കോളനി വൽക്കരിക്കപ്പെട്ടവരുടെ ചരിത്രത്തെ നിഷേധിച്ചുകൊണ്ട് കോളനിക്കാർ അവരുടെ മേധാവിത്വം ഉറപ്പിക്കാൻ ഉപയോഗിച്ചത് പോലെ തന്നെ , ദുഖകരമെന്നു പറയട്ടെ ഇന്നത്തെ കാലഘട്ടത്തിൽ മറ്റുള്ളവരുടെ ചരിത്രം നിശബ്ദമാക്കാനുള്ള ശ്രമം, സ്വന്തം മേന്മ സ്ഥാപിക്കുന്നതിനുള്ള ഒരു പ്രധാന സംവിധാനമായി ചില ചരിത്രകാരന്മാർ വികസിപ്പിച്ചെടുത്തിട്ടുണ്ട്.
ചരിത്രത്തോടുള്ള സമീപനം, ആധിപത്യങ്ങളുടെ ആഖ്യാനം അധികാര വിനിയോഗം എന്നീ വീക്ഷണകോണുകളിൽ നിന്നുമാത്രമാവരുത്. ഇങ്ങനെയുള്ള ചരിത്രാഖ്യാനങ്ങൾക്ക് മാറ്റം വരണം. ചരിത്രകാരന്മാർ , ചരിത്രങ്ങൾ ഇല്ലാത്ത ജനതയുടെകൂടെ ചരിത്രവും പരിശോധിക്കണം. വർദ്ധിച്ചുകൊണ്ടിരിക്കുന്ന ആധിപത്യത്തിന്റെ വിവരണങ്ങൾ കാരണം ശബ്ദമില്ലാതെ തുടർന്ന ആളുകളുടെ ചരിത്രങ്ങൾ.
ഓരോ സമുദായവും അതിന്റെ ഭൂതകാലത്തിലേക്ക് നോക്കുകയും ഇന്നത്തെ അവസ്ഥയിൽ എത്തിച്ചേരാൻ കടന്ന വന്ന പാതകൾ പഠനവിഷയമാക്കുകയും വേണം. കേരളത്തിലെ സെന്റ് തോമസ് ക്രിസ്ത്യാനികൾ എന്ന സമൂഹത്തിന്റെ ഉത്ഭവവും വികാസവും സാക്ഷ്യപ്പെടുത്തുന്ന, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കണ്ടെത്തിയ പുതിയ തെളിവുകളുടെ അടിസ്ഥാനത്തിൽ, അവരുടെ ഭൂതകാലത്തെയും പരിശോധിക്കണം. എഴുതിയതും പുരാവസ്തുപരവുമായ നിരവധി തെളിവുകൾ കേരളത്തിന്റെ ആദ്യകാല ചരിത്രത്തെക്കുറിച്ച് സമീപകാലത്ത് കണ്ടെത്തിയിട്ടുണ്ട്. ഇത്തരം തെളിവുകൾ സെന്റ് തോമസ് ക്രിസ്ത്യാനികളുടെ ഭൂതകാലത്തെയും അവരുടെ അപ്പോസ്തോലിക ഉത്ഭവത്തെയും പുനർനിർമ്മിക്കുന്നതിനായി, അവ വിമർശനാത്മകമായി പഠിക്കുകയും വിശകലനം ചെയ്യുകയും വേണം.
എ ഡി ഒന്നാം നൂറ്റാണ്ടിൽ കേരളത്തിൽ 'ഐന്തിണകൾ' എന്നറിയപ്പെടുന്ന അഞ്ച് വ്യത്യസ്ത ഇക്കോ സോണുകളിലായി വ്യത്യസ്ത തൊഴിലുകളിൽ ഏർപ്പെട്ടിരുന്ന ആളുകൾ താമസിച്ചിരുന്നു. അവിടെ തിണൈകൾ തമ്മിൽ വ്യാപാരം പതിവായി നടന്നിരുന്നു. സങ്കീർണ്ണമായ ഈ എക്സ്ചേഞ്ച് സംവിധാനങ്ങൾ, പ്രാഥമികമായി ബാർട്ടർ സമ്പ്രദായത്തെ അടിസ്ഥാനമാക്കിയുള്ളതും അപൂർവമായി പണത്തെ അടിസ്ഥാനമാക്കിയുമായിരുന്നു. ഈ തിണൈകളിൽ കുറുഞ്ഞി തിണൈയിൽ നിന്നുള്ള കുരുമുളക് , മറ്റ് ഇക്കോ സോണുകളിലൂടെ റോമൻ വ്യാപാരത്തിനായി മുസിരിസിലേക്കും ബേക്കറിലേക്കും കടന്നു ചെല്ലുന്നു.
