ഒട്ടാവ: കാനഡയില്‍ ഒരാഴ്ച്ചയ്ക്കിടെ നാലു കത്തോലിക്ക പള്ളികള്‍ തീവച്ചു നശിപ്പിച്ചു. പടിഞ്ഞാറന്‍ കാനഡയില്‍ തദ്ദേശീയ മേഖലയില്‍ രണ്ട് കത്തോലിക്കാ പള്ളികളാണ് ശനിയാഴ്ച്ച പുലര്‍ച്ചെ അക്രമികള്‍ തീവച്ചുനശിപ്പിച്ചത്. ബ്രിട്ടീഷ് കൊളംബിയയില്‍ ലോവര്‍ സിമില്‍കമീന്‍ ഇന്ത്യന്‍ ബാന്‍ഡ് മേഖലയിലുള്ള സെന്റ് ആന്‍സ് കത്തോലിക്ക പള്ളിക്കും ചോപ്ക പള്ളിക്കുമാണ് ശനിയാഴ്ച്ച രാവിലെ ഒരു മണിക്കൂര്‍ സമയത്തിനിടയില്‍ തീയിട്ടത്. തീപിടിത്തത്തില്‍ രണ്ട് പള്ളിക്കെട്ടിടങ്ങളും പൂര്‍ണമായും കത്തിനശിച്ചു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നു റോയല്‍ കനേഡിയന്‍ മൗണ്ടഡ് പോലീസിലെ സര്‍ജന്റ് ജേസണ്‍ ബെയ്ഡ പറഞ്ഞു.
ചോപ്ക പള്ളിക്ക് തീപിടിച്ചതായി അതിരാവിലെ തനിക്ക് ഒരു കോള്‍ ലഭിച്ചതായി ലോവര്‍ സിമില്‍കമീന്‍ ഇന്ത്യന്‍ ബാന്‍ഡ് പ്രദേശത്തിന്റെ ചീഫ് കീത്ത് ക്രോ പറഞ്ഞു, അരമണിക്കൂറിനകം സ്ഥലത്ത് എത്തിയപ്പോഴേക്കും പള്ളി കത്തിനശിച്ചിരുന്നു.
'സംഭവം വളരെയേറെ അസ്വസ്ഥതയുണ്ടാക്കുന്നതാണ്. ഇത്തരം പ്രവര്‍ത്തികളില്‍നിന്ന് പോസിറ്റീവ് ആയി ഒന്നും ലഭിക്കുന്നില്ല. തദ്ദേശീയ ഗോത്രവിഭാഗങ്ങളിലെ പലരും കത്തോലിക്ക സഭാംഗങ്ങളാണെന്നും പള്ളിക്കെതിരേയുള്ള ആക്രമണങ്ങളില്‍ അവര്‍ അസ്വസ്ഥരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പെന്റിക്റ്റണിലെ സേക്രട്ട് ഹാര്‍ട്ട് കത്തോലിക്ക പള്ളി തീവച്ചു നശിപ്പിച്ച നിലയില്‍
കഴിഞ്ഞ തിങ്കളാഴ്ച്ച രണ്ട് കത്തോലിക്കാ പള്ളികള്‍ തീവച്ചു നശിപ്പിച്ചിരുന്നു. പെന്റിക്റ്റണിലും ഒലിവറിലുമുള്ള പള്ളികള്‍ക്കാണ് തീയിട്ടത്. രാജ്യം തദ്ദേശീയ ദിനം ആചരിച്ച ദിനത്തിലാണ് ഈ പള്ളികള്‍ക്കു തീയിട്ടത്. നാലു സംഭവങ്ങളും തമ്മില്‍ ബന്ധമുണ്ടോയെന്ന് പരിശോധിക്കാനുള്ള തീവ്രശ്രമത്തിലാണ് പോലീസ്. ഇതുവരെയും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഒരാഴ്ച്ചയ്ക്കിടെ നാലു പള്ളികള്‍ തീവച്ചുനശിപ്പിച്ചതില്‍ കത്തോലിക്ക വിശ്വാസികള്‍ കടുത്ത ആശങ്കയിലാണ്.
ബ്രിട്ടീഷ് കൊളംബിയയില്‍ അടഞ്ഞുകിടന്ന കാംലൂപ്‌സ് ഇന്ത്യന്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍നിന്ന് കുട്ടികളുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയതിനു പിന്നാലെയാണ് പള്ളികള്‍ തീവച്ചു നശിപ്പിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.