിയിലെ അശാസ്ത്രീയത ആയിരുന്നു ഈ പാളിച്ചകള്‍ക്ക് കാരണം. ഈ പദ്ധതിയുടെ തുടക്കത്തില്‍, 368 മീറ്റര്‍ വീതിയിലും 1311 മീറ്റര്‍ നീളത്തിലുമായി കനാല്‍ നിര്‍മ്മിക്കാനായിരുന്നു വിഭാവനം ചെയ്തിരുന്നത്. എന്നാല്‍ പിന്നീട് അത് 30 മീറ്റര്‍ വീതിയും 348 മീറ്റര്‍ നീളവുമായി വെട്ടിച്ചുരുക്കി. മാത്രമല്ല കുട്ടനാട്ടിലെ വെള്ളത്തിന്റെ ഒഴുക്ക്, എക്കല്‍അടിച്ചില്‍ തുടങ്ങിയ കാര്യങ്ങളെപ്പറ്റി വേണ്ട വിധത്തില്‍ പഠിക്കാതെ അശാസ്ത്രീയമായാണ് ഈ കനാല്‍ നിര്‍മ്മിച്ചത്.
വര്‍ഷം കഴിയുന്തോറും അറബിക്കടലിലെ ജലനിരപ്പ് ഉയരുന്നതായാണ് പഠനങ്ങള്‍ വെളിലാക്കുന്നത്. മാത്രമല്ല, കാലാവസ്ഥ വ്യതിയാനങ്ങളുടെ ഭാഗമായി മണ്‍സൂണ്‍ കാലം താമസിച്ചു വരുന്നതായും കാണുന്നുണ്ട്. ഇങ്ങനെ താമസിച്ചുവരുന്ന മണ്‍സൂണ്‍ കാലഘട്ടത്തിന്റെ ഭാഗമായി ഉണ്ടാകുന്ന വെള്ളപ്പൊക്കം കര്‍ക്കിടക മാസത്തിലെ സമുദ്രവേലിയേറ്റ ദിവസങ്ങളില്‍ സംഭവിച്ചാല്‍, ആ ദിവസങ്ങളില്‍ കടലിലേക്ക് ഈ കനാലിലൂടെ വെള്ളം കടത്തിവിടാന്‍ സാധ്യമായിരിക്കുകയില്ല. അതുകൊണ്ട് തോട്ടപ്പള്ളി സ്പില്‍വേയുടെ ഇപ്പോഴുള്ള നീളവും വീതിയും കൂടുന്നതുകൊണ്ടുമാത്രം, കുട്ടനാട്ടിലെ വെള്ളപ്പൊക്കത്തിനു ഒരു ശാശ്വത പരിഹാരം കാണാന്‍ സാധിക്കുകയില്ല. വിയറ്റ്‌നാമിലെ യെന്‍ ന്‍ജിയ(YEN NGHIA) പ്ലംമ്പിംഗ് പദ്ധതിക്ക് സമാനമായ രീതിയില്‍ ശക്തിയുള്ള മോട്ടോര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് തോട്ടപ്പള്ളി സ്പില്‍വേയിലെ വെള്ളം കടലിലേക്ക് പമ്പ് ചെയ്യുന്നതിനുള്ള ആധുനിക സംവിധാനങ്ങള്‍ രൂപപ്പെടുത്തേണ്ടിയിരിക്കുന്നു. ഇത്തരത്തില്‍ മാത്രമേ കുട്ടനാട്ടിലെ വെള്ളപ്പൊക്കത്തിനു ശാശ്വത പരിഹാരം കാണാന്‍ സാധിക്കുകയുള്ളൂ.
4. തണ്ണീര്‍മുക്കം ബണ്ട്
രണ്ട് പ്രധാനപ്പെട്ട ലക്ഷ്യങ്ങളോടെയാണ് തണ്ണീര്‍മുക്കം ബണ്ട് സ്ഥാപിതമായത്. ഒന്ന്, ഡിസംബര്‍ മുതല്‍ ജൂണ്‍ വരെയുള്ള മാസങ്ങളില്‍ അറബിക്കടലില്‍നിന്നും കുട്ടനാട്ടിലേക്കുള്ള ഉപ്പുവെള്ളത്തിന്റെ ഒഴുക്കിനെ നിയന്ത്രിക്കുക. രണ്ട്, തുടര്‍ന്നുള്ള ആറ് മാസങ്ങളില്‍ പ്രത്യേകിച്ചു വെള്ളപ്പൊക്ക കാലങ്ങളില്‍ ബണ്ട് തുറന്നു കുട്ടനാട്ടിലുള്ള അധിക വെള്ളം അറബിക്കടലിലേക്ക് ഒഴുക്കിക്കളയുക. എന്നാല്‍, വേണ്ടത്ര ശാസ്ത്രീയ പഠനങ്ങള്‍ ഇല്ലാതിരുന്നതിനാലും, അശാസ്ത്രീയ നിര്‍മ്മാണരീതികളാലും വെള്ളപ്പൊക്കകാലത്തെ അധിക ജലം വേണ്ടത്ര വിധത്തില്‍ കടലിലേക്ക് ഒഴുക്കിക്കളയുന്നതിന്, ഈ പദ്ധതിക്കു സാധിക്കുന്നില്ല. ആയതിനാല്‍ ശാസ്ത്രീയ പഠനങ്ങളുടെ വെളിച്ചത്തില്‍ തണ്ണീര്‍മുക്കം ബണ്ടിനെ പുനര്‍ രൂപകല്പന ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
മേല്‍പ്പറഞ്ഞ പരിഹാരമാര്‍ഗങ്ങള്‍ കൂടാതെ, കുട്ടനാട്ടിലെ വെള്ളപ്പൊക്കങ്ങളെ ഒരു പരിധിവരെ എങ്കിലും നിയന്ത്രിക്കുന്നതിനു താഴെ പറയുന്ന പ്രായോഗികമായ പരിഹാര മാര്‍ഗങ്ങള്‍ പ്രയോജനപ്പെടും.