വിദേശ കച്ചവടക്കാരുടെ പ്രധാന ലക്ഷ്യം കുരുമുളകായിരുന്നു. പ്ലീനിയുടെ വിവരണമനുസരിച്ച് റോം കുരുമുളക് കച്ചവടത്തിനായി പ്രതിവർഷം ചെലവഴിച്ച തുക, സമീപകാല പണ്ഡിതന്മാർ കണക്കാക്കിയതനുസരിച്ച് റോമിന്റെ ജിഡിപിയുടെ 0.5 ശതമാനമായിരുന്നു. ഈ കണക്ക് അന്ന് നിലവിലുണ്ടായിരുന്ന കുരുമുളക് വ്യാപാരത്തിന്റെ സ്വഭാവവും അളവും സൂചിപ്പിക്കുന്നതാണ് അതിനാൽ തന്നെ കേരളത്തിൽ നല്ല രീതിയിൽ കുരുമുളക് കൃഷി ചെയ്തിരുന്നതായി അനുമാനിക്കാം. മ്യാസ് ഹോർമോസ് (Myos Hormois), ബെർനിക്കെ (Bernike) എന്നിവിടങ്ങളിൽ നിന്ന് ബാബ്-എൽ മണ്ടേബ് (Bab-el Mandeb) വഴി ഇന്ത്യയിലേക്ക് എത്താൻ ഏകദേശം 120 റോമൻ കപ്പലുകൾ ഉപയോഗിച്ചിരുന്നുവെന്ന സ്ട്രാബോയുടെ (Strabo) വിവരണങ്ങൾ ഇതോടൊപ്പം ചേർത്ത് വായിക്കണം. അവയിൽ പകുതി ലിമ്രിക്കെ വഴിയും (തമിഴകത്തിന്റെ തുറമുഖങ്ങൾ) പകുതി അരിയാക്കെ (ആര്യവർത്തം) വഴിയും എത്തിയിരുന്നു. രണ്ടാം നൂറ്റാണ്ടിൽ മുസിരിസും അലക്സാണ്ട്രിയയും തമ്മിൽ ശക്തമായ വ്യാപാരബന്ധം ഉണ്ടായിരുന്നതായി വിയന്ന പാപ്പിറസ് പറയുന്നു. ഫെർഡെറിക്കോ ഡി റൊമാനിസിനെപ്പോലുള്ള പണ്ഡിതന്മാർ വാദിക്കുന്നത് ഈ കപ്പലിലെ 88.64% ചരക്കുകളും കുരുമുളകായിരുന്നു എന്ന്.
കുരുമുളക് കേരളത്തിൽ മാത്രം ഉൽപാദിപ്പിക്കപ്പെട്ടിരുന്നുവെങ്കിലും ലോകമെമ്പാടുമുള്ള മരുന്നുകളുടെ പ്രധാന ഘടകമായി ഉപയോഗിച്ചിരുന്നതിനാൽ, ലോകമെമ്പാടുമുള്ള വ്യാപാരികൾ, പ്രത്യേകിച്ചും അക്കാലത്ത് വളരെ വലിയ ഉപഭോക്തൃ സമൂഹമായിരുന്ന റോമൻ സാമ്രാജ്യത്തിൽ നിന്നുള്ള ചരക്ക് കപ്പലുകൾ ഇത് ലഭ്യമാക്കാൻ കേരള തുറമുഖങ്ങളിൽ എത്തിയിരുന്നു.
ഇങ്ങനെ ശക്തമായ കുരുമുളക് വ്യാപാരത്തിന്റെ പശ്ചാത്തലത്തിലാണ് എ.ഡി ഒന്നാം നൂറ്റാണ്ടിലെ കേരളത്തെ കാണേണ്ടതും സെന്റ് തോമസിന്റെ വരവിനെയും അവലോകനം ചെയ്യേണ്ടത്. തീരദേശ പടിഞ്ഞാറൻ ഇന്ത്യ, സോക്കോത്ര , മ്യാസ് ഹോർമോസ്,ബെർനിക്കെ , അലക്സാണ്ട്രിയ എന്നീ തുറമുഖങ്ങളിൽ നിന്നും ഒറ്റപ്പെട്ടായിരുന്നില്ല അന്ന് നിലനിന്നത്. സോക്കോത്രയിലെ ഹോക്ക് ഗുഹയിൽ നിന്ന് അടുത്തിടെ കണ്ടെത്തിയ ലിഖിതങ്ങൾ ഇതിലേക്ക് കൂടുതൽ വെളിച്ചം വീശുന്നു. ഈ ലിഖിതങ്ങളിൽ 193 ബ്രാഹ്മി ലിഖിതങ്ങൾ (ഇന്ത്യൻ ലിപികളും) ഉണ്ടായിരുന്നു. എ ഡി ഒന്നാം നൂറ്റാണ്ട് മുതൽ എ ഡി 5 നൂറ്റാണ്ട് വരെ അവിടം സന്ദർശിച്ച 117 ഓളം ഇന്ത്യൻ, ബുദ്ധ നാവികരുടെയും സന്ദർശകരുടെയും പേര് രേഖപ്പെടുത്തിയിരിക്കുന്നു.
ചെങ്കടൽ തുറമുഖങ്ങളായ ബെർനിക്കെ, ഖുസിയർ ,അൽ-ഖാദിം എന്നിവിടങ്ങളിൽ നിന്നും കറുപ്പൻ , കണ്ണൻ , ചാത്തൻ തുടങ്ങിയ വ്യക്തിപരമായ പേരുകളുള്ള തമിഴ്-ബ്രാഹ്മി ആലേഖനം ചെയ്ത പുരാവസ്തുക്കൾ കണ്ടെത്തിയത് ഈജിപ്തിലെ റോമൻ വ്യാപാര കേന്ദ്രങ്ങളുമായുള്ള തമിഴകത്തിന്റെ ബന്ധത്തെ സൂചിപ്പിക്കുന്നു. റോമുമായുള്ള വ്യാപാരം ശക്തമായ ഈ പശ്ചാത്തലത്തിൽ കേരളത്തിൽ സെന്റ് തോമസിന്റെ വരവിനുള്ള സാധ്യത നിഷേധിക്കാനാവാത്തതാണ്.
(കടപ്പാട് : ഡോ. പയസ് മലേക്കണ്ടത്തിൽ. ജെ എൻ യു. ന്യൂ ഡൽഹി )
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.