1. കുട്ടനാട്ടിലെ വെള്ളപ്പൊക്കങ്ങള്‍ക്ക് ശാശ്വതമായ പരിഹാരം കാണാന്‍ സാധിക്കാത്തത്, മാറി മാറി വരുന്ന സംസ്ഥാന സര്‍ക്കാരുകളുടെ കീഴിലുള്ള വിവിധ വകുപ്പുകളുടെ ഏകോപനമില്ലാത്ത പ്രവര്‍ത്തനങ്ങള്‍ മൂലമാണ്. കുട്ടനാടിനെ ഒരു പ്രത്യേക ജൈവ പാരിസ്ഥിതിക പ്രദേശമായി പ്രഖ്യാപിച്ചുകൊണ്ട്, അതിന്റെ ഭരണം സ്വതന്ത്ര ചുമതലയുള്ള ഒരു സിവില്‍ അഡ്മിനിസ്‌ട്രേറ്ററുടെ കീഴിലാക്കുക. അത്തരത്തില്‍ വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി ഏകോപിപ്പിക്കാന്‍ സാധിക്കും.
2. ടൂറിസത്തിനു വലിയ സാധ്യയുള്ള പ്രദേശമായതിനാല്‍, കുട്ടനാടിന് അകത്തും, പുറത്തുനിന്നുമുള്ള ഒരുപാടു സ്വകാര്യ ഏജന്‍സികള്‍ അവിടെ വന്‍ തോതില്‍ ഭൂമി നികത്തുകയും നിയമ വിധേയമല്ലാതെ പ്രവര്‍ത്തിക്കുകയും ചെയ്യുന്നുണ്ട്. ആയതിനാല്‍ നിലവിലുള്ള തണ്ണീര്‍ത്തട നിയമങ്ങള്‍ ആവശ്യമായ രീതിയില്‍ ഭേദഗതി ചെയ്തും, മോനിട്ടേഡ് ടൂറിസം പദ്ധതികള്‍ നടപ്പിലാക്കിയും മേല്‍പ്പറഞ്ഞ പ്രശ്‌നത്തിനു പരിഹാരം കാണേണ്ടതുണ്ട്.
3. വേമ്പനാട്ടു കായലിനെ അറബിക്കടലുമായി ബന്ധിപ്പിക്കുന്ന എകദേശം 15 ഓളം പൊഴികള്‍ ഉണ്ട്. ഈ പൊഴികളില്‍ വേണ്ട ശാസ്ത്രീയ പഠനങ്ങള്‍ നടത്തിയശേഷം അവയെ പുലിമുട്ടുകളായി രൂപകല്പ്പന ചെയ്താല്‍ കുട്ടനാട്ടില്‍ നിന്നും അധികമുള്ള വെള്ളം ഒഴുകിപോകാന്‍ അവ ഉപകരിക്കും. സമയാസമയങ്ങളില്‍ വൃത്തിയാക്കിയും, കണ്ടല്‍ക്കാടുകള്‍ വെച്ചുപിടിപ്പിച്ചും ഈ പൊഴികളെ വേണ്ട വിധത്തില്‍ സംരക്ഷിക്കാന്‍ സാധിക്കും.
വര്‍ഷം തോറുമുള്ള വെള്ളപ്പൊക്കങ്ങളുടെ പരിണിത ഫലമായി തകരുന്നത് നിലനില്‍പ്പിനായി പരിശ്രമിക്കുന്ന ഒരു ജനതയുടെ സ്വപ്നങ്ങള്‍ മാത്രമല്ല; മറിച്ച് പരിസ്ഥിതിയുടെ ഏറെ വൈവിധ്യങ്ങള്‍ നിറഞ്ഞ ഒരു തനത് ആവാസ വ്യവസ്ഥകൂടിയാണ്. ഈ ആവാസ വ്യവസ്ഥ സംരക്ഷിക്കാനുള്ള ഒരു ജനതയുടെ പരിശ്രമങ്ങളെ 'സേവ് കുട്ടനാട്' എന്ന ആപ്തവാക്യം ഉയര്‍ത്തിക്കൊണ്ട് അവര്‍ നിലവിളിക്കുമ്പോള്‍, അതിനെ ഗൂഢ രാഷ്ട്രീയ ലക്ഷ്യങ്ങളുള്ള വെറും ജല്പനങ്ങളായി ലേബല്‍ ചെയ്യുന്നവര്‍ കുട്ടനാടിനെ നെഞ്ചിലേറ്റുന്ന പാവപ്പെട്ട ജനതയെ മാനിക്കാത്ത വെറും രാഷ്ട്രീയ കോമരങ്ങള്‍ മാത്രമാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